കുട്ടനാടൻ പ്രദേശങ്ങളിൽ ഗതാഗതയോഗ്യമായ റോഡുകൾ വന്നിട്ട് എകദേശം 30 വർഷമേ ആയിട്ടുള്ളു. അതിനു മുമ്പ് ആറുകളും തോടുകളും നിറഞ്ഞ സ്ഥലങ്ങളിൽ ബോട്ടോ വള്ളമോ ഇല്ലാതെ യാത്ര ചെയ്യുക അസാധ്യമായിരുന്നു. ജനസഞ്ചാരമുള്ള വഴികളിൽ തോടിനോ ആറിനോ അക്കരെ നിന്തിക്കടക്കാൻ എളുപ്പമല്ലാത്ത, സ്ഥലങ്ങളിൽ എത്തുവാൻ കടത്തുവള്ളങ്ങളോ തോണികളോ ഉണ്ടായിരുന്നു. കടത്തുവള്ളം ലാഭകരമല്ലാതിരുന്ന കടവുകളിൽ യാത്രികർക്ക് സ്വയം ഉപയോഗപ്പെടുത്താവുന്ന തോണികൾ പലയിടത്തും ലഭ്യമായിരുന്നു. ആ തോണി, ഒഴുക്കിൽപ്പെട്ടു പോകാതിരിക്കാൻ അടുത്തുള്ള കരയിലെ കുറ്റിയിൽ കെട്ടിയിടും.തോണിയിൽ കയറിയ ശേഷം ആ കെട്ടഴിച്ച് അക്കരെയുള്ള കുറ്റിയിൽ ബന്ധിച്ചിരിക്കുന്ന കയർ വലിച്ച് അക്കരെയെത്തും.ഒരിക്കൽ ഒരാൾ വലിച്ചിട്ടും തോണി നീങ്ങാതിരുന്നപ്പോൾ കോപാകുലനാകുകയും തോണിക്കിട്ടു ചവിട്ടുകയും ശാപവാക്കുകൾ ചൊരിഞ്ഞ് അട്ടഹസിക്കുകയും ദൈവകോപമോ ശാപമോ ആണെന്നോർത്തു പശ്ചാത്താപിക്കുകയും വിലപിക്കുകയും ചെയ്തു. അക്കരെ തോണിയെത്തുമ്പോൾ കയറാൻ നോക്കിനിന്നയാൾ അയാളെ സഹായിക്കാൻ നിർദേശങ്ങൾ വിളിച്ചു പറഞ്ഞെങ്കിലും സ്വന്തം ആക്രന്ദനങ്ങളിൽ അവ നിഷ്പ്രഭമായിക്കൊണ്ടിരുന്നു. വിഷമിച്ചു വിഷണ്ണനായ അയാൾ, തിരിച്ചു പോകാൻ കരയിലേക്കു കയറി.അപ്പോഴാണ് താൻ തോണിയുടെ ബന്ധനം അഴിച്ചിട്ടല്ല, അക്കരയ്ക്കെത്താൻ കഷ്ടപ്പെട്ടതെന്നു മനസിലായത്.