കുറേക്കൂടി വാക്കിനും ജീവിതത്തിനുമിടയിലെ പൊരുത്തം എനിക്കു തരണമേ, ദൈവമേ!
ക്രിസ്തുമസ് കാലത്ത് വീട്ടകങ്ങളിലും ദേവാലയങ്ങളിലുമൊക്കെ നിശ്ചയമായും ഒരുക്കുന്ന ഒന്നാണ് ക്രിസ്തുമസ് ക്രിബ്. ക്രിസ്തുമസുമായി ബന്ധപ്പെട്ട നമ്മുടെ മനോഹരമായ ഓര്‍മകളെല്ലാം ഈ ക്രിബിനെ വലംചുറ്റിയുള്ളതാണ്. അസീസിയിലെ ഫ്രാന്‍സിസാണ് ലോകത്ത ക്രിസ്തുമസ് ക്രിബിൻ്റെ ആദ്യമാതൃകയുണ്ടാക്കിയതെന്നു പറയപ്പെടുന്നു. നമ്മള്‍ വീണ്ടും വീണ്ടും സന്ദര്‍ശിക്കേണ്ട ഒരു ഓര്‍മയായിട്ടാണ് ഫ്രാന്‍സിസ് ക്രിബിനെ കണ്ടിരുന്നത്. കേള്‍ക്കുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ മനസില്‍ പതിയുന്നത് കാണുന്ന ദൃശ്യങ്ങളല്ലേ. ഓരോ ക്രിസ്തുമസ് കാലത്തും ഈ പുല്‍ക്കൂട്ടിലേക്ക് നമ്മുടെ ഓര്‍മകള്‍ പോകുന്നുണ്ട്. ഗായകസംഘത്തിൻ്റെ ഈരടികളില്‍ ഉറക്കെ മുഴങ്ങുന്നതാണ് ബേത്ലഹേം എന്ന പദം. ബേത്ലഹേം എന്ന സങ്കല്പത്തെ ഒരു ജീവിതശൈലിയാക്കിയെടുക്കാവുന്നതാണ്. യേശുവിനെ നമ്മള്‍ മനസിലാക്കേണ്ടത് ഒരു ജീവിത വീക്ഷണത്തിന്‍റെ പേരായിട്ടാണ്; ഒരു വേ ഓഫ് ലിവിങ് ആയി… ഞാന്‍ വഴിയാകുന്നു എന്നൊക്കെയാണല്ലോ യേശു പറഞ്ഞത്. ജീവിതക്രമമെന്നാണ് അതിൻ്റെ അര്‍ഥം. നമ്മള്‍ പാലിക്കേണ്ട, നമുക്ക് അഴകോടെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു ജീവിതശൈലിയുടെ പേരാണ് യേശു. അസീസിയിലെ ഫ്രാന്‍സിസുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. ദീര്‍ഘമായ കാര്യങ്ങളൊക്കെ ക്രിസ്തുമസ് രാത്രിയില്‍ സംസാരിക്കുമ്പോള്‍ അതിൻ്റെ ഭംഗി ചോര്‍ന്നു പോവുമെന്നു ഫ്രാന്‍സിസ് മനസിലാക്കിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് പള്ളിയാണെന്ന ചിന്തപോലും മറന്ന് അദേഹം വിളിച്ചുപറഞ്ഞു, അങ്ങ് നിശബ്ദനാവുകയാണെങ്കില്‍ പുല്‍ക്കൂട്ടിലെ ഉണ്ണിയുടെ കരച്ചില്‍ കേള്‍ക്കാന്‍ പറ്റും. അതുകൊണ്ട് അധികം വിചിന്തനങ്ങള്‍ക്കോ വായനയ്ക്കോ പറ്റിയ വേളയല്ല ക്രിസ്തുമസ് രാവ്. ഉണ്ണി നിങ്ങളോട് എന്താണു പറയാന്‍ ശ്രമിക്കുന്നത്? അതിന് ഒരു നിമിഷമൊന്നു കാതോര്‍ക്കുക. വചനം മാംസമാവുക എന്ന വാക്കാണ് ഉണ്ണി എന്നോടു സംസാരിക്കുന്നത്. ഒരുപാട് അര്‍ഥങ്ങള്‍ അതിനുണ്ടെങ്കിലും, എന്‍റേതായ രീതിയില്‍ ഞാന്‍ അതിനെ മനസിലാക്കാന്‍ ശ്രമിക്കുന്നത് ഇങ്ങനെ: പരികല്പന ജീവിതമാകുക. എന്തുമാത്രം ആശയങ്ങളാണ് നമുക്കു നമ്മുടെ ലോകത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചുമെല്ലാം ഉളളത്.
കരുണയും നീതിയുമൊക്കെ നാം അത്യധികം ഓമനിക്കുന്ന പദങ്ങളാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ പദങ്ങള്‍ നമ്മിലാരിലും മാംസമാകാത്തത്?
എന്തുകൊണ്ടാണ് ഈ വാക്കിനും ജീവിതത്തിനുമിടയില്‍ ഇത്ര അകലമുണ്ടാകുന്നത്? അതിലൊക്കെ ആവശ്യത്തിലേറെ ഖേദമുളള ഒരാളെന്ന നിലയില്‍ ഞാന്‍ വിചാരിക്കുന്നത്, ഈ ക്രിസ്തുമസിനു പുൽക്കൂട് എന്നോടു മന്ത്രിക്കുന്നത് അതായിരിക്കുമെന്നാണ്. നമുക്കൊരു ചിത്രകാരനുണ്ട്, വാന്‍ഗോഗ്. ജീവിച്ചിരുന്ന കാലത്ത് വേണ്ടത്ര ശ്രദ്ധയൊന്നും കിട്ടാതെ പോയ മനുഷ്യനാണ്. അയാള്‍ സ്യൂയിസൈഡിലാണ് കാര്യങ്ങള്‍ അവസാനിപ്പിച്ചത്. പക്ഷേ ഇന്നു ലോകത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ വിറ്റഴിക്കപ്പെടുന്നത് അദേഹത്തിന്‍റേതാണ്. സൂര്യനെ ആധാരമാക്കിയായിരുന്നു അയാളുടെ അവസാന ചിത്രരചന. സൂര്യനെ നിരീക്ഷിക്കാന്‍ വേണ്ടി ഒരുപാട് തവണ കടല്‍ത്തീരത്തുപോയിരുന്നു. അങ്ങനെ കണ്ണിനു തന്നെ കാഴ്ചയ്ക്കു പ്രശ്നമുണ്ടായി. ഇനി കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നു മനസിലായപ്പോള്‍ അയാള്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങി. ചിത്രം വരച്ചുകഴിഞ്ഞതിനു ശേഷം അയാള്‍ തൻ്റെ കൈത്തോക്കെടുത്ത് ആത്മഹത്യയ്ക്കുള്ള വെടി മുഴക്കി. പക്ഷേ രണ്ടു ദിവസം കഴിഞ്ഞാണ് മരിക്കുന്നത്. ഡോക്ടര്‍ അയാളോട് അതിൻ്റെ കാരണം ആരാഞ്ഞു. അപ്പോള്‍ അതിന് ഈ മനുഷ്യന്‍ പറഞ്ഞ മറുപടി, ഒരുപക്ഷേ ആരെങ്കിലും അയാളുടെ പേരില്‍ അത്മെ നഞ്ഞെടുത്തതുമാവാം, ഇങ്ങനെയായിരുന്നു: എൻ്റെ സ്വപ്നത്തിലെ സൂര്യനെ എനിക്കു വരയ്ക്കാന്‍ പറ്റിയിട്ടില്ല. എനിക്കു തോന്നുന്നു, ഒരു ക്രിസ്തുമസും പുല്‍ക്കൂടും ബേത്ലഹേമുമൊക്കെ എന്‍റെ ഉള്ളില്‍ മുഴങ്ങുന്നത് അങ്ങനെയാണ്. എനിക്കെന്തുകൊണ്ടാണ് ഈ സ്വപ്നത്തിലെ സൂര്യനെ വരയ്ക്കാന്‍ പറ്റാത്തത്? കുറഞ്ഞപക്ഷം, സ്വപ്നത്തിലെ സൂര്യനും വരച്ച സൂര്യനും തമ്മിലുള്ള അകലം എന്താണ് എന്നെ ഭാരപ്പെടുത്താത്തത്? വചനം മാംസമാകട്ടെ. കുറേക്കൂടി വാക്കിനും ജീവിതത്തിനുമിടയിലെ പൊരുത്തം എനിക്കു തരണമേയെന്നു ഭൂമിയുടെ കാല്പാദങ്ങളെ നമസ്കരിച്ച് പ്രാര്‍ഥിക്കുന്നു.