ഡോ. തോമസ് പണിക്കര്‍
വിഷാദരോഗം ഏതു പ്രായക്കാരെയും പിടികൂടാം.
കോവിഡ് കാലത്തും അതിനു ശേഷവും വിഷാദരോഗത്തിൻ്റെ കാര്യത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിരിക്കുന്നതായാണ് കണക്കുകള്‍. ലോക്ഡൗണും ഐസൊലേഷനും ഓണ്‍ലൈന്‍ ക്ലാസുകളും വര്‍ക്ക് ഫ്രം ഹോമുമെല്ലാം വിഷാദരോഗത്തിന്‍റെ ആധിക്യം കൂട്ടിയവയാണ്.
എന്തൊക്കെയാണ് വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങള്‍?
സാധാരണ രാവിലെ ആറുമണിക്ക് ഉണരുന്ന വ്യക്തി രണ്ടു മണിക്കൂര്‍ നേരത്തെ ഉറക്കം ഉണരുന്നു. പിന്നീട് എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. ഇതു തുടരുകയാണെങ്കില്‍ ചിലപ്പോള്‍ വിഷാദരോഗത്തിന്റെ ലക്ഷണമാവാം
രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്ക്കുന്ന വിഷാദമാണ് ആദ്യലക്ഷണം. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇതു തുടരാം. എന്തെങ്കിലും പ്രത്യേക കാരണങ്ങളോ ഏതെങ്കിലും വ്യക്തിയുടെ ഇടപെടലോ ഒന്നും ഇതിന് ആവശ്യമില്ല. ഒരിക്കല്‍ വളരെ ആസ്വദിച്ചു ചെയ്തിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ ചെയ്യാനുള്ള വൈമുഖ്യമാണ് അടുത്ത ലക്ഷണം. ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ല. പത്രം വായിക്കുന്നതിലും ടിവി കാണുന്നതിലും സിനിമയ്ക്കു പോകുന്നതിലും സന്തോഷം കണ്ടെത്തിയിരുന്ന ആള്‍ക്ക് അതിലൊക്കെയുള്ള സന്തോഷവും താത്പര്യവും പെട്ടെന്നു നഷ്ടപ്പെടുന്നു. അകാരണമായ ക്ഷീണമാണ് മൂന്നാമത്തെ ലക്ഷണം. അധ്വാനത്തിൻ്റെ ഫലമായുള്ള ക്ഷീണമല്ല ഇത്. ഒന്നും ചെയ്യാതിരിക്കുമ്പോഴും കലശലായ ക്ഷീണം. രാവിലെ മുതല്‍ വൈകുന്നേരം വരെ കിടക്കാനാണ് ഇഷ്ടം. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍പോലും എഴുന്നേറ്റു പോകാന്‍ താത്പര്യമില്ല. ഉറക്കക്കുറവാണ് അടുത്ത ലക്ഷണം. സാധാരണ രാവിലെ ആറുമണിക്ക് ഉണരുന്ന വ്യക്തി രണ്ടു മണിക്കൂര്‍ നേരത്തെ ഉറക്കമുണരുന്നു. പിന്നീട് എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. വിശപ്പുകുറവ്, ഭക്ഷണം കഴിക്കാന്‍ മടി, ഏകാഗ്രതയില്ലായ്മ , ഒരു ചോദ്യത്തിന് കൃത്യതയോടെ മറുപടി പറയാന്‍ കഴിയാതെ വരിക എന്നിവയും വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങളില്‍ പെടുന്നു.
വിഷാദാത്മകമായ ചിന്തകളാണ് മറ്റൊന്ന്. വിഷാദരോഗി സ്വയം ഒരു പരാജയമായി വിലയിരുത്തുന്നു. താന്‍ തൻ്റെ പ്രിയപ്പെട്ടവര്‍ക്കു ബാധ്യതയാണ്; ജീവിതത്തില്‍ പ്രതീക്ഷിക്കാനൊന്നുമില്ല… ഇങ്ങനെ പോകുന്നു അവരുടെ ചിന്തകള്‍. അകാരണവും അമിതവുമായ കുറ്റബോധവും കണ്ടുവരുന്നുണ്ട്. മുമ്പെങ്ങോ ചെയ്ത നിസാര കാര്യങ്ങള്‍ പോലും വലിയ തെറ്റായി തോന്നുകയും, അതില്‍ ശക്തമായ കുറ്റബോധം അനുഭവിക്കുകയും ചെയ്യുന്നു. ഇതേ ത്തുടര്‍ന്നാണ് ഇത്തരക്കാരില്‍ ആത്മഹത്യാ പ്രവണത ഉടലെടുക്കുന്നത്. വിഷാദരോഗം ഏതു പ്രായക്കാരെയും പിടികൂടാം. കുട്ടികളിലും കൗമാരക്കാരിലും ഇതുകണ്ടുവരാറുണ്ട്. പഠനത്തിലുളള താത്പര്യമില്ലായ്മയും, സാധനങ്ങള്‍ വലിച്ചെറിയുംവിധമുള്ള അമിതദേഷ്യവും കുട്ടികളിലെ വിഷാദ രോഗത്തിൻ്റെ ലക്ഷണങ്ങളില്‍പ്പെടുന്നു. അമിതമായ ഉറക്കവും ഭക്ഷണാസക്തിയും കൗമാരക്കാരിലെ വിഷാദരോഗ ലക്ഷണങ്ങളാണ്. ലഹരിയോടുള്ള ആഭിമുഖ്യമാണ് ചെറുപ്പക്കാരിലെ മറ്റൊരു പ്രധാനലക്ഷണം. മധ്യവയസ്കരില്‍ ഇതു പ്രത്യക്ഷപ്പെടുന്നത് ശാരീരികമായ അസ്വസ്ഥതകളായിട്ടാണ്. വിട്ടുമാറാത്ത തലവേദന, സന്ധിവേദന, വയറെരിച്ചില്‍, തരിപ്പ്, മരവിപ്പ് ഇങ്ങനെപോകുന്നു അക്കൂട്ടരിലെ രോഗലക്ഷണങ്ങള്‍.
എന്തുകൊണ്ട് വിഷാദരോഗം? തീര്‍ച്ചയായും ജനിതകകാരണങ്ങളുണ്ട്; സാമൂഹിക കാരണങ്ങളുമുണ്ട്. തലച്ചോറിലെ രാസപദാര്‍ഥങ്ങളുടെ വ്യതിയാനവും വിഷാദരോഗത്തിലേക്കു നയിക്കാം. വിഷാദരോഗം തീര്‍ച്ചയായും ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന രോഗമാണ്. പലതരം ചികിത്സകള്‍ നിലവിലുണ്ട്. കൗണ്‍സലിംഗ് മുതല്‍ മരുന്നു ചികിത്സവരെ അതില്‍പ്പെടുന്നു. രോഗത്തിൻ്റെ തീവ്രത അടിസ്ഥാനമാക്കിയാവണം ചികിത്സയുടെ തെരഞ്ഞെടുപ്പ്. ഫലപ്രദമായചികിത്സ ലഭ്യമാക്കിയാല്‍ ആത്മഹത്യാ പ്രവണതകളില്‍ നിന്നു രോഗിയെ വിമോചിപ്പിക്കാനാവും. വിഷാദരോഗത്തിന് മരുന്നു കഴിക്കണം എന്നുപറയുമ്പോള്‍, ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ടി വരുമോ എന്നു ഭയപ്പെടുന്നവരുണ്ട്. സാധാരണ ഒമ്പതുമാസം മുതല്‍ ഒരു വര്‍ഷംവരെ മരുന്നു കഴിക്കേണ്ടി വരാം. അതിനുശേഷം ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നു കുറയ്ക്കുകയോ പൂര്‍ണമായും നിര്‍ത്തുകയോ ചെയ്യാവുന്നതാണ്.