പരിഗണന ജാതിമാത്രമാകരുത്

അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍

ഭരണഘടനയുടെ 103-ാം ഭേദഗതി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് (EWS) കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണം ഉറപ്പിച്ചിരിക്കുകയാണ്. ഭരണഘടനയുടെ 15,16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത്,  15(6), 16(6) അനുഛേദങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് (EWS) ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെയാണ് സുപ്രീംകോടതി അഞ്ചില്‍ മൂന്നു ഭൂരിപക്ഷത്തോടെ സ്ഥിരീകരിച്ചിരിക്കുന്നത്.
399-ാളം പേജുകളുള്ള വിധിന്യായത്തിലെ കാതലായ ചിന്തകള്‍ മൂന്നോ നാലോ ശീര്‍ഷകങ്ങളില്‍ സംഗ്രഹിക്കാം.

1. ഒരു വ്യക്തിയുടെ പിന്നാക്കാവസ്ഥ നിര്‍ണയിക്കുന്നതിന് ജാതി മാത്രമാകരുത് പരിഗണനാവിഷയം.
2. ഏറ്റവും അര്‍ഹതയുള്ള സാമൂഹികവിഭാഗങ്ങള്‍ (social groups) നിശ്ചയമായും നിരന്തരമായ പരിശോധനകള്‍ക്ക് വിധേയമാക്കപ്പെടണം.
3. വികസിതസമൂഹത്തില്‍ കാലാകാലങ്ങളില്‍ രൂപപ്പെടുന്ന പുത്തന്‍ പിന്നാക്കാവസ്ഥകളുടെ മൂടുപടം മാറ്റാന്‍ രാഷ്ട്രത്തിനു ബാധ്യതയുണ്ട്.
4. സമൂഹത്തിലെ ഏറ്റവും അവശരായവര്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനു വേണ്ടി മാത്രമേ ഏതെങ്കിലും സംവരണത്തിന്‍റെ ഗേറ്റുകള്‍ തുറന്നിടാവൂ.

ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതിക്കു കാരണമായതും, ഇന്ത്യയിലെ ആദ്യ സംവരണ കേസുമായ ശ്രീമതി ചമ്പകം ദൊരൈരാജന്‍ കേസില്‍ (1950) ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയില്‍ വാദിച്ചത് ഇങ്ങനെ: ‘പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കേണ്ടത് സമ്പത്ത് – കുടുംബവരുമാനം – ആസ്തി ഇവയെ അടിസ്ഥാനമാക്കിയാകണം; ജാതി അടിസ്ഥാനമാക്കിയാകരുത്.’ സുപ്രീംകോടതിയുടെ എഡസ് കേസിലെ വിധി ഈ അടിസ്ഥാനത്തില്‍ വിലയിരുത്തണം. സംവരണം 50 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംവരണം അവസാനിപ്പിക്കാന്‍ വിഭാവന ചെയ്തിരുന്നു. ഇപ്പോള്‍ 75 വര്‍ഷമായിട്ടും സംവരണം അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വിശാലമായ പൊതുതാത്പര്യം കരുതി ഇപ്പോഴെങ്കിലും സംവരണ സമ്പ്രദായത്തെപ്പറ്റി ഒരു പുനരവലോകനം നടത്തേണ്ടതാണ്. ജസ്റ്റീസ് ത്രിവേദി പറഞ്ഞു.

അവസാന വാക്കാകുമോ?

സുപ്രീംകോടതി വിധി ഈ വിഷയത്തില്‍ അവസാന വാക്കായി എന്നു കരുതാന്‍ നിര്‍വാഹമില്ല. 50 ശതമാനം പരിധിയുടെ കാര്യത്തില്‍ കൂടുതല്‍ വലിയ ബെഞ്ചിൻ്റെ വിധിയെ ചെറിയ ബെഞ്ച് അസ്ഥിരപ്പെടുത്തിയതു ചോദ്യം ചെയ്യപ്പെടാം. സംവരണ വിഭാഗങ്ങളെ ഒഴിവാക്കി സാമ്പത്തികസംവരണം നടപ്പാക്കുന്നതിലെ സമത്വനിഷേധം ചീഫ്  ജസ്റ്റീസ് ലളിതും ജസ്റ്റീസ് ഭട്ടും ചൂണ്ടിക്കാണിച്ചത് അവഗണിക്കാനാവില്ല. ആ വിഷയവും വേറേ രീതിയില്‍ നിയമയുദ്ധത്തിലേക്കു വരാനുള്ള സാധ്യത ഏറെയാണ്. കോടതിഘടനയും സമൂഹത്തിൻ്റെ കാഴ്ചപ്പാടും മാറി വരുമ്പോള്‍ ഭരണഘടനയെയും അതിൻ്റെ പരിധികളെയും പറ്റിയുള്ള സമീപനം മാറും. സ്വത്തവകാശമടക്കം മൗലികാവകാശങ്ങളെപ്പറ്റി സുപ്രീംകോടതിയുടെ കാഴ്ചപ്പാട്  1967ല്‍ (ഗോലക് നാഥ് കേസ്) നിന്ന്  1973ല്‍ (കേശവാനന്ദ ഭാരതി കേസ്) എത്തിയപ്പോള്‍ എത്രമാത്രം മാറിയെന്നു നമുക്കറിയാം. 1992ല്‍ നിന്നു 2022ല്‍ എത്തിയപ്പോള്‍ 50 ശതമാനം പരിധി നീങ്ങിയതും, സാമ്പത്തികം മാനദണ്ഡമായി സംവരണം ആകാമെന്നു വന്നതും മറ്റൊരു വലിയമാറ്റം. ഇനിയും മാറ്റങ്ങള്‍ വരാനിരിക്കുന്നു. പക്ഷേ, എല്ലാ മാറ്റങ്ങളും ഒരേ ദിശയിലായിരിക്കില്ല എന്നു മാത്രം.