“മക്കളുടെ മൂന്നു കുഞ്ഞുവയറുകളെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടു നിറയ്ക്കാം. മുതിര്‍ന്ന മൂന്നെണ്ണത്തിന്‍റെ മുതുവയറുകള്‍ കൂടി നിറയ്ക്കണമെന്നു പറഞ്ഞാലോ? ആനപോലുള്ള ആണൊരുത്തന്‍ അനങ്ങാപ്പാറയ്ക്കു തുല്യം വീട്ടില്‍ വെറുതെയിരിക്കുമ്പോഴാ അച്ചാ, ഞാനീ വയ്യാത്ത കൈയും വെച്ച്പണിക്കു പോകുന്നത്!!” ഒടിഞ്ഞു തൂങ്ങിയ ഉണക്കച്ചുള്ളിക്കുമേല്‍ വാടിയ വെള്ളയ്ക്കാ പോലൊരു മുഖം വെച്ചപോലുള്ള പെണ്ണൊരുത്തി വിങ്ങിക്കരഞ്ഞു.
കുഴതെന്നിയിട്ട് കുഴമ്പു തേച്ചു വെച്ചുകെട്ടിയ കൈയുംകൊണ്ട് പണിക്കുപോയെങ്കിലേ പനങ്കുറ്റി പോലൊരു ഭര്‍ത്താവിനും, അവന്‍റെ വൃദ്ധരായ മാതാപിതാക്കള്‍ക്കും മൂന്നു കുഞ്ഞുങ്ങള്‍ക്കും വേണ്ടി അടുപ്പുപുകയ്ക്കാനാകൂ എന്നു വന്നാലോ? കിട്ടുന്ന പണിയൊക്കെ തട്ടിത്തെറിപ്പിച്ചും, പണിയാന്‍ വിളിക്കുന്നവനെ ഭള്ളുപറഞ്ഞും ചെറുബീഡി വലിച്ച് വെറുതെയിരിക്കുന്ന ആ കോന്തന്‍റെ മോന്തയ്ക്കൊന്നു കൊടുത്തുകൂടേയെന്നു കൂട്ടുകാരികള്‍ കൂടെക്കൂടെ ചോദിക്കാറുണ്ടത്രേ!
കട്ടക്കളത്തില്‍ വെച്ചു കണ്ട് ഇഷ്ടം കൂടി കെട്ടിയതാണ്. ആദ്യനാളുകളിലൊക്കെ അധ്വാനിക്കാന്‍ ‘അരമടി’ കാണിച്ചപ്പോഴും കൂടെ വിളിച്ചുകൊണ്ടുപോയി പണി ചെയ്യിപ്പിച്ചിരുന്നത്രേ! ആദ്യ പേറിന് അവളു പോയതോടെ അരമടിയന്‍ കുഴിമടിയനായി! അതോടെ കട്ടക്കളത്തില്‍ നിന്നും കെട്ടുകെട്ടിച്ചു! അവശരായ അപ്പനും അമ്മയും അയല്‍വീടുകളില്‍ പോയി ഇരന്നുവാങ്ങുന്നതില്‍ നിന്നും തുരന്നു തിന്നങ്ങു പഠിച്ചുപോയി. പേറിനു പോയ പെമ്പിളയുടെ വീട്ടില്‍ കേറിയിറങ്ങിയും അന്നന്നുവേണ്ടതങ്ങ് അഡ്ജസ്റ്റു ചെയ്തു. പെറ്റെഴുന്നേറ്റു വന്ന പെണ്ണിന് അധികം വൈകാതെ ചുറ്റുവട്ടങ്ങളില്‍ പണിക്കു പോകേണ്ടിവന്നു. പാവം പെണ്ണിന്‍റെ ‘പതംപറച്ചിലും’ പൊട്ടിക്കരച്ചിലും കണ്ട് ആരെങ്കിലും അവനെ പണിക്കു വിളിച്ചാല്‍, ഒരു ദിവസം പോയിട്ട് ഒരു നൂറു കുറ്റം പറഞ്ഞ് പിറ്റേന്നു മുതല്‍ വെറുതെയിരിക്കും. രാവിലെ ഊരുചുറ്റാന്‍ പോയാല്‍ ഉച്ചയ്ക്കു കൊച്ചുങ്ങള്‍ക്കു ള്ളതുകൂടി വലിച്ചുവാരി വിഴുങ്ങും. നാണമെന്നത് നാലയലത്തുപോലും ഇല്ലാത്ത അവനു മാത്രമല്ല, ആവതില്ലാത്ത അപ്പനുമമ്മയ്ക്കും കൂടി വെച്ചുവിളമ്പാനും കൊച്ചുങ്ങളെ ഉടുപ്പിക്കാനും പഠിപ്പിക്കാനും അവളൊരുത്തി മാത്രം അധ്വാനിച്ചാല്‍ എന്താകാനാണ്? ആവലാതികള്‍ കേട്ട് അരമതിലില്‍ ഇരുന്ന അവനോട് ആരാഞ്ഞപ്പോള്‍ “നാളെ മുതല്‍ പോകാം” എന്ന പതിവു പല്ലവി തട്ടിമൂളിയിട്ട് കക്ഷി വിട്ടുപോയി! മടിയനായ ആ മുടിയന്‍റെ മറുപടി കേട്ട് അകത്തിരുന്ന അവള്‍ അമര്‍ഷത്തോടെ ഒന്നു നീട്ടിമൂളി.
“ആഹാരത്തിനു വകയില്ലാതിരിക്കേ വമ്പു നടിക്കുന്നതിനേക്കാള്‍, അധ്വാനിച്ച് എളിയ നിലയില്‍ കഴിയുന്നവന്‍ ശ്രേഷ്ഠന്‍”(സുഭാ. 12:9).
അലസതയുടെ അപ്പം നിത്യേന ഭക്ഷിക്കുന്നവന് അതിന്‍റെ മധുരം വര്‍ധിച്ചുവരുന്നതായി തോന്നും. ഭര്‍ത്താവിന്‍റെ ഉത്തരവാദിത്വം കൂടി സ്വന്തം തലയില്‍ കെട്ടിയേല്ക്കേണ്ടിവരുന്ന ധാരാളം ഭാര്യമാരുണ്ട്. ആദ്യം മുതലേ അങ്ങനെയങ്ങു ശീലിപ്പിച്ചുപോയതാണ് കെട്ടിയവന്മാരെ മുട്ടന്‍ മടിയന്മാരാക്കുന്നത്. അന്നം തേടാന്‍ മനസില്ലാത്തവനെ അന്നം മുടക്കിത്തന്നെ പാഠം പഠിപ്പിക്കണം. താങ്ങിക്കൊണ്ടിരിക്കാന്‍ എന്നും ആളുണ്ടെന്നുവന്നാല്‍, തന്നെ നില്ക്കാന്‍ പലരും മടികാട്ടും. ആശ്രയത്വം അധികമാകുമ്പോള്‍ പരിശ്രമം വിട്ടു പരമാവധി വിശ്രമമാസ്വദിക്കാനാകും ശ്രമം.
“അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ”(2തെസ. 3:10).