നീതിപീഠത്തിലെ സ്‌നേഹമൂല

ജസ്റ്റീസ് കുര്യന്‍ ജോസഫ് (മുന്‍ സുപ്രീംകോടതി ജഡ്ജി)

കുടുംബം സ്വര്‍ഗമാക്കാന്‍ ബന്ധങ്ങളുടെ കെട്ടുറപ്പും ദൃഢതയും അത്യാവശ്യമാണ്. ഗ്രാന്‍റ പേരന്‍റസ് , മാതാപിതാക്കള്‍, മക്കള്‍, മരുമക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, ദേശം ഇങ്ങനെ നിരവധിബന്ധങ്ങളുടെ സമാഹാരമല്ലേ ജീവിതം.  ഈ ബന്ധങ്ങളോടു നാം പുലര്‍ത്തുന്ന സമീപനവും മനോഭാവവും ആശ്രയിച്ചിരിക്കും കുടുംബജീവിതത്തിൻ്റെ വിജയവും. മനോഭാവമാണ് ആദ്യം രൂപപ്പെടേണ്ടത്. മനോഭാവത്തില്‍ നിന്നു സമീപനവും ഏറ്റവും ഒടുവില്‍ പ്രവൃത്തിയും ഉണ്ടാകണം. വീട്ടിലെ കാരണവന്മാരായ ഗ്രാന്‍റ പേരന്‍റസിൻ്റെ കാര്യമെടുക്കുക. അവരോട് ആദരവോടും സ്നേഹത്തോടുംകൂടി പെരുമാറണം. വാര്‍ധക്യത്തില്‍ അവര്‍ക്കു നല്കാവുന്ന ഏറ്റവും വലിയ സമ്മാനമാണത്. അവര്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരുമാണെന്ന വിചാരം അവരില്‍ ജനിപ്പിക്കുന്നതിനേക്കാള്‍ മികച്ച സമ്മാനം വേറെന്തുണ്ട്? ഇനി, സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം. ദൃഢതയുള്ളതായിരിക്കണം അത്. സഹോദരങ്ങള്‍ ഒത്തൊരുമയോടെ വസിക്കുന്നതിന്‍റെ സൗന്ദര്യത്തെക്കുറിച്ച് വി. ഗ്രന്ഥം പറയുന്നത് ശ്രദ്ധിക്കണം (സങ്കീ. 133:1-3)

സന്തോഷത്തോടെയല്ലാതെ ഒരിക്കല്‍ പോലും ഞാന്‍ കോടതിയിലേക്ക് ഇറങ്ങിയിരുന്നില്ല. അത്തരം യാത്രകള്‍ക്ക് എന്നെഒരുക്കിയിരുന്നത് റൂബിയാണ്; അതും നെറ്റിയില്‍ കുരിശുവരച്ച്.

കുടുംബത്തിൻ്റെ ആനന്ദമാണ് ലോകത്തിൻ്റെ സുവിശേഷം. കുടുംബത്തിൻ്റെ ആനന്ദം ലോകത്തിൻ്റെ സുവിശേഷമാകുമ്പോഴേ ദാമ്പത്യത്തിലേക്കുള്ള വിളി പൂര്‍ണമാകുകയുള്ളൂ. കുടുംബത്തില്‍ സന്തോഷമനുഭവിക്കാതെ ആര്‍ക്കും ലോകത്തില്‍ സന്തോഷത്തോടെ ശുശ്രൂഷ ചെയ്യാനാവില്ല. ദമ്പതികള്‍ തമ്മില്‍ ഇഴയടുപ്പം ഉണ്ടാകണം. ഇതു നഷ്ടമായാല്‍ കുടുംബജീവിതത്തിലേക്കുള്ള ദൈവാനുഗ്രഹത്തിൻ്റെ ഒഴുക്ക് പാടേ തടസപ്പെടും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍ ചാനല്‍ എവിടെയെങ്കിലും കട്ടായാല്‍ അവിടേയ്ക്കു ദൈവകൃപ ഒഴുകില്ല. എന്‍റെ ഭാര്യ റൂബിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്, ഏതെങ്കിലും കാര്യത്തില്‍ വിയോജിപ്പോ ദേഷ്യമോ ഒക്കെയുണ്ടെങ്കില്‍ അത് കോടതിയില്‍ പോകുമ്പോള്‍ കാണിക്കരുത്. അങ്ങനെ ചെയ്താല്‍ എന്നെ സംബന്ധിച്ചിടത്തോളം ആ ദിവസം മുഴുവന്‍ പാഴാകും. ഔദ്യോഗികകൃത്യനിര്‍വഹണത്തിനു യാത്രയാകുമ്പോള്‍ ഞാനൊരിക്കല്‍കൂടി ആത്മശോധന നടത്തി നോക്കും; എവിടെയെങ്കിലും പാളിച്ചകളുണ്ടോ? സന്തോഷത്തോടെയല്ലാതെ ഒരിക്കല്‍ പോലും ഞാന്‍ കോടതിയിലേക്ക് ഇറങ്ങിയിരുന്നില്ല. അത്തരം യാത്രകള്‍ക്ക് എന്നെ ഒരുക്കിയിരുന്നത് റൂബിയാണ്; അതും നെറ്റിയില്‍ കുരിശുവരച്ച്.

ജീവിതപങ്കാളിയെ ദൈവം നല്കിയിരിക്കുന്നത് പൂര്‍ണതയ്ക്കു വേണ്ടിയാണ്. കാവലിനും കരുതലിനും വേണ്ടി ദൈവം ഏല്പിച്ചുതന്നിരിക്കുന്ന ദാനമാണവര്‍. ദമ്പതിമാരുടെ ഐക്യം കുടുംബത്തിനുള്ളില്‍ അനുഗ്രഹം കൊണ്ടുവരുമെന്നു തീര്‍ച്ച. ഈ ഐക്യം എപ്പോഴെങ്കിലും നഷ്ടമാകുമ്പോഴാണ് കുടുംബത്തിന്‍റെ ഐശ്വര്യവും നഷ്ടമാകുന്നത്. ചില കുടുംബങ്ങളെ നോക്കി നമ്മള്‍ പറയാറുണ്ട്, ഐശ്വര്യമൊട്ടുമില്ലാത്ത കുടുംബം എന്ന്. എന്തുകൊണ്ടാവാം ഇങ്ങനെ പറയുന്നത്? ദമ്പതികളെ വിവാഹത്തിലൂടെ ഒന്നിപ്പിച്ചവന്‍ ഇപ്പോള്‍ അവരുടെ കൂടെയില്ല. ഒന്നിപ്പിച്ചവന്‍ കൂടെയില്ലെങ്കില്‍ ഒന്നിച്ചുനില്ക്കാന്‍ കഴിയില്ല. ഇതൊരു പരമസത്യമാണ്. കത്തോലിക്കാസഭ കുടുംബപ്രേഷിതത്വത്തിനു നല്കുന്ന പ്രാധാന്യത്തെക്കുറിച്ചു ചിന്തിക്കേണ്ട സന്ദര്‍ഭം ഇതാണെന്നു തോന്നുന്നു. ദമ്പതികള്‍ തമ്മില്‍ ഐക്യമില്ലെങ്കില്‍ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോവുക അസാധ്യമാണ് . കാരണം, ഇനിമേല്‍ ഭര്‍ത്താവിൻ്റെ ശരീരത്തില്‍ ഭാര്യയ്ക്കാണ് അധികാരം. ഭാര്യയുടെ ശരീരത്തിലോ, ഭര്‍ത്താവിനും. വിവാഹത്തിലൂടെ പുതിയ വ്യക്തിത്വങ്ങളാണ് രൂപമെടുക്കുന്നത്. വിവാഹത്തോടെ വൈയക്തികത (individualism) അവസാനിച്ചു. കുര്യന്‍റെ അവകാശം റൂബിക്കും റൂബിയുടെ അവകാശം കുര്യനുമാണ്. കുര്യനും റൂബിയും ചേര്‍ന്ന് പുതിയൊരു വ്യക്തിത്വം രൂപമെടുക്കുകയാണ്. രാസപരിണാമത്തിന് (കെമിക്കല്‍ ട്രാന്‍സ്ഫോര്‍മേഷന്‍) തുല്യമാണിത്. എല്ലാ അര്‍ഥത്തിലും ഈ രൂപാന്തരം സാധ്യമാവണം. ഇതിന്‍റെ അഭാവമാവാം കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനകാരണം. വിവാഹത്തോടെ രൂപമെടുക്കുന്ന പുതിയ വ്യക്തിത്വത്തിലാണ് നമ്മുടെ മക്കള്‍ ജനിക്കുന്നത്. അവരെ ഒരിക്കലും ഉപദേശിച്ചു നന്നാക്കാമെന്നു വിചാരിക്കേണ്ട. നമ്മുടെ സ്നേഹാധിഷ്ഠിതമായ ജീവിതവും മൂല്യപ്രതിബദ്ധതയും തിരിച്ചറിഞ്ഞ് അവര്‍ വളര്‍ന്നുകൊള്ളും. കാരണവന്മാരോടും സഹോദരങ്ങളോടും അയല്‍ക്കാരോടുമുള്ള നമ്മുടെ ബന്ധം മക്കളുടെ വളര്‍ച്ചയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകമാണ്. അറിവു മാത്രം പകര്‍ന്നുകൊടുത്ത് മക്കളെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയില്ല. നമ്മള്‍ നല്ല ദമ്പതികളായി ജീവിച്ചു കാണിച്ചുകൊടുത്താല്‍ അതുമാത്രം മതി, അവര്‍ നല്ല മക്കളായി, നല്ല സഹോദരങ്ങളായി, നല്ല അയല്‍ക്കാരായി, സഭയോടു സ്നേഹമുളളവരായി വളരും. മക്കള്‍ക്കു മുമ്പില്‍ സത്യസന്ധതയോടെ,വിശ്വസ്തതയോടെ, വിശുദ്ധിയോടെ ജീവിക്കുകയാണ് പ്രധാനം. ക്യാരക്ടറും കോണ്‍ടക്റ്റും രണ്ടും രണ്ടാണ്. മനസിലിരുപ്പും കൈയിലിരിപ്പുമാണ് അത്. മനസിലിരുപ്പും കൈയിലിരിപ്പും നന്നായാല്‍ മാത്രമേ നമ്മുടെ കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാകൂ. മരിച്ചുചെല്ലുമ്പോള്‍ ദൈവം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിന്‍റെ പങ്കാളി എവിടെ? വിശുദ്ധീകരിക്കാന്‍ വേണ്ടിയാണ് ദൈവം നിന്‍റെകൈകളിലേക്കു പങ്കാളിയെ ഏല്പിച്ചുതന്നത്. നിന്‍റെ പങ്കാണ് നിൻ്റെ കൈയിലേക്കു തന്നത്.രണ്ട് പങ്കു കൂടിച്ചേരുമ്പോഴേ വലിയൊരു പങ്ക് ഉണ്ടാകുകയുള്ളൂ. ഒന്നും ഒന്നും രണ്ടല്ല, വലിയ ഒന്നാണ്.അഞ്ചു ‘സ’ ദാമ്പത്യ വിജയത്തിന് അനിവാര്യമാണ് . അതിലൊന്നാമത്തേ സാന്നിധ്യം. മറഞ്ഞിരുന്നാലും നിറഞ്ഞിരിക്കുന്നുവെന്ന് പ്രണയത്തെക്കുറിച്ചു കവിതയെഴുതാന്‍ കൊള്ളാം. കുടുംബജീവിതത്തില്‍ അതു ബാധകമല്ല. കുടുംബജീവിതത്തില്‍ പ്രണയം അറിയാനും അനുഭവിക്കാനും ആഗ്രഹമുണ്ടെങ്കില്‍ നിശ്ചയമായും സാന്നിധ്യമുണ്ടാകണം.സാന്നിധ്യംപോലെ പ്രധാനപ്പെട്ടതാണ് സാമീപ്യം. വീട്ടിലുണ്ടായാല്‍ മാത്രം പോരാ, പങ്കാളിക്കുസമീപസ്ഥനാകണം. സംസാരമാണ് മൂന്നാമത്തേത്. ദമ്പതികള്‍ തമ്മില്‍ തുറന്നു സംസാരിക്കണം.

ഭക്ഷണമേശയില്‍ ഒരിക്കലും ഫോൺ ഉപയോഗിക്കരുത്. ടിവിക്കു മുന്നിലിരുന്നും ഭക്ഷണം കഴിക്കരുത്. ഭക്ഷണമേശ ദൈവം തന്ന നന്മകളെ ഓര്‍മിക്കാനും ബന്ധങ്ങള്‍ ഊഷ്മളമാക്കാനും വേണ്ടിയുളള ഇടമായി മാറണം.

ചെറുപ്പക്കാരന്‍ പറഞ്ഞു: എനിക്ക് എന്‍റെ വനിതാ സുഹൃത്തിനോട് എത്രനേരം വേണമെങ്കിലും ഫോണിലൂടെ സംസാരിക്കാന്‍ കഴിയും. പക്ഷേ ഭാര്യയോട് എനിക്ക് അഞ്ചു മിനിറ്റു പോലും മിണ്ടാന്‍ കഴിയുന്നില്ല. ഭാര്യയെ സുഹൃത്തായി കാണുക മാത്രമേ ഇതിനൊരു പോം വഴിയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു. നിങ്ങളുടെ ഭാര്യയെ /ഭര്‍ത്താവിനെ സുഹൃത്തായി കാണുക. ആ സൗഹൃദത്തില്‍ ഒരു സ്വകാര്യ ഇടമുണ്ട്. അത് ദൈവം ആഗ്രഹിക്കുന്നതാണ്; അനുവദിച്ചിരിക്കുന്നതുമാണ്.

ദമ്പതികളുടെ സ്വകാര്യതയിലേക്ക് മറ്റാരെയും കടത്തിവിടാതിരിക്കാനും ശ്രദ്ധിക്കണം. വിവാഹതകര്‍ച്ചയുടെ ഒരു പ്രധാന കാരണം ഫലപ്രദമായ കമ്യൂണിക്കേഷന്‍ ഇല്ലാത്തതാണെന്ന് എനിക്കു തോന്നുന്നു. കേരള ഹൈക്കോടതിയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെ സ്നേഹമൂല എന്നാണ്  മറ്റുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്. ദാമ്പത്യപ്രശ്നങ്ങളുമായി വരുന്നവരെ ഒറ്റയ്ക്കു സംസാരിക്കാന്‍ ഞാനെൻ്റെ ചേംബറിൻ്റെ മൂലയിലേക്കു പറഞ്ഞുവിടും. അവരെ ശ്രദ്ധിക്കാന്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തും. കുറെനേരം കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും. പിന്നെ സാവധാനം മിണ്ടാന്‍ തുടങ്ങും. സംസാരിച്ചുതുടങ്ങുമ്പോള്‍ ആര്‍ദ്രത രൂപപ്പെടുകയായി. മിണ്ടാതിരിക്കുന്നതിനാലാണ് കുറെയേറെ പ്രശ്നങ്ങളുണ്ടാകുന്നത്. മനസിലുള്ളത് പ്രകടിപ്പിക്കാനോ, പ്രകടിപ്പിച്ചത് മനസിലുളളത് ആയിരുന്നുവെന്നു പറയാനോ കഴിയാത്ത സാഹചര്യം പ്രതിസന്ധികള്‍ വളരാനും ശക്തിപ്പെടാനും വളക്കൂറുള്ള മണ്ണാണ്. കുറേനേരം കഴിയുമ്പോള്‍, ഭിത്തിയല്ലാതെ തങ്ങളെ മറ്റാരും ശ്രദ്ധിക്കാനില്ലെന്നു വരുമ്പോള്‍ അവര്‍ ഹൃദയം തുറന്നു സംസാരിച്ചുതുടങ്ങും. വിവാഹമോചനത്തിൻ്റെ വക്കിലെത്തി നിന്ന പല ദമ്പതികളും ഇത്തരം ഇടപെടലിൻ്റെ ഫലമായി പൂര്‍വാധികം സ്നേ ഹത്തോടെ ഒരുമിച്ചു ജീവിക്കുന്നത് കാണാനിട വന്നിട്ടുണ്ട്. സംസാരത്തിനൊപ്പം വരുന്ന സ യാണ് സംസര്‍ഗം. സംസാരവും സംസര്‍ഗവും നാം ബോധപൂര്‍വം യത്നിച്ച് നടപ്പില്‍ വരുത്തണം. എനിക്കു മൂന്നുമക്കളാണുള്ളത് . അവരെയും ഒപ്പം കൂട്ടി എല്ലാ വര്‍ഷവും അഞ്ചു ദിവസത്തെ ധ്യാനത്തില്‍ ഞങ്ങള്‍ സംബന്ധിച്ചിരുന്നു. പിന്നെ തീര്‍ഥയാത്ര നടത്തും;  ഉല്ലാസയാത്രയ്ക്കു പോകും. സ്പിരിച്വല്‍, ഇമോഷണല്‍, സൈക്കോളജിക്കല്‍… അങ്ങനെ എല്ലാംകൂടി ചേര്‍ന്ന യാത്രയായിരുന്നു അതെല്ലാം. ഇന്നത്തെ ദമ്പതികളോടും മക്കളോടും പറയാനുള്ള ഒരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്; ഭക്ഷണമേശയില്‍ ഒരിക്കലും നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കരുത്. നമ്മുടെ സംസാരം മുഴുവന്‍ ബ്ലോക്ക് ചെയ്യുന്നത് ഈ ഫോണല്ലേ? ടിവിക്കു മുന്നിലിരുന്നും ഭക്ഷണം കഴിക്കരുത്. ഭക്ഷണമേശ ദൈവം തന്ന നന്മകളെ ഓര്‍മിക്കാനും ബന്ധങ്ങള്‍ ഊഷ്മളമാക്കാനും വേണ്ടിയുളള ഇടമായി മാറണം. പങ്കുവെക്കാനും വിളമ്പി കൊടുക്കാനും കഴിയുന്ന വലിയൊരു വേദിയാണ് ഭക്ഷണമേശ. പ്രാര്‍ഥനാസമയത്തും ഫോണെടുക്കരുത്. ദൈവത്തിനു നന്ദിപറയാനുള്ള അവസരമാണത്. അവസാനമായി ഒരു കാര്യം കൂടി പറയാം. നമ്മുടെ മക്കള്‍ക്ക് അവരുടെ വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കാനുള്ള അവസരം വീടിനുള്ളില്‍ നല്കണം. ചിലരൊക്കെ വന്നു സങ്കടംപറയാറുണ്ട്. മക്കളെ കഷ്ടപ്പെട്ട്  അധ്വാനിച്ചു വളര്‍ത്തി. പഠിപ്പിച്ചു. പക്ഷേ ഇപ്പോള്‍ അവരാരും കൂടെയില്ല. മക്കള്‍ക്കുവേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വയം ജീവിക്കാന്‍ മറന്നുപോയി. ഓരോരുത്തരും ആദ്യം സ്വയം ജീവിക്കണം. ജീവിക്കുന്നതെങ്ങനെയെന്ന് മക്കള്‍ക്കു കാണിച്ചു കൊടുക്കുകയും വേണം. അതിനിടയില്‍ അവര്‍ക്കു വഴിതെറ്റിയാല്‍ തിരുത്തണം. പുതിയ ചുവടുകള്‍ വെക്കാന്‍ പ്രോത്സാഹിപ്പിക്കണം. അവരെ കേള്‍ക്കണം. മക്കള്‍ – മാതാപിതാക്കള്‍ ബന്ധത്തിനിടയില്‍ ഇത്തരമൊരു കാന്തികാകര്‍ഷണമുണ്ടെങ്കില്‍ നമ്മുടെ മക്കള്‍ തീര്‍ച്ചയായും നമ്മുടെ സ്നേഹവലയത്തിലുണ്ടാവും. ആ പവര്‍ നഷ്ടമായാല്‍ ഉറപ്പിച്ചോ, അവര്‍ നമ്മെ വിട്ടുപോകും. പിന്നെ തേങ്ങലുകള്‍ക്ക് വലിയ കാര്യമുണ്ടാവില്ല