ജോസ് ആന്‍ഡ്രൂസ്
പലയിടത്തും നക്ഷത്രങ്ങള്‍ തെളിഞ്ഞുതുടങ്ങി. ശാന്തമായ ഒരു രാത്രിയുടെ ഓര്‍മയുമായി നമ്മള്‍ വീണ്ടുമൊരു പുല്‍ക്കൂടിനു ചുറ്റുമിരിക്കാന്‍ ഇനി ദിവസങ്ങളേയുള്ളൂ. നെഞ്ചിലെ അണയാത്ത നെരിപ്പോടുകളിലേക്ക് ഒരു തണുത്ത കാറ്റ് മാലാഖമാരെയും കൂട്ടി വരുന്നു. ഒരു പാതിരാ കുര്‍ബാന ചൊല്ലി 2022 വിടപറയുകയാണ്. ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞവരില്‍ പലരും ഹാപ്പി ക്രിസ്തുമസ് പറയാതെ പോയി. അവരുടെ പ്രിയപ്പെട്ടവരുടെ വീടുകള്‍ക്കു മുകളിലും സമാധാനത്തിൻ്റെ ഗായകസംഘമെത്തട്ടെ. സങ്കടങ്ങളുടെ, നിരാശകളുടെ, ഇല്ലായ്മകളുടെ, വിശപ്പിൻ്റെ, തണുപ്പിൻ്റെ, മരവിപ്പുകളുടെ കാലിത്തൊഴുത്തുകളില്‍ ഒരു പിറവിയുണ്ടാകും. പൂമുഖത്തിരുന്നുള്ള ഇക്കൊല്ലത്തെ ഒടുവിലത്തെ വര്‍ത്തമാനമാണിത്. അതിനിടെ നമ്മള്‍ 800 കോടി മനുഷ്യരായി വളര്‍ന്നു. എത്ര വലിയ സംഖ്യയാണത്. എന്നിട്ടും അനാഥരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. സമ്പന്നര്‍ കൂടിക്കൊണ്ടിരിക്കുന്നു. വിശന്നു മരിക്കുന്നവരും കൂടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാല്‍ ജനസംഖ്യ ബാധ്യതയാകുമെന്നായിരുന്നു 800 കോടി തികഞ്ഞപ്പോള്‍ പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വാര്‍ത്തകളും ചര്‍ച്ചകളും.
ഭക്ഷണം തികയാതെ വരും, കാര്‍ബണ്‍ നിര്‍ഗമനം കൂടും, പരിസ്ഥിതിയെല്ലാം താറുമാറാകും എന്നു തുടങ്ങി ഭയപ്പെടുത്തുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. അതില്‍ പലതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. എന്നാല്‍ ഇത്രയും മനുഷ്യര്‍ കൈകോര്‍ത്തു നിന്നാല്‍ സംഭവിക്കാനിരിക്കുന്ന അത്ഭുതങ്ങളെക്കുറിച്ച് നമുക്കൊരു ബോധവുമില്ല. അതേക്കുറിച്ചു ചിന്തിക്കാന്‍പോലും നമ്മള്‍ തുടങ്ങിയിട്ടില്ല. ഇത്രയും മനുഷ്യര്‍ക്ക് ആര്‍ത്തിയില്ലാതെ, ഏകോദര സഹോദരങ്ങളെപ്പോലെ പരസ്പര സഹവര്‍ത്തിത്വത്തോടെ നില്‍ക്കാന്‍ സന്മനസുണ്ടായിരുന്നെങ്കില്‍ സമാധാനമുണ്ടാകുമായിരുന്നു, പരിസ്ഥിതി തകരില്ലായിരുന്നു, ഒരാളും വിശന്നു മരിക്കില്ലായിരുന്നു, ഒരാളും കൊല്ലപ്പെടുകയില്ലായിരുന്നു. പക്ഷേ, അതു സംഭവിക്കുന്നില്ല. പല യുദ്ധങ്ങള്‍ നടത്തി കോടിക്കണക്കിനു സഹജീവികളെ കൊന്നൊടുക്കിയിട്ടും കൊതി തീരുന്നില്ല. കൃഷിക്കാര്‍ക്കു സബ്സിഡി കൊടുക്കാന്‍ കാശില്ലെങ്കിലും ആയുധശേഖരത്തിന് ഫണ്ടുണ്ട്. യുക്രെയ്നിൽകൊല്ലപ്പെട്ടവരുടെ എണ്ണത്തിനു കൃത്യതയൊന്നുമില്ലെങ്കിലും 40,000 വരെയാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ പണിത സ്വപ്നഗൃഹങ്ങളെ മിസൈലുകള്‍ കത്തിച്ചുകളഞ്ഞു. അതിനടിയില്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പം കുഞ്ഞുങ്ങളും നിത്യനിദ്രയിലായി. 800 കോടി കുടുംബത്തിലെ നമ്മള്‍ കണ്ടിട്ടില്ലാത്ത സഹോദരങ്ങള്‍! രാഷ്ട്രങ്ങള്‍ തമ്മില്‍, രാഷ്ട്രങ്ങള്‍ക്കുള്ളില്‍, മതങ്ങള്‍ തമ്മില്‍, മതങ്ങള്‍ക്കുള്ളില്‍, സഭകള്‍ തമ്മില്‍, സഭകള്‍ക്കുള്ളില്‍, കുടുംബങ്ങളില്‍, സഹോദരങ്ങള്‍ തമ്മില്‍… 800 കോടി മനുഷ്യരിലേറെയും യുദ്ധത്തിലാണ്. ഓക്സ്ഫാമിൻ്റെ റിപ്പോര്‍ട്ടനുസരിച്ച്, 100 അതിസമ്പന്നരുടെ ഒരു വര്‍ഷത്തെ ലാഭമുണ്ടെങ്കില്‍ നമ്മളീ പറയുന്ന അതിദാരിദ്ര്യം പാടേ തുടച്ചുനീക്കാം. യുഎന്‍ ഫുഡ് ആൻഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷൻ്റെ കണക്കനുസരിച്ച്, ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നു പാഴാക്കിക്കളയുകയാണ്. നമ്മുടെ പാരീഷ്ഹാളുകളില്‍ നടക്കുന്ന കല്യാണസദ്യകളില്‍ തിന്നു തീര്‍ക്കാനാവാതെ പാഴാക്കുന്ന ഭക്ഷണം എന്തുമാത്രമാണ്? പണക്കൊതിയും ആര്‍ത്തിയും ശത്രുതയും വെറുപ്പും യുദ്ധങ്ങളും മതഭ്രാന്തും വംശീയതയുമൊക്കെ കക്ഷത്തില്‍വെച്ചും തലയിലേന്തിയും നമ്മള്‍ വേച്ചുവേച്ചു നീങ്ങുകയാണ്. ജനസംഖ്യയല്ല, അനീതിയും അസമത്വവുമാണ് പ്രെശ്നം. ക്രിസ്തു ജനിക്കുന്ന സമയത്ത് ഭൂമുഖത്താകമാനം 20 കോടി ജനങ്ങളേ ഉണ്ടായിരുന്നുള്ളൂ. അന്നും കൊട്ടിയടയ്ക്കപ്പെട്ട കൊട്ടാരങ്ങള്‍ക്കും സത്രങ്ങള്‍ക്കും മുന്നിലൂടെ ഗര്‍ഭിണിയായ ഭാര്യയുമായി ഒരു മനുഷ്യനു പാതിരാവോളം ഹതാശനായി നടക്കേണ്ടിവന്നു. അത്തരം അടയ്ക്കപ്പെട്ട കോട്ടകള്‍ക്കുള്ളിലിരുന്നു നമ്മള്‍ വേവലാതിപ്പെടുകയാണ്; നാളെ എന്തു തിന്നും എന്തു പാനം ചെയ്യുമെന്നോര്‍ത്ത്. തല ചായ്ക്കാനിടമില്ലാതെ ക്രിസ്തു കാലിത്തൊഴുത്തില്‍ പിറന്നതിൻ്റെ ഓര്‍മ മാത്രമല്ല, ക്രിസ്തുവിനു മുന്നില്‍, സഹോദരനു മുന്നില്‍, അനാഥനു മുന്നില്‍, മാതാപിതാക്കള്‍ക്കു മുന്നില്‍, ഭാര്യയ്ക്കു മുന്നില്‍, ഭര്‍ത്താവിനു മുന്നില്‍, മക്കള്‍ക്കു മുന്നില്‍, തൊഴിലാളിക്കു മുന്നില്‍… നമ്മള്‍ കൊട്ടിയടയ്ക്കുന്ന വാതിലുകളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ക്രിസ്തുമസ്.