സഖറിയാ മാര്‍ സേവേറിയോസ് (ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ)
ഒരുപക്ഷേ, മനുഷ്യരെല്ലാം ദുര്‍വര്‍ത്തമാനം പറയുന്നതുകൊണ്ടാക്കുമോ മംഗളവാര്‍ത്ത ചൊല്ലാന്‍ എക്കാലവും മാലാഖമാര്‍ തന്നെ വരേണ്ടി വരിക.
തിരുപ്പിറവിയിലേക്കുള്ള വഴിയോരകാഴ്ചകളില്‍ ചിലത് എക്കാലത്തെയും സമാധാനപ്പിറവിയുടെ പശ്ചാത്തലകാഴ്ചകള്‍ കൂടിയാണ്. അശാന്തിയുടെ തീക്കാറ്റുകളില്‍ വല്ലാതെ വാടുന്ന നമ്മുടെ ഹൃദയവിചാരങ്ങളിലേക്കാണ് ഒരു മഞ്ഞിന്‍കണം പോലെ തിരുപ്പിറവിയുടെ ഓര്‍മകള്‍ ഇറ്റുവീഴുക. അതെത്ര വേഗമാണ് നമ്മുടെ ഉള്ളടരുകളിലെ വരള്‍ച്ചയെ തൊട്ടുനനച്ച് കുളിര്‍പ്പിക്കുന്നത്.
ആദ്യമെത്തുക ഒരു മാലാഖയാണ്. സത്വാര്‍ത്ത അറിയിച്ചുകൊണ്ടാണ് വരിക. ഒരുപക്ഷേ, മനുഷ്യരെല്ലാം ദുര്‍വര്‍ത്തമാനം പറയുന്നതു കൊണ്ടാവുമോ മംഗളവാര്‍ത്ത ചൊല്ലാന്‍ എക്കാലവും മാലാഖമാര്‍ തന്നെ വരേണ്ടി വരിക. സത്യമായും നല്ല വാക്കോതുവാന്‍ ത്രാണിയില്ലാതെ പോകുന്ന നാളുകളെ ചൊല്ലിയാണ് നാമിന്ന് ഏറെ ഭാരപ്പെടേണ്ടത്. സുവിശേഷം പ്രായോഗികമല്ലെന്നു മാത്രമല്ല, അതു പറയാന്‍ പോലും ഇടമില്ലാത്ത ഒരു കാലമായി നമ്മുടേതു പരിണമിക്കുന്നുണ്ട്. സര്‍വജനത്തിനുമുണ്ടാകുന്ന സന്തോഷമൊന്നും നമ്മുടെ സ്വപ്നങ്ങളില്‍ കടന്നുവരുന്നതേയില്ല. അങ്ങേയറ്റം ഞാനും ഞാനുമെന്‍റാള്‍ക്കും അപ്പുറത്തേയ്ക്കൊന്നും അനുവദനീയമല്ലെന്നാണ് നാമിപ്പോള്‍ ശഠിക്കുന്നത്.
യുവാല്‍ നോഹ ഹരാരിയുടെ ഭാഷയില്‍ Trump moment ലാണ് നാം ജീവിക്കുക. വിഭാഗീയതയുടെ അപ്പസ്തോലന്മാരായി നാമറിയാതെ തെറ്റിപ്പോകുന്നു. സമാധാനത്തിന്‍റെ സുവിശേഷം ഇവിടെ അപ്രസക്തമാകുന്നു. നമ്മുടെ കേള്‍വികള്‍ പോലും ദുര്‍വിശേഷങ്ങളിലേക്കു ചാഞ്ഞുപോയതാവാം കാരണം. അതു വിറ്റഴിക്കുന്നവര്‍ക്കാണ് ലൈക്കും കമന്‍റും ഏറെയും! കട്ടതും കെട്ടതും മാത്രമേയുള്ളോ നമ്മുടെ കാലത്തെന്നു കരുതാന്‍പോലും പ്രേരിപ്പിക്കും വിധമാണ് നമ്മുടെ അന്തിച്ചര്‍ച്ചകള്‍ വാചാലമാവുന്നത്.
സ്നേഹം പിറക്കുന്നിടത്താണ് സംഭാഷണങ്ങളുണ്ടാവുക. മാലാഖമാരുടെ സദ് വര്‍ത്തമാനങ്ങള്‍; മനുഷ്യരുടെ പരസ്പരമുള്ള സമാശ്വാസങ്ങള്‍; ആലിംഗനങ്ങള്‍; കരം ചേര്‍ത്തുപിടിക്കല്‍; ഉപേക്ഷിക്കാതിരിക്കല്‍. അങ്ങനെയെത്രയെത്ര സുവിശേഷങ്ങള്‍!
ശരിക്കും നല്ല വാര്‍ത്തകള്‍ ഇല്ലാതിരുന്നിട്ടാവില്ലല്ലോ സഖേ! ഈ മംഗള വാര്‍ത്തകാലമെങ്കിലും ഒരു വേറിട്ട കേള്‍വി നമുക്കു സാധ്യമാകണം.അമ്മയേയും കുഞ്ഞിനേയും ഉപേക്ഷിക്കാന്‍പോലും നിശ്ചയിച്ചതാണ് ജോസഫ്. പക്ഷേ, ഉറക്കമുണര്‍ന്നപ്പോള്‍ അയാളുടെ ചിന്ത മാറി. മാലാഖയുടെ ദര്‍ശനം കഴിഞ്ഞപ്പോള്‍ പിന്നെ എത്രമേല്‍ കൃപനിറഞ്ഞ തീരുമാനമാണ് അയാളുടേത്. ദൈവതിരുമകനെ ഹൃദയത്തോടു ചേര്‍ത്തു വെച്ചു നോക്കുക. ചിലപ്പോള്‍ കുറേക്കൂടി വെളിച്ചമുള്ള ആലോചന പറഞ്ഞുതരാനായി ആരെങ്കിലും അടുത്തെത്തും. മനുഷ്യനോ മരങ്ങളോ പൂക്കളോ പൂമ്പാറ്റകളോ എന്തിന് ചിലപ്പോള്‍ ഒരു മാലാഖ തന്നെ വന്നെന്നിരിക്കും. അതിവൈകാരികതകളില്‍ മയങ്ങിപ്പോകുന്ന നമ്മെ അതീതബോധത്തിലേക്കവര്‍ തട്ടിയുണര്‍ത്തുമെന്നുറപ്പാണ്. സ്നേഹം പിറക്കുന്നിടത്താണ് സംഭാഷണങ്ങളുണ്ടാവുക. മാലാഖമാരുടെ സദ്വര്‍ത്തമാനങ്ങള്‍; മനുഷ്യരുടെ പരസ്പരമുള്ള സമാശ്വാസങ്ങള്‍; ആലിംഗനങ്ങള്‍; കരം ചേര്‍ത്തു പിടിക്കല്‍; ഉപേക്ഷിക്കാതിരിക്കല്‍. അങ്ങനെയെത്രയെത്ര സുവിശേഷങ്ങള്‍!
കൂനിയായ സ്ത്രീയെപ്പോലെ ഏതൊരു സ്ത്രീയും ജീവിത ഭാരത്താല്‍ പലപ്പോഴും നിവര്‍ന്നു നില്ക്കാന്‍ മടിക്കുന്നവളാണ്. സഭയുടെ ഇടപെടലുകള്‍മൂലം ആ രോഗം സൗഖ്യപ്പെടുമ്പോള്‍ അവള്‍ നിവര്‍ന്നുനിന്നു ദൈവത്തെ സ്തുതിക്കും. സഭയ്‌ക്കൊപ്പം നടക്കുന്ന സഞ്ചാരിയായി ഉയരും.
ഇനി ഈ വഴിയിലൊരു പുരോഹിതനുണ്ട്. സത്യത്തിൻ്റെ സാക്ഷി പിറക്കുവോളം മൗനമുദ്രിതമായ ആത്മസംഘര്‍ഷങ്ങളിലുരുകിയ മഹാപുരോഹിതന്‍. വലിയ മഹിമകള്‍ ചാര്‍ത്തപ്പെട്ടയാളാണ് സഖറിയാ പുരോഹിതന്‍. പാരമ്പര്യമുണ്ട്. ദൈവസന്നിധിയില്‍ നീതിയോടെ നടക്കുന്ന ഉത്തമകുടുംബമുണ്ട്. ദേവാലയത്തില്‍ ധൂപമര്‍പ്പിക്കുന്നവന്‍. പ്രാര്‍ഥനാവേളയില്‍ ദര്‍ശനം ലഭിച്ചവന്‍. ദൈവത്തിൻ്റെ വിസ്മയകരമായ വീര്യപ്രവൃത്തി സ്വജീവിതത്തില്‍ അറിഞ്ഞവന്‍. മഹാനായ പുത്രൻ്റെ മഹാനായ പിതാവ്. ഇങ്ങനെ പറഞ്ഞാല്‍ തീരില്ല അദേഹത്തിന്‍റെ പൗരോഹിത്യജീവിതത്തിലെ മഹിമാധനങ്ങള്‍. എന്നാലൊരു മറുവശം ഉണ്ടാവില്ലേ. വാര്‍ധക്യത്തിലെത്തിയിട്ടും മക്കളില്ലാതിരുന്നതിന്‍റെ പേരില്‍ പ്രത്യക്ഷമായും
പരോക്ഷമായും ചില തിന്മകള്‍ അയാള്‍ കേട്ടിട്ടുണ്ടാവും. ദൈവമന്ദിരത്തില്‍ ധൂപമര്‍പ്പിക്കുമ്പോഴും ദൈവദൂതന്‍റെ ശബ്ദം കേള്‍ക്കുമ്പോഴും അവിശ്വാസത്തിൻ്റെ ഒരു നിഴല്‍ അയാളുടെ പ്രാര്‍ഥനകളുടെ മേല്‍ വീണിരുന്ന പോലെ. പിന്നെ മകൻ്റെ പേരെഴുത്തിൻ്റെ കാലം വരെയുള്ള അതികഠിനമായ ഒരു മൗനവാത്മീകം. ശരിക്കും ഇങ്ങനെയൊക്കെ തന്നെയാവും പുരോഹിതര്‍ എക്കാലവും കടന്നുപോയിട്ടുണ്ടാവുക. സ്വന്തം പ്രാര്‍ഥനകളില്‍ പോലും ചിലപ്പോള്‍ നേര്‍ക്കു നേരെയെത്തി ഭയപ്പെടുത്തുന്ന സന്ദേഹങ്ങളും അവിശ്വാസവും. പുറമെ നിന്നുള്ള നിഷ്ഠരമായ ആരോപണശരങ്ങള്‍. ആരോടും അതൊന്നും വിശദീകരിക്കാനാവാതെ തീരാവ്യഥകളുടെ മൗനസാഗരത്തിലേക്കാഴ്ന്നു പോകല്‍! എന്നാല്‍ സത്യത്തിനു സാക്ഷിയായി, ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കുപോലെ തേജസ്വിയായി ഒരു മകന്‍ പിറക്കുന്നു. അതിനയാള്‍ കടന്നുപോയ ബലിദൂരങ്ങള്‍ അത്രയൊന്നും നിസാരമല്ലെന്നറിയുക. സഖറിയാ പുരോഹിതന്‍ ദേവാലയത്തില്‍ ധൂപമര്‍പ്പിക്കുന്ന നാഴികയില്‍ ജനമെല്ലാം പുറത്ത് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഇങ്ങനെയൊരു പ്രാര്‍ഥനയുടെ പിന്താങ്ങല്‍ അര്‍ഹിക്കുന്നുണ്ട് ഓരോ നിയോഗിതനും. പരസ്യവിചാരണകളുടെ കൊടുങ്കാറ്റുകളില്‍പെട്ട് ഉലയുമ്പോള്‍ അവര്‍ മാത്രമറിയുന്ന, ദൈവത്തെ മാത്രം ഉറ്റുനോക്കിയിരിക്കുന്ന, മറ്റാര്‍ക്കും തുഴഞ്ഞെത്താനാവാത്ത ധര്‍മസങ്കടങ്ങളുടെ ഒറ്റപ്പെട്ട തുരുത്തുകളുണ്ട് സഖേ! ക്രിസ്തുവിനു വഴിയൊരുക്കുന്നവര്‍ പിറക്കുന്ന അത്തരം സ്വപ്നഭൂമികളില്‍ പ്രാര്‍ഥനകള്‍ മാത്രമാണ് നാമവര്‍ക്കു കൂട്ടായി നല്കേണ്ടത്. ഇനി അപവാദങ്ങളില്‍ തകര്‍ന്നുപോകാത്തഒരു പെണ്‍കുട്ടിയുണ്ട്. പാത്തുമ്മയുടെ ആടില്‍ ബഷീറിൻ്റെ ഒരന്തം വിടലുണ്ടല്ലോ. ലോകംമുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ടു വന്ന് വീടിൻ്റെ പടിഞ്ഞാറേ കോലായില്‍ കിടന്നു കൊണ്ടയാള്‍ പറയുക, ‘ഈ സ്ത്രീകള്‍ എന്തൊരത്ഭുത ജീവികള്‍’ എന്നാണ്. ശരിക്കും ‘അവള്‍’ ഏതു കാലത്തും നമ്മെ അതിശയിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ, ധ്യാനപൂര്‍ണമായ ഒരു നോട്ടം മാത്രമാണ് അതിനവള്‍ നമ്മോടാവശ്യപ്പെടുക. മറിയത്തെ നോക്കുക. എത്ര നിസാരയാണവള്‍. ലോകപ്രകാരമുള്ള ഗരിമയൊന്നുമില്ലാത്തവള്‍. എന്നിട്ടും കടന്നുപോയ സഹനപാതകളിലത്രയും എത്രമേല്‍ നിസ്തോഭമായി അവള്‍ നിലകൊള്ളുന്നു. ആത്മസംയമനത്തിൻ്റെ അമ്മക്കടലുകളുടെ ആഴമളക്കാന്‍ ആര്‍ക്കു കഴിയും! ‘സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍’ എന്നു സമുദ്രശിലയില്‍ കൊത്തി വെച്ച സുഭാഷ് ചന്ദ്രൻ്റെ വരികളുടെ അര്‍ഥമറിയാന്‍ നാമിനിയുമെത്ര കടലാഴങ്ങള്‍ താണ്ടേണ്ടതുണ്ട്! മറിയം ദൈവത്തിൻ്റെ അതിശയകരമായ വീര്യപ്രവൃത്തികളുടെ മാഹാത്മ്യം വാക്കുകളില്‍ കോറി അപൂര്‍ണമാക്കാതെ മൗനത്തിലൊളിപ്പിച്ച ബുദ്ധിമതിയായ കന്യകയാണ്. സകലവും അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊണ്ടിരുന്നു. അവളില്‍ നിന്നാണ് അവന്‍ മാംസം ധരിച്ചത്. അഴകും ആഴവുമേറിയ നിര്‍മമതയുടെ ഉള്ളടരുകള്‍ തിങ്ങിയ വിശുദ്ധവും വിനീതവുമായ മണ്ണില്‍ വചനം ജഡം ധരിച്ചു. അവന്‍ മനുഷ്യരുടെ ഇടയില്‍ പാര്‍ത്തു. പിന്നെ, മനുഷ്യന് അസാധ്യമായത് ദൈവത്താല്‍ സാധ്യമാണെന്ന വിശ്വാസദാര്‍ഢ്യത്തെ ഓര്‍മപ്പെടുത്തുന്ന ഒരു വലിയമ്മയാണ് ഏലീശ്വാ. മതപരിസരങ്ങളില്‍ നിന്നും അകന്നു നില്ക്കാന്‍ പ്രേരണ നല്കുന്ന സംവാദങ്ങളും വാര്‍ത്തകളും പെരുകുന്നു. അന്ധവിശ്വാസവും അല്പവിശ്വാസവും അവിശ്വാസവുമൊക്കെ കെട്ടുപിണയുന്നു. തര്‍ക്കങ്ങള്‍, സമരങ്ങള്‍, അപവാദങ്ങള്‍ എന്നിങ്ങനെ പലതുണ്ടല്ലോ ഉലയ്ക്കാന്‍ പാകത്തിന്! എന്നു കരുതി പെട്ടെന്നങ്ങു വിട്ടുകളയേണ്ടതല്ല.
സഖേ മതം. നോക്കുക, ഏലീശ്വായും സഖറിയാ പുരോഹിതനും എന്തിന് അമ്മ മറിയം വരെ എത്രമേല്‍ മതാനുസാരികളായിരുന്നു. അവരില്‍ നിന്നാണ് സത്യവും സത്യത്തിന് സാക്ഷിപറയുന്നവനും പിറവിയെടുത്തത്. ദേവാലയങ്ങളോടും ആരാധനകളോടും ചേര്‍ന്നു ജീവിക്കുന്ന മനുഷ്യരില്‍ സദ്ഫലങ്ങള്‍ ഉണ്ടാവുകയില്ല എന്നും ആരും വാശിപിടിക്കരുത്. ക്രിസ്തു ഉരുവായത് തികച്ചും മതബദ്ധമായി ജീവിച്ച ഒരു കന്യകയില്‍ നിന്നാണ്. ഒന്നു ഗൗരവമായിട്ടെടുത്താല്‍ ക്രിസ്തു ഉരുവാകുന്ന ആഴത്തിലേക്ക് നിൻ്റെ മതജീവിതം നിന്നെ നയിക്കാതിരിക്കില്ല. ആത്മാന്വേഷണത്തിൻ്റെ വാതില്‍ തുറക്കാതിരിക്കില്ല. ഇനി അപമാനഭീതിയില്‍ ഉറക്കം നഷ്ടപ്പെടാതിരുന്ന ധാര്‍മികപുരുഷനെ കാണാതെ മുന്നോട്ടുപോകാനാവില്ലല്ലോ. ജോസഫിൻ്റെ വാക്കുകള്‍ തിരുവെഴുത്തിലില്ല. ജോസഫിനെക്കുറിച്ചുപോലും എത്ര ചെറിയ സൂചനകളാണുള്ളത്. സത്യത്തില്‍ അദേഹം വാക്കുകള്‍ കൊണ്ട് ഒന്നും പഠിപ്പിച്ചതേയില്ല. ദൈവികരഹസ്യങ്ങളെ മൗനത്തില്‍ പൊതിഞ്ഞു സൂക്ഷിച്ച മഹാമുനി. ശരിക്കും കുലീനമായ മൗനംകൊണ്ടുകൂടിയല്ലാതെ എങ്ങനെയാണ് ചരിത്രത്തില്‍ ക്രിസ്തുവിൻ്റെ വളര്‍ച്ചയെയും ക്രിസ്തുവിലുള്ള വളര്‍ച്ചയെയും അടയാളപ്പെടുത്താനാവുക. പിന്നെ, പേരറിയാത്തവരും പെരുമയില്ലാത്തവരുമെങ്കലും സത്യ ദര്‍ശനത്തിന് ആടും കൂടും വിട്ടോടിയ സാധാരണക്കാരുണ്ട്. സര്‍വജനത്തിനുമുണ്ടാകുന്ന സന്തോഷവര്‍ത്തമാനം അരമനയില്‍ കേട്ടില്ല. അധികാരികള്‍ മാത്രം അറിഞ്ഞില്ല. ന്യായപ്രമാണ പണ്ഡിതരായ പുരോഹിതന്മാര്‍ക്കു വെളിപ്പെട്ടതുമില്ല. കേട്ടതോ, ആ പാവങ്ങള്‍ മാത്രം. ശരിക്കും നമ്മള്‍ ഉന്നതമെന്നു കരുതുന്ന ഇടങ്ങളില്‍ നിന്നുമുണ്ടാകുന്ന അപ്രതീക്ഷിത തിക്താനുഭവങ്ങള്‍ പലതില്ലേ? ചില പ്പോള്‍ അത്രയൊന്നും ശ്രദ്ധ നൽകാത്ത ഇടങ്ങളില്‍ നിന്നും ഉദാത്തമായ ചില പ്രതികരണങ്ങള്‍ ലഭിക്കാറുമുണ്ട്. ബേത്ലഹേമിലെ ഇടയന്മാര്‍ മുതല്‍ സത്രക്കാരന്‍ വരെ അങ്ങനെ പേരറിയാത്തവര്‍ എത്രയധികം അന്നും ഇന്നും നമ്മുടെ ശ്രദ്ധയില്‍ പെടാതെപോകുന്നു! ഇനി, ദിശ തെറ്റാതെ പ്രയാണം ചെയ്‌ത വിജ്ഞാനികളുണ്ട്. കൊട്ടാരം അവരെ പ്രലോഭിപ്പിച്ചില്ല. സ്വയം തിരുത്തുന്നതിനുള്ള വിവേകം സൂക്ഷിച്ച മഹാജ്ഞാനികള്‍. ഉന്നതങ്ങളില്‍ നിന്നും ആലോചന സ്വീകരിച്ച് അവര്‍ വേറിട്ട വഴികളിലൂടെ പ്രയാണം തുടര്‍ന്നുവെന്നാണ് തിരുവെഴുത്ത്. അസൂയ നിറഞ്ഞ ഹെറോദിയന്‍ വിഡ്ഢിത്തങ്ങളും, സത്യത്തോടൊപ്പം നിൽക്കാൻ മറന്ന അവന്‍റെ കുഴലൂത്തുകാരും എത്ര ശ്രമിച്ചിട്ടും തടയാനാവാതെ പോയ സമാധാനപ്പിറവിയുടെ വഴിയോരകാഴ്ചകള്‍ സത്യമായും ഇനിയുമെത്ര അറിവുകള്‍ അതിനുള്ളില്‍ ശേഷിപ്പിച്ചിരിക്കുന്നു. ഓരോ തിരുപ്പിറവികാലവും അതിലേക്കു തന്നെയുള്ള ക്ഷണവുംകൂടിയാണ് സഖേ!