യേശുവിന്‍റെ അനുയായികള്‍ വിശുദ്ധ ചൈതന്യത്തോടെ ഒന്നുചേര്‍ന്ന് കൂട്ടായ്മയായി ജീവിക്കേണ്ട കുടുംബത്തില്‍ നിരന്തരം നടക്കേണ്ട ദൈവാനുഭവമാണ് രൂപാന്തരീകരണം.
യേശുവിന്‍റെ ജീവിതത്തിലെ സുപ്രധാന സംഭവമാണ് താബോര്‍മലയിലെ രൂപാന്തരീകരണം (മത്താ.17:1-8). താബോര്‍മലയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവിന്‍റെ മുഖവും വസ്ത്രങ്ങളും സൂര്യതേജസോടെ വെട്ടിത്തിളങ്ങി; പ്രകാശം പോലെ ധവളമായി. യേശുവിന്‍റെ ദൈവത്വം വെളിപ്പെടുത്തുന്ന സംഭവം മാത്രമല്ല ഇത്. യേശുവിന് നിശ്ചയദാര്‍ഢ്യവും ദൗത്യബോധവും ജീവിതസമര്‍പ്പണവും നല്കുന്ന സംഭവം കൂടിയാണ് ഈ തേജസ്കരണം. യേശുവിന്‍റെ അനുയായികള്‍ വിശുദ്ധ ചൈതന്യത്തോടെ ഒന്നുചേര്‍ന്ന് കൂട്ടായ്മയായി ജീവിക്കേണ്ട കുടുംബത്തില്‍ നിരന്തരം നടക്കേണ്ട ദൈവാനുഭവമാണ് രൂപാന്തരീകരണം.
രൂപാന്തരീകരണത്തിലെ ആത്മീയദര്ശനങ്ങള്ഗ്രീക്കു ബൈബിളില്‍ ‘മെത്താമോര്‍ഫോസിസ്’ എന്ന പദമാണ് കാണുന്നത്. രൂപമാറ്റം എന്നാണ്വാ ച്യാര്‍ഥം. ഒരുവന്‍റെ യഥാര്‍ഥ സ്വഭാവം വെളിപ്പെടുത്തുന്ന ആന്തരിക പരിവര്‍ത്തനത്തെ ധ്വനിപ്പിക്കുന്ന പദം കൂടിയാണിത്. യേശുവിന്‍റെ ദൈവസ്വഭാവം ശിഷ്യന്മാരുടെ മുമ്പില്‍ വെളിപ്പെട്ട സംഭവമായി ഇതു വ്യാഖ്യാനിക്കപ്പെടുന്നു. ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍റെ യഥാര്‍ഥ സ്വഭാവം പാപത്തിന്‍റെ കളങ്കം മൂലം ഇടയ്ക്കിടയ്ക്ക് മങ്ങിപ്പോകാറുണ്ട്. ആത്മപരിവർത്തനത്തിലൂടെ ആദിമതേജസ് വീണ്ടെടുക്കുമ്പോള്‍ ഓരോ വ്യക്തിയിലും, വ്യക്തികള്‍ ചേര്‍ന്ന കുടുംബത്തിലും രൂപാന്തരീകരണം ഉണ്ടാകും. ഇപ്രകാരമുള്ള രൂപാന്തരീകരണം കുടുംബത്തില്‍ നടക്കണമെങ്കില്‍ യേശുവിന്‍റെ രൂപാന്തരീകരണസംഭവത്തോട് അനുബന്ധിച്ചുണ്ടായ കാര്യങ്ങള്‍ നാം ധ്യാനിക്കുക ആവശ്യമാണ്.
യേശു ഉയര്‍ന്ന മലയിലേക്ക് മൂന്നു ശിഷ്യരോടൊപ്പം കയറി. തീര്‍ച്ചയായും ഏകാന്തതയില്‍ പ്രാര്‍ഥിക്കുകയായിരുന്നു ലക്ഷ്യം. ലൂക്കാ സുവിശേഷകന്‍ ഈ രംഗം വിവരിക്കുമ്പോള്‍, യേശു പ്രാര്‍ഥിക്കാനാണ് മലയില്‍ കയറിയതെന്ന് വ്യക്തമായി പറയുന്നുണ്ട് (ലൂക്കാ 9:28-29). പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് യേശു രൂപാന്തരപ്പെടുന്നത്. കുടുംബങ്ങള്‍ വ്യക്തിപരമായും ഒന്നിച്ചുചേര്‍ന്നും പ്രാര്‍ഥിച്ചാലേ കുടുംബത്തില്‍ രൂപാന്തരീകരണമുണ്ടാകൂ. സംഘപ്രാര്‍ഥനയുടെ പ്രാധാന്യം സൂചിപ്പിക്കാന്‍ വേണ്ടിക്കൂടിയാണ് മൂന്നു ശിഷ്യരെ കൂടെക്കൂട്ടിയത്.
മോശയും ഏലിയായും അവിടെ പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിച്ചു. മോശ നിയമത്തെയും ഏലിയാ പ്രവാചകത്വത്തെയും പ്രതിനിധാനം ചെയ്യുന്നു. നിയമവും പ്രവാചകന്മാരും യേശുവില്‍ പൂര്‍ത്തിയാകുന്നു എന്നാണ് ഇവിടത്തെ അര്‍ഥം. രൂപാന്തരപ്പെട്ട കുടുംബത്തിലെ അംഗങ്ങള്‍ യേശുവിനെ ഏല്ലാറ്റിന്‍റേയും പൂര്‍ത്തീകരണമായും ജീവിതത്തിന്‍റെ കേന്ദ്രമായും ലക്ഷ്യമായും സ്വീകരിക്കും. യേശുവിനെപ്പറ്റിയുള്ള ജ്ഞാനം ഏറ്റവും വിലയുള്ളതായി കാണും. യേശുവിനെ ഏക രക്ഷകനും കര്‍ത്താവുമായി സ്വീകരിക്കും. യേശുവില്‍ ഉറപ്പിക്കപ്പെട്ട വിശ്വാസതീക്ഷ്ണതയാണ്രൂ പാന്തരീകരണത്തിന്‍റെ ആദ്യഫലം. യേശുവിനോടുകൂടെയായിരിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വര്‍ഗീയ ആനന്ദത്തെപ്പറ്റിയാണ് പത്രോസ് ‘കൂടാര’ത്തിന്‍റെ ഉപമയിലൂടെ സംസാരിക്കുന്നത്.
‘മേഘം’ അവരെ ആവരണം ചെയ്തു. ഈ മേഘം പരിശുദ്ധാത്മാവിന്‍റെ പ്രതീകമാണെന്നാണ് സഭാപിതാക്കന്മാരുടെ ഭാഷ്യം.ദൈവത്തിന്‍റെ സ്നേഹപരിപാലനം വ്യക്തമാക്കുന്ന പ്രതീകമാണ് മേഘം. പുറപ്പാട് പുസ്തകത്തില്‍, ദൈവം മേഘത്തിന്‍റെ രൂപത്തില്‍ തണലേകി ഇസ്രായേലിനെ നയിച്ചു. ദൈവത്തിന്‍റെ അളവറ്റ സ്നേഹത്തിന്‍റെ ആള്‍രൂപമാണ് പരിശുദ്ധാത്മാവ്. കുടുംബാംഗങ്ങള്‍ ദൈവസ്നേഹത്തില്‍ പൊതിയപ്പെട്ട് അന്യോന്യം സ്നേഹത്തില്‍ നാള്‍ക്കുനാള്‍ വളരണമെന്ന് ‘മേഘം’ നമ്മെ ഓര്‍മപ്പെടുത്തുന്നു.
മേഘത്തില്‍ നിന്നൊരു സ്വരമുണ്ടായി: “ഇവന്‍ എന്‍റെ പ്രിയ പുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” പിതാവായ ദൈവത്തിന്‍റെ സ്വരമാണത്. യേശുവിന്‍റെ വ്യക്തിത്വവും ദൗത്യവും വെളിപ്പെടുത്തുന്ന സ്വരം. യേശു, സങ്കീര്‍ത്തനപ്പുസ്തകം രണ്ടാം അധ്യായം ഏഴാം വാക്യം പൂര്‍ത്തിയാക്കിക്കൊണ്ട് ലോകത്തിലേക്കു വന്ന ദൈവപുത്രനാണ്; മിശിഹായാണ്. അവന്‍ ഏശയ്യായുടെ പുസ്തകം 42-ാം അധ്യായം ഒന്നാം വാക്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന, ദൈവത്തിന്‍റെ പ്രീതിപാത്രവും ദൈവത്തിനു പ്രസാദിച്ച വ്യക്തിയുമാണ്. ഈ പ്രീതിപാത്രമായ വ്യക്തി സഹനദാസന്‍ കൂടിയാണ്. സഹനത്തിലൂടെ മനുഷ്യരക്ഷ നിര്‍വഹിക്കാന്‍ നിയുക്തനായവന്‍. സഹനത്തിന്‍റെ മാര്‍ഗത്തെപ്പറ്റി അവന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അവന്‍റെ അനുയായികള്‍ ശ്രദ്ധിക്കണം. സഹനമുള്ളിടത്താണ് യഥാര്‍ഥ സ്നേഹം. കുടുംബാംഗങ്ങള്‍ യേശുവിന്‍റെ സ്നേഹത്തില്‍ പങ്കുചേര്‍ന്ന് അന്യോന്യം ഗാഢമായി സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുമ്പോഴേ കുടുംബത്തില്‍ രൂപാന്തരീകരണമുണ്ടാകൂ.
ഭയവിഹ്വലരായി കമിഴ്ന്നുവീണ ശിഷ്യരെ യേശു സമീപിച്ചു സ്പര്‍ശിച്ചപ്പോള്‍ അവരുടെ ഭയം നീങ്ങിപ്പോയി. പ്രാര്‍ഥനയിലൂടെ രൂപാന്തരപ്പെടുന്ന കുടുംബത്തില്‍ ആഴമായ വിശ്വാസവും സ്നേഹവും സഹനശക്തിയും സമര്‍പ്പണവും നിറഞ്ഞുനില്ക്കുന്നു. തേജസ്കരണത്തിന്‍റെ പ്രകാശംചൊരിയുന്ന ഭവനങ്ങളാണവ.
രൂപാന്തരപ്പെട്ട മലയും വൈരൂപ്യം നിറഞ്ഞ താഴ്വരയുംസ്വര്ഗീയ തേജസ് നിറഞ്ഞു നിന്ന രൂപാന്തരീകരണ മലയില്‍ നിന്ന് യേശുവും ശിഷ്യരും താഴ്വരയിലേക്ക് ഇറങ്ങിവന്നു. അപ്പോള്‍ത്തന്നെ യേശുവും ശിഷ്യരും വേദനിക്കുന്ന മനുഷ്യന്‍റെ നിലവിളിയാണ് കേട്ടത്. രോഗികളും പീഡിതരും ദുഃഖിതരും നിറഞ്ഞതാണ് താഴ്വര. അത് വൈരൂപ്യത്തിന്‍റെയും വൈകൃതത്തിന്‍റെയും ദുഃഖഭൂമിയാണ്. മനുഷ്യന്‍റെ കഷ്ടപ്പാടുകളുടെ ചോരയൊലിക്കുന്ന താഴ്വര. പ്രാര്‍ഥിച്ചു രൂപാന്തരപ്പെടുന്നവര്‍ ക്ലേശഭൂയിഷ്ഠമായ ലോകത്തില്‍ സഹജീവികള്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് ഈ സംഭവം ധ്വനിപ്പിക്കുന്നത്. കുടുംബം പ്രാര്‍ഥനയിലൂടെ ദൈവാനുഭവം പ്രാപിക്കുന്നു; ദൈവസ്നേഹത്താല്‍ നിറയുന്നു. എന്നാല്‍ ഇപ്രകാരം രൂപാന്തരപ്പെട്ട കുടുംബം ഉള്‍വലിഞ്ഞ് സ്വാര്‍ഥതയില്‍ അഭിരമിക്കാന്‍ പാടില്ല. ഓരോ രൂപാന്തരീകരണ അനുഭവവും സമൂഹത്തിലെ കഷ്ടപ്പെടുന്നവര്‍ക്ക് ശുശ്രൂഷ ചെയ്യാനായി ഇറങ്ങിപ്പുറപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്കു കരുത്തു പകരണം.
കുടുംബത്തിന്‍റെ പ്രധാനപ്പെട്ട ധര്‍മമാണ്, സഭയിലും സമൂഹത്തിലും ശുശ്രൂഷ ചെയ്യുക എന്നത്. പാവപ്പെട്ടവരെയും മുറിവേറ്റവരെയും അഗതികളെയും പ്രത്യേകം പരിചരിക്കാന്‍ രൂപാന്തരപ്പെട്ട വ്യക്തികള്‍ക്കു കടമയുണ്ട്. കുടുംബത്തിന്‍റെ സാമൂഹികധര്‍മം വെളിപ്പെടുത്തുന്ന സംഭവമാണത്. നാം വലിയ മാളികകളില്‍ താമസിക്കുമ്പോള്‍ നമുക്കു ചുറ്റും വീടും കൂടുമില്ലാതെ അലയുന്നവരുണ്ടോ? നാം മൃഷ്ടാന്നഭോജനം കഴിച്ചാനന്ദിക്കുമ്പോള്‍,നമ്മുടെ അയല്‍പക്കത്ത് ആഹാര നീഹാരാദികളില്ലാതെ കഷ്ടപ്പെടുന്നവരുണ്ടോ? ഋണബാധ്യതയാല്‍ ആത്മഹത്യാ മുനമ്പിലെത്തിയവരുണ്ടോ? കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാന്‍ വക കാണാതെ വേദനിക്കുന്നവരുണ്ടോ? ചുറ്റുപാടുമുള്ള രൂപവൈകൃതം സംഭവിച്ച ലോകത്തിന് ശുശ്രൂഷ ചെയ്യുമ്പോഴാണ് കുടുംബം യേശുവിന്‍റെ രൂപാന്തരീകരണത്തിന്‍റെ വെളിച്ചത്താല്‍ നിറയുന്നത്.
പിതാവിന്‍റെ വിലാപംജനക്കൂട്ടത്തില് നിന്ന് ഒരു പിതാവ് കടന്നുവന്ന് യേശുവിനോടു പറയുന്നു: “കര്‍ത്താവേ, എന്‍റെ പുത്രനില്‍ കനിയണമേ. അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു… ഞാന്‍ അവനെ നിന്‍റെ ശിഷ്യരുടെ അടുത്തു കൊണ്ടു വന്നു. പക്ഷേ അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.” പീഡിതനായ പിതാവും മകനും കഷ്ടപ്പെടുന്ന ലോകത്തിന്‍റെ പരിഛേദമാണ്. സുഖപ്പെടുത്താന്‍ കഴിയാതെപോയ ഒന്‍പതു ശിഷ്യന്മാര്‍ തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങളുടെ പ്രതീകമാണ്. ലോകത്തിനു സൗഖ്യം കൊടുക്കാന്‍ അയയ്ക്കപ്പെട്ട സമൂഹമാണ് സഭ. ആ സഭയുടെ ചെറിയ പതിപ്പാണ് കുടുംബം. കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ ക്രിസ്തീയകുടുംബങ്ങള്‍ക്കു കഴിയാതെ പോകുന്നുവോ? എങ്കില്‍ കാരണമെന്ത്? യേശുവിന്‍റെ കാഴ്ചപ്പാടുകള്‍ സ്വന്തമാക്കാതെ സുഖഭോഗാസക്തിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്നതുകൊണ്ടല്ലേ നമ്മുടെ കുടുംബങ്ങള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസവും സൗഖ്യവും പകരുന്ന ദേവാലയങ്ങളായി മാറാത്തത്?
വിശ്വാസവും പ്രാര്ഥനയുംയേശുവിന്റെ പ്രതികരണം: “ഹാ,വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരിക്കും…” അവനെ തന്‍റെ അടുക്കല്‍ കൊണ്ടുവരാന്‍ യേശു പിതാവിനോട് ആവശ്യപ്പെട്ടു. യേശു അവനെ സുഖപ്പെടുത്തി പിതാവിനെ ഏല്പിച്ചു.
പിന്നീട് വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര്‍, തങ്ങള്‍ക്ക് അവനെ സുഖപ്പെടുത്താന്‍ കഴിയാതെപോയതിന്‍റെ കാരണം യേശുവിനോട് ആരാഞ്ഞു. യേശു പറഞ്ഞു: “നിങ്ങളുടെ അല്പവിശ്വാസമാണ് കാരണം. നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, മലകളെ മാറ്റാന്‍ തക്കവണ്ണമുള്ള അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാവും.യാതൊന്നും അസാധ്യമായിരിക്കുകയില്ല.” കടുകുമണി ചെറിയ വിത്താണ്. എന്നാല്‍ കടുകുമണിയുടെ ചെറുപ്പത്തെയല്ല യേശു ഇവിടെ വിവക്ഷിക്കുന്നത്. വിത്തുകളില്‍ ഏറ്റവും ദൃഢമായതാണ് കടുകുമണി. നിങ്ങള്‍ക്ക് ദൃഢമായ, ഉറപ്പുള്ള വിശ്വാസമുണ്ടാകണമെന്നാണ് യേശു ഉദ്ദേശിക്കുന്നത്. അചഞ്ചലമാംവിധം ഉറപ്പുള്ള വിശ്വാസം നമുക്കുണ്ടെങ്കില്‍ സര്‍വവും സാധ്യമാണ് എന്നതാണ് സന്ദേശം. ഈ വിശ്വാസം മൂന്നു തലങ്ങളില്‍ വ്യാപരിക്കുന്നു: ദൈവത്തോട്, തന്നോടുതന്നെ,സഹോദരങ്ങളോട്. ദൈവത്തില്‍ ദൃഢമായി വിശ്വസിക്കുന്നവര്‍, തന്നില്‍ തന്നെ വിശ്വസിക്കും. അതാണ് ആത്മവിശ്വാസം. ദൈവത്തില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍,സഹോദരങ്ങളോട് അതിരറ്റ കരുണ കാണിക്കും. സഹോദരനില്‍ ദൈവം കുടികൊള്ളുന്നു എന്ന തിരിച്ചറിവ് നമുക്കു ലഭിക്കുമ്പോഴാണ് നാം യഥാര്‍ഥ ദൈവവിശ്വാസികളായിത്തീരുന്നത്.
‘പിസ്തിസ്’ (pistis) എന്ന ഗ്രീക്കു പദമാണ് വിശ്വാസത്തെ കുറിക്കാന്‍ സുവിശേഷകന്‍ ഉപയോഗിക്കുന്നത്. ബുദ്ധിപരമായ ഏറ്റുപറച്ചില്‍ എന്നല്ല ഇതിന്‍റെ പ്രധാന അര്‍ഥം. ദൈവത്തില്‍ ഉറപ്പായി ആശ്രയിക്കുന്നതും ദൈവത്തിന് ജീവിതം സമര്‍പ്പിച്ച് നവജീവിതം നയിക്കുന്നതുമാണ് ‘പിസ്തിസ്’ അഥവാ വിശ്വാസം. വിശ്വാസത്തിന്‍റെ ആന്തരനയനങ്ങളുള്ളവര്‍ക്ക് എല്ലായിടത്തും ദൈവത്തെ ദര്‍ശിക്കാനും, സ്വാര്‍ഥത കൂടാതെ മറ്റുള്ളവര്‍ക്കു ശുശ്രൂഷ ചെയ്യാനും കഴിയും. വിരോധവും വെറുപ്പുമൊന്നും അവരെ തീണ്ടുകയില്ല.
വിശ്വാസത്തെക്കുറിച്ച് പഠിപ്പിച്ചിട്ട്, വിശ്വാസത്തെ സജീവമാക്കുന്ന പ്രാര്‍ഥനയെക്കുറിച്ചുകൂടി അവിടുന്ന് ഓര്‍മപ്പെടുത്തുന്നു: “എന്നാല്‍ പ്രാര്‍ഥനയും ഉപവാസവും വഴിയല്ലാതെ ഈ വര്‍ഗത്തെ പുറത്താക്കുക സാധ്യമല്ല” (17:21). പരിത്യാഗത്തോടുകൂടിയ പ്രാര്‍ഥന ജീവിതവ്രതമാക്കുന്നവര്‍ക്കേ വൈരൂപ്യം ബാധിച്ച ലോകത്തില്‍ സൗഖ്യശുശ്രൂഷകള്‍ നിര്‍വഹിക്കാനാവൂ. പ്രാര്‍ഥനയുടെ ശക്തിയുണ്ടെങ്കിലേ വിശ്വാസം കരുത്താര്‍ജിക്കൂ, സ്നേഹം സദ്ഫലങ്ങള്‍ പുറപ്പെടുവിക്കൂ.
നികുതിയും പൗരധര്മവുംദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിനെ സമീപിച്ച് നികുതി കൊടുക്കേണ്ട കാര്യം ഓര്‍മിപ്പിച്ചു(17:24-27). യേശുവും ശിഷ്യരും കൊടുക്കേണ്ട നികുതിയെപ്പറ്റിയാണ് അവര്‍ പറഞ്ഞത്. യേശു ഇക്കാര്യം മനസിലാക്കി പത്രോസിനെ കടലില്‍ ചൂണ്ടയിടാന്‍ അയയ്ക്കുന്നു. ആദ്യം കിട്ടുന്ന മത്സ്യത്തിന്‍റെ വായില്‍ കുടുങ്ങിയിരിക്കുന്ന നാണയമെടുത്ത് നികുതിയടയ്ക്കാന്‍ ചുമതലപ്പെടുത്തുന്നു. ഈ വിവരണം പല ചോദ്യങ്ങള്‍ നമ്മിലുണര്‍ത്തും. മാന്ത്രികമായ അത്ഭുതവിദ്യയിലൂടെ നികുതിയടയ്ക്കാനാണോ യേശു ആവശ്യപ്പെടുന്നത്. തീര്‍ച്ചയായും അല്ല. കടലില്‍ പോയി മീന്‍പിടിച്ച്, അതിലൂടെ സമ്പാദിക്കുന്ന പണമുപയോഗിച്ച്നി കുതി അടയ്ക്കാനാണ് യേശു ഇവിടെ താത്പര്യപ്പെടുന്നത്. അത് അത്ഭുതത്തിന്‍റെ കവചത്തില്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നുവെന്നു മാത്രം. അധ്വാനത്തിലൂടെ സമ്പാദിക്കുന്നതിന്‍റെ ഒരോഹരി നികുതി കൊടുക്കാന്‍ മാറ്റിവെക്കണം. അത് പൗരധര്‍മമാണ്. രാഷ്ട്രത്തോടും രാഷ്ട്രീയാധികാരികളോടുമുള്ള കടമ നിറവേറ്റാന്‍ കുടുംബത്തിന് ഉത്തരവാദിത്വമുണ്ട്. “ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി. ചുങ്കം അവകാശപ്പെട്ടവനു ചുങ്കം. ആദരം അര്‍ഹിക്കുന്നവന് ആദരം…” (റോമ. 13:7).
പ്രാര്‍ഥനയാലും വിശ്വാസത്താലും ദൈവസ്നേഹത്താലും രൂപാന്തരപ്പെട്ട കുടുംബം സമൂഹത്തിലും രാഷ്ട്രത്തിലും പ്രകാശം പരത്തും; വിവിധ ശുശ്രൂഷകളിലൂടെ കഷ്ടപ്പെടുന്നവരെ ആശ്വസിപ്പിക്കും; മുറിവേറ്റവരെ സുഖപ്പെടുത്തും; ബന്ധനത്തില്‍ കഴിയുന്നവരെ മോചിപ്പിക്കും; രാഷ്ട്രത്തോടുള്ള കടമ നിറവേറ്റി പൗരധര്‍മം പൂര്‍ത്തീകരിക്കുന്നതിലും അവര്‍ മുമ്പന്തിയിലായിരിക്കും.
(തുടരും)