ഡോ. പോളി മാത്യു മുരിക്കന്‍
വിശ്വാസത്തിലൂന്നിയ, വിശ്വസ്തതയോടെയുള്ള ഒരു തീര്‍ഥയാത്രയാണ് ദത്തെടുക്കല്‍. നടപടിക്രമങ്ങളും നൂലാമാലകളും സങ്കീര്‍ണമാണെങ്കിലും മനശക്തിയുടെ ഒരു പരീക്ഷണമാണത്. ഉപേക്ഷിക്കപ്പെട്ട, അനാഥനായ, പുറന്തള്ളപ്പെട്ട ഓരോ കുഞ്ഞിനും കുടുംബാന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശമാണ് ഇതിലൂടെ ഉറപ്പിക്കപ്പെടുന്നത്. തിരുവചനത്തിൻ്റെ പ്രത്യക്ഷമായ പ്രതിഫലനമെന്നാണ് പ്രശസ്ത അമേരിക്കന്‍ തത്വചിന്തകന്‍ ജോണ്‍ സ്റ്റീഫന്‍ പിപ്പര്‍ ദത്തെടുക്കല്‍ നടപടിയെ വിശേഷിപ്പിച്ചത്. രക്തബന്ധമല്ല, അതിനേക്കാള്‍ ദൃഢമായ സ്നേഹബന്ധമാണ് അവിടെ പ്രകാശിതമാകുന്നത്.
അന്താരാഷ്ട്ര നിയമസംഹിതകള്‍
അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടിയുടെ ഒന്നാം അനുഛേദം ഇപ്രകാരം പറയുന്നു: “എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു. അവകാശങ്ങളിലും അന്തസിലും തുല്യര്‍. മറ്റുള്ളവരോടു സാഹോദര്യത്തോടെ ഇടപെടേണ്ടവര്‍” സമൂഹത്തിൻ്റെ അവിഭാജ്യഘടകമാണ് കുടുംബം. കുടുംബപശ്ചാത്തലത്തില്‍ ജീവിക്കാനുള്ള ഒരുവൻ്റെ അവകാശം വിലപ്പെട്ടതാണ്. അനാഥര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും ഈ അവകാശത്തിനു തുല്യരീതിയില്‍ അര്‍ഹതയുണ്ട്. കുട്ടികളുടെ ദത്തെടുക്കലിന് അന്തര്‍ദേശീയ തലത്തില്‍ വ്യക്തമായ നിയമം നിലവിലുണ്ട്. അതാണ് 1993ലെ ഹേഗ് ഉടമ്പടിയിലൂടെ നിലവില്‍ വന്നത്. 2003ല്‍ ഇന്ത്യ ഈ ഉടമ്പടി അംഗീകരിച്ച് അതില്‍ പങ്കാളിയായി.
പിന്തുടരേണ്ട മൗലികതത്വങ്ങള്‍
ദത്തെടുക്കലില്‍ പിന്തുടരേണ്ട ചില മൗലികപ്രമാണങ്ങളുണ്ട്. കുട്ടിയുടെ താത്പര്യങ്ങള്‍ക്കും അന്തസാര്‍ന്ന ബാല്യകാല ജീവിതത്തിനും പ്രഥമപരിഗണന നല്‍കണം. വിദേശീയരെ അപേക്ഷിച്ച് സ്വദേശികള്‍ക്കാണ് ദത്തെടുക്കലിന് മുന്‍ഗണന. വിവരങ്ങളുടെ രഹസ്യാത്മകത നിലനിര്‍ത്തേണ്ട നിയമപരമായ ബാധ്യതയാണ് മറ്റൊരു വിലപ്പെട്ട തത്വം. അപേക്ഷകളെല്ലാം അംഗീകൃത പോര്‍ട്ടലിലൂടെ മാത്രമേ നല്കാനാവൂ.
എന്താണ് ദത്തെടുക്കല്‍?
2015ലെ ബാലനീതി നിയമം (പരിചരണം, സംരക്ഷണം) രണ്ടാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് ദത്തെടുക്കലിനെ വിശദീകരിക്കുന്നത് ഇങ്ങനെ: ദത്തെടുക്കലിലൂടെ ദത്തെടുക്കപ്പെടുന്ന കുട്ടി തൻ്റെ സ്വാഭാവികമോ അല്ലെങ്കില്‍ ജീവശാസ്ത്രപരമോ ആയ മാതാപിതാക്കളില്‍നിന്നും സ്ഥിരമായിവേര്‍പെട്ടുകൊണ്ട്, ദത്തെടുക്കുന്ന മാതാപിതാക്കളുടെ കുട്ടിയായി സര്‍വ അവകാശങ്ങളോടും ഉത്തരവാദിത്വങ്ങളോടും സംരക്ഷണങ്ങളോടും കൂടെ രൂപാന്തരപ്പെടുന്നു.
അപേക്ഷകരുടെ യോഗ്യതകള്‍
ശാരീരികവും മാനസികവും വൈകാരികവുമായ സുസ്ഥിരത, സാമ്പത്തികഭദ്രത ഇവ അപേക്ഷകര്‍ക്ക് അനിവാര്യം. ജീവനു ഭീഷണിയാകുന്ന രോഗസാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ടവരാകാനും പാടില്ല. കുട്ടികളുള്ള മാതാപിതാക്കള്‍ക്കും ദത്തെടുക്കല്‍ അനുവദനീയമാണ്. വിവാഹിതരെങ്കില്‍ ഭര്‍ത്താവിൻ്റെയും ഭാര്യയുടെയും പ്രത്യേകം പ്രത്യേകം സമ്മതം നിര്‍ബന്ധം. ഏകസ്ഥജീവിതം നയിക്കുന്ന സ്ത്രീയ്ക്ക് ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ ദത്തെടുക്കാം. എന്നാല്‍ ഏകസ്ഥനായ പുരുഷന് പെണ്‍കുഞ്ഞിനെ ദത്തെടുക്കാനാവില്ല. ദത്തെടുക്കുന്നതു ദമ്പതിമാരെങ്കില്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും സുസ്ഥിരദാമ്പത്യം നയിച്ചുപോരുന്നവരായിരിക്കണം.
ദത്തെടുക്കലിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ദമ്പതികള്‍ക്കുള്ള പ്രായവും പ്രധാനമാണ്. രണ്ടു വയസുവരെ പ്രായമുള്ള കുഞ്ഞിനെയാണ് ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, 2022ലെ പുതുക്കിയ ദത്തെടുക്കല്‍ ചട്ടമനുസരിച്ച് ദമ്പതികള്‍ ഇരുവരുടെയും ആകെ പ്രായം 85 കവിയാന്‍ പാടില്ല. ദത്തെടുക്കാന്‍ അപേക്ഷിക്കുന്നത് ഏകസ്ഥനോ ഏകസ്ഥയോ എങ്കില്‍ പ്രായം 40 കവിയരുത്. രണ്ടു വയസിനും നാലു വയസിനുമിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോള്‍ പങ്കാളികള്‍ ഇരുവരുടേയും മൊത്തം പ്രായം 90 കവിയരുത്. ഏകസ്ഥരെങ്കില്‍ 45 വയസു കഴിയാനും പാടില്ല. നാലു വയസിനും എട്ടു വയസിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോള്‍ ദമ്പതികളുടെ മൊത്തം പ്രായം 100 കവിയരുത്. ഏകസ്ഥരെങ്കില്‍ പരമാവധി 50 വയസ്. എട്ടിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന ദമ്പതികളുടെ മൊത്തം പ്രായം 110 കവിയരുത്. ഏകസ്ഥരെങ്കില്‍ പരമാവധി 55 വയസ്. കുട്ടിയും ദത്തെടുക്കുന്നവരും തമ്മില്‍ ചുരുങ്ങിയത് 25 വര്‍ഷത്തെ പ്രായവ്യത്യാസം അനിവാര്യം. ദത്തെടുക്കുന്നത് ബന്ധുവോ സ്റ്റെപ് പേരന്‍റോ എങ്കില്‍ പ്രായവ്യത്യാസം ബാധകമല്ല. മൂന്നോ മൂന്നിലധികമോ കുട്ടികളുള്ള ദമ്പതികള്‍ക്കു ദത്തെടുക്കാന്‍ വിലക്കുണ്ട്. എന്നാല്‍ മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളേയോ, പ്രത്യേകം സംരക്ഷണമര്‍ഹിക്കുന്ന കുട്ടികളേയോ ദത്തെടുക്കുമ്പോള്‍ ഈ നിബന്ധനയ്ക്ക് ഇളവു കിട്ടും.
സമര്‍പ്പിക്കേണ്ട രേഖകള്‍
ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഏറ്റവും അടുത്ത കാലത്തെ കുടുംബഫോട്ടോ, പാന്‍കാര്‍ഡ്, ജനനസര്‍ട്ടിഫിക്കറ്റ്, താമസം തെളിയിക്കുന്നതിനുള്ള ആധാര്‍കാര്‍ഡ്, വരുമാനരേഖയായി ശമ്പളസ്ലിപ്, ഐ.ടി റിട്ടേണ്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ശാരീരിക, മാനസികക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. ദമ്പതികളെങ്കില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
വിവാഹമോചിതരെങ്കില്‍ വിവാഹമോചനഡിക്രി, പങ്കാളി മരിച്ചുപോയെങ്കില്‍ അതു തെളിയിക്കുന്ന രേഖഇവയും ആവശ്യമാണ്. കൂടാതെ, ബന്ധുക്കളുടേയോ അടുത്ത പരിചയമുള്ളവരുടേയോ രണ്ടു റഫറന്‍സ് കത്തുകളും നിര്‍ബന്ധം.രാജ്യത്തിനകത്തു നിന്നാണ് ദത്തെടുക്കലിനുള്ള അപേക്ഷകനെങ്കില്‍ 50,000 രൂപയും, അപേക്ഷകന്‍ വിദേശിയെങ്കില്‍ 5,000 യു.എസ്. ഡോളറും ദത്തെടുക്കല്‍ ഫീസായി നല്കണം. ദത്തെടുക്കല്‍ പ്രക്രിയയ്ക്കുള്ള മറ്റ് അംഗീകൃത ചെലവുകളും വഹിക്കണം. 2015ലെ ബാലനീതിനിയമവും 2016ലെ ബാലനീതി മാതൃകാചട്ടങ്ങളും 2017ലെയും 2022ലെയും ദത്തെടുക്കല്‍ ചട്ടങ്ങളും നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവരോ, കുട്ടികളുടെ അവകാശലംഘനവുമായി ബന്ധപ്പെട്ടു കുറ്റാരോപിതരോ ആകാന്‍ പാടില്ലെന്നു 2022ല്‍ പരിഷ്കരിച്ച ദത്തെടുക്കല്‍ ചട്ടം വ്യവസ്ഥ ചെയ്യുന്നു.
റിസോഴ്സ് സമിതികളും ജില്ലാ മജിസ്ട്രേറ്റ് സംവിധാനവും
ദത്തെടുക്കല്‍ നടപടികള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും റിസോഴ്സ് അഥോറിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരുകള്‍ പ്രത്യേകം അംഗീകരിച്ചിട്ടുള്ള ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ ദത്തെടുക്കല്‍ സാധ്യമാകൂ. ഇതിന് ആശുപത്രികളെയോ നേഴ്സിംഗ് ഹോമുകളെയോ ശിശുപരിപാലന കേന്ദ്രങ്ങളെയോ അനധികൃത സ്ഥാപനങ്ങളെയോ വ്യക്തികളെയോ സമീപിക്കാന്‍ പാടില്ല. ദത്തെടുക്കലിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തെറ്റായ രേഖകള്‍ ഹാജരാക്കിയാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ഇടനിലക്കാര്‍ക്ക് ഈ രംഗത്ത് ഒരു സ്ഥാനവുമില്ല. അവരാല്‍ വഞ്ചിക്കപ്പെടാതിരിക്കാനും തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധ വേണം. ജില്ലാ ശിശുപരിപാലന സമിതികള്‍ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ സമിതികള്‍ക്കും സവിശേഷമായ ചുമതല നിര്‍വഹണമുണ്ട്. ദത്തെടുക്കാന്‍ കഴിയുന്ന കുട്ടികളെ കണ്ടെത്തേണ്ടത് ജില്ലാ ശിശുസംരക്ഷണ സമിതികളാണ്. ശിശുപരിപാലനകേന്ദ്രത്തിന്‍റെയും അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സികളുടെയും സഹായത്തോടെ അവര്‍ ഈ ചുമതല നിര്‍വഹിക്കണം. 2022ലെ ദത്തെടുക്കല്‍ ചട്ടമനുസരിച്ച്, ജില്ലാ ശിശുപരിപാലന ഓഫീസര്‍ അധ്യക്ഷനായ ദത്തെടുക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ജില്ലാ മജിസ്ട്രേറ്റാണ് ദത്തെടുക്കലിന് അനുമതി നല്കേണ്ടത്. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഹോം സ്റ്റഡി റിപ്പോര്‍ട്ടും കുട്ടിയുടെ ചൈല്‍ഡ് സ്റ്റഡി റിപ്പോര്‍ട്ടും മെഡിക്കല്‍ പരിശോധനാറിപ്പോര്‍ട്ടും മറ്റ് അനുബന്ധരേഖകളും വിലയിരുത്തി ദത്തെടുക്കല്‍ അനുമതിക്കുള്ള അപേക്ഷയില്‍ തീരുമാനം കൈക്കൊള്ളും. തീരുമാനത്തിനെതിരേ പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം അപ്പീല്‍ നല്കാം. 2021ലെ ബാലനീതി ഭേദഗതിനിയമപ്രകാരം, ഡിവിഷണല്‍ കമ്മീഷണറാണ് അപ്പലേറ്റ് അധികാരി. ജില്ലാ ശിശുപരിപാലന കേന്ദ്രം വഴി സ്പെഷലൈസ്ഡ് ദത്തെടുക്കല്‍ സമിതി ജില്ലാ മജിസ്ട്രേറ്റിനു മുമ്പില്‍ അര്‍ഹരായവര്‍ക്കു വേണ്ടി ദത്തെടുക്കല്‍ അനുമതിക്ക് അപേക്ഷിക്കുന്നു. ശിശുസംരക്ഷണ കേന്ദ്രവും സ്പെഷലൈസ്ഡ് ദത്തെടുക്കല്‍ സമിതിയും സംയുക്തമായി അപേക്ഷിക്കുന്നതും അനുവദനീയമാണ്. നിലവിലെ വ്യവസ്ഥകള്‍പ്രകാരം, അപേക്ഷകളില്‍ രണ്ടു മാസത്തിനകം തീരുമാനം കൈക്കൊള്ളണം. ഇപ്പോള്‍ കോടതികളുടെ പരിഗണനയിലുള്ള ദത്തെടുക്കല്‍ അപേക്ഷകളും ജില്ലാ മജിസ്ട്രേറ്റിന് കൈമാറണമെന്ന് 2022ലെ ദത്തെടുക്കല്‍ നിയമത്തിലെ 36-ാം ചട്ടം വ്യവസ്ഥ ചെയ്യുന്നു. കുട്ടിയുടെ ക്ഷേമത്തിനാണ് ദത്തെടുക്കല്‍ എന്ന കാര്യം, അനുമതി നല്കുന്നതിനു മുമ്പേ ജില്ലാ മജിസ്ട്രേറ്റ് ഉറപ്പാക്കണം. കുട്ടിക്ക് അഞ്ചു വയസു പൂര്‍ത്തിയായെങ്കില്‍ കുട്ടിയുടെ സമ്മതവും തേടണം. ദത്തെടുക്കല്‍ ഫീസല്ലാതെ മറ്റൊന്നും ദത്തെടുക്കലുമായി ബന്ധപ്പെട്ട് ഈടാക്കിയിട്ടില്ലെന്നും, അത്തരം ബാഹ്യധാരണകളൊന്നുമില്ലെന്നും ഉറപ്പാക്കണം. കുട്ടിയുടെ ഐഡന്‍റിറ്റി ഒരുകാരണവശാലും വെളിപ്പെടുത്തരുത്. യോഗ്യതകളും വസ്തുതകളുമായി ബന്ധപ്പെട്ട ഏതെങ്കിലും കാരണത്താല്‍ ദത്തെടുക്കല്‍ അപേക്ഷ നിരാകരിക്കപ്പെട്ടാല്‍ കുട്ടിക്കോ അപേക്ഷകര്‍ക്കോ, സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്കും പിന്നീട് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്കും അപ്പീല്‍ നല്കാം.