ഭീതിപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകൾ അധികാര സ്വരത്തിൽ നടത്തുന്ന ഒരു പ്രസ്താവനയാണ് ഞാൻ ആരാണെന്ന് നിനക്കറിയാമോ? കാണിച്ചു തരാം... സ്വയം ആരാണെന്ന് നിശ്ചയമില്ലാത്ത ആൾക്കു അതു കേട്ട് ഉണ്ടാവുന്ന വലിയ ചിന്താ കുഴപ്പത്തിലാണ് ചങ്കൂറ്റം കാണിക്കുന്ന വ്യക്തി ആജ്ഞാപിക്കുന്നതനുസരിച്ച് എന്തും ചെയ്യാൻ തയ്യാറാകുന്നത്.
ഞാൻ ആരാണ്?
1950 കളിൽ ചങ്ങനാശേരിയിൽ പ്രസിദ്ധമായ നെഹ്റു ഹോട്ടൽ ഉണ്ടായിരുന്നു.പല പ്രദേശത്തു നിന്നു വരുന്നവർക്ക് രാത്രി വിശ്രമത്തിന് വിരിവയ്ക്കാൻ ഉള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു.പ്രത്യേകിച്ച് ആലപ്പുഴ ബോട്ട്
യാത്രയുള്ളവർ രാത്രിയിൽ നെഹ്റുവിൽ കയറി ഉറങ്ങിയിട്ട് രാവിലെ ബോട്ട് പിടിക്കുകയാണ് പതിവ്.ഒരു ദിവസം കിഴക്കുനിന്ന് വന്ന ഒരാൾ എന്നെ രാവിലെ ആറരയ്ക്ക് എഴുന്നേൽപിച്ച് വിടണമെന്ന് ഉടമസ്ഥനോട് അഭ്യർത്ഥിച്ച ശേഷം കിടക്കാൻ പോയി. മൊട്ടത്തലയനായ ഒരാളുടെ അടുത്ത് സ്ഥലം കിട്ടിയത് ഇഷ്ടപ്പെടാതെ ഇയാൾ ഉടമസ്ഥനോട് ദേഷ്യപ്പെട്ട് ഒച്ചയുണ്ടാക്കി ഈ മൊട്ടത്തലയൻ്റെ അടുത്താണോ എന്നെ കിടത്തുന്നത് എന്ന് അരിശപ്പെട്ട് മനസില്ലാ മനസോടെ അത് ആലോചിച്ച് കിടന്നുറങ്ങി. ഇതെല്ലാം കേട്ട് അടുത്തു കിടന്ന ബാർബറായ മൊട്ടത്തലയൻ രാ ത്രിയിൽ അയാളറിയാതെ ഗാഢനിദ്രയിലാണ്ട ആ മനുഷ്യൻ്റെ തല മുണ്ഡനം ചെയ്തു.നേരം വെളുത്ത് അയാൾ ബോട്ട് ജെട്ടിയിൽ എത്തി മുഖം കഴുകാൻ ആറ്റിലേക്ക് കുനിഞ്ഞ് വെള്ളത്തിൽ തൻ്റെ പ്രതിബിംബം കണ്ട് പെട്ടെന്ന് അത്ഭുതമായി... ആക്രോശത്തോടെ .... അരിശത്തോടെവിളിച്ചു പറഞ്ഞു... എന്തൊരു കഷ്ടം എന്നെയല്ല ആ മൊട്ടത്തലയനെയാണ് അയാൾ എഴുന്നേൽപിച്ചു വിട്ടത്.
മുഖകണ്ണാടിയിൽ കാണുന്ന പ്രതിബിംബമോ ഫോട്ടോയിൽ കാണുന്ന ഛായാചിത്രമോ ആണ് നമ്മെ കുറിച്ചു നമ്മുക്കുള്ള ധാരണ. നാം ആരാണെന്ന ബോധ്യം സ്വയം രൂപികരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഈ ധാരണ സാധാരണ ഇല്ലാത്തവർക്ക് വ്യക്തമായ ഒരു രൂപം ഞാനാരാണ് എന്നതിനെക്കുറിച്ച് ഉണ്ടായിരിക്കുകയുമില്ല. ഇതിൻ്റെ വ്യക്തത സാഹചര്യങ്ങളുടെ സമ്മർദത്തിൽ മാറ്റിമറിക്കുകയും ചെയ്യും. ഉദാഹരണമായി വളരെ തയ്യാറെടുപ്പോടെ, ആത്മവിശ്വാസത്തോടെ സ്റ്റേജിൽ കയറി ഷോ നടത്താൻ തയ്യാറാകുന്ന ഒരാളെ കാണികൾ കൂകി വിളിച്ച് പുറത്തിറക്കിയാൽ ഉണ്ടാകുന്ന മാനസികാവസ്ഥ ആലോചിച്ചാൽ അയാൾക്ക് ഞാൻ ആരാണെന്ന് എന്നതിനെക്കുറിച്ചുള്ള ചിന്ത എത്ര പെട്ടെന്ന് മാറി എന്ന് മനസ്സിലാകും.