ഒടുക്കം വരെയും പിടിത്തം വേണം

ജെ. മണക്കുന്നേല്‍

കുമ്പസാരവും കുര്‍ബാനയും കൂടെക്കൂടെ കിട്ടുന്നതില്‍ ആശ്വസിക്കാനും, അങ്ങേ ലോകത്ത്‌ സ്ഥിരനിക്ഷേപം നടത്താനും ഉപദേശിച്ച മടങ്ങാനൊരുങ്ങവേ, എന്റെ കൈപിടിച്ചു മുത്തിയ അമ്മയുടെ കണ്ണീരു വീണെന്റെ കൈയും കരളും പൊള്ളിപ്പോയി!

വൃദ്ധസദനത്തിലെ വല്യമ്മ വിങ്ങിപ്പൊട്ടി വിറയലോടെ പറഞ്ഞു: “എല്ലാരുമൊക്കെയുണ്ടെങ്കിലും ആര്‍ക്കു മിപ്പോള്‍ എന്നെ വേണ്ട! ” ഒരു കാലത്ത് നല്ല പിടിപാടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ്. അധ്യാപകനിയമനം ലഭിച്ചിട്ടും അതിനൊന്നും വിടാതെ, തന്നെ വീട്ടില്‍ പിടിച്ചിരുത്തിയ ഭര്‍ത്താവിനോടുള്ള പരിഭവം ഒരുവശത്ത്! വലിയ കുടുംബത്തിലെ മുതിര്‍ന്നവരോടെല്ലാമുള്ള മുഴുവന്‍ ഉത്തരവാദിത്വവും തീര്‍ത്ത് നടുവൊന്നു നിവരാറായപ്പോള്‍ അതിയാന്‍ പെന്‍ഷനായി!  മകനെയും മകളെയും കെട്ടിച്ച്, അവരുടെ കൊച്ചുമക്കളെ കണ്ടു കഴിഞ്ഞപ്പോള്‍ അങ്ങേര് അങ്ങേ ലോകത്തേക്കു പോയി. മകനും മകളും മരുമക്കളും പേറും കീറും കഴിഞ്ഞ് ഈ രണ്ടു മക്കളുമായി വിദേശത്തു പോയപ്പോള്‍ വീട്ടിലെ പട്ടിക്കു കൂട്ടെന്നപോലെ തന്നെ വീട്ടിലിരുത്തി. വിട്ടുപോകുന്നേരം കാട്ടിയ ഇഷ്ടമെല്ലാം വിട്ടുപോന്ന് ഏഴെട്ടുമാസമായപ്പോഴേ നഷ്ടമായെന്നു വിളിപറച്ചിലുകള്‍ കുറഞ്ഞപ്പോള്‍ പിടികിട്ടിയെങ്കിലും, വലിയ വിഷമം തോന്നിയില്ല. അതിയാൻ്റെ പെന്‍ഷന്‍കൊണ്ട് അഷ്ടിക്കു മുട്ടുപാടില്ലാതെ കഷ്ടിച്ചു ജീവിച്ചുപോന്നു. എട്ടുവര്‍ഷത്തോളം കൂട്ടിലിട്ട തത്തയെപ്പോലെ വല്ലവരോടും ചിലച്ചും വല്ലായ്മകളോടു മല്ലിട്ടും ജീവിച്ചു. വയ്യാതായിക്കഴിഞ്ഞപ്പോള്‍ വിരുന്നിനെന്നപോലെ വീട്ടിലെത്തിയ മക്കളുടെ മനസിലിരിപ്പറിഞ്ഞ് വിതുമ്പിപ്പോയി. വീടും പറമ്പും വിറ്റ് അമ്മയെ അവശരുടെ മന്ദിരത്തിലൊരു അഭയാര്‍ഥിയാക്കി അവര്‍ ‘കരുതലിൻ്റെ കരുണകാട്ടി!’ വിറ്റുകിട്ടിയതു വീതം വെച്ചപ്പോള്‍ ഒറ്റത്തുട്ടുപോലും കൈയില്‍ തരാതെ, അഗതിമന്ദിരത്തിലേക്കുള്ളതുപോലും ആവശ്യത്തിനു നല്കാതെ അവര്‍ അതിര്‍ത്തിവിട്ടു. ഇവിടെ വന്നിട്ടിപ്പോള്‍ വര്‍ഷമാറായി!  അവരാരും വന്നില്ല, നിന്നില്ല, ഒന്നും തന്നുമില്ല! കന്യാസ്ത്രീകളുടെ കാരുണ്യത്താല്‍ കിടപ്പും ഇടയ്ക്കിരുപ്പും ചുരുക്കം നടപ്പുമായി കഴിഞ്ഞുകൂടുന്നു. പെറ്റതള്ളയല്ലേ, ചെറ്റത്തരം കാട്ടിയ കുട്ടികളെ കുറ്റംപറയാനാവാതെ വിധിയുടെ വിളയാട്ടത്തെ മാത്രം വിമര്‍ശിച്ചുകൊണ്ട് വിങ്ങിക്കരയുന്നു. കുമ്പസാരവും കുര്‍ബാനയും കൂടെക്കൂടെ കിട്ടുന്നതില്‍ ആശ്വസിക്കാനും, അറിയാവുന്ന പ്രാര്‍ഥനയൊക്കെയും ആവുന്നപോലെ ചൊല്ലി അങ്ങേ ലോകത്തിലേക്കു സ്ഥിരനിക്ഷേപം നടത്താനും ഉപദേശിച്ചു മടങ്ങാനൊരുങ്ങവേ, എന്‍റെ കൈപിടിച്ചു മുത്തിയ അമ്മയുടെ കണ്ണീരു വീണെൻ്റെ കൈയും കരളും പൊള്ളിപ്പോയി! “ദൈവത്തില്‍ മാത്രമാണ് എൻ്റെ ആശ്വാസം; അവിടുന്നാണ് എനിക്കു പ്രത്യാശ പകരുന്നത്” (സങ്കീ. 62:5).’ മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന്’ പണ്ടുള്ളവര്‍ ചൊല്ലിയത്‌ പാഴല്ലെന്നു തെളിയിക്കുന്നകാലമാണ് വാര്‍ധക്യം. കരുണയോ കരുതലോ കിട്ടിയാലതു ഭാഗ്യമായി. കെട്ടിയോനും കുട്ടികളുമൊത്തുള്ള കൂട്ടജീവിതം അങ്ങേരു വിട്ടുപോകും വരെ മാത്രമേയുള്ളൂ. ഇനിയാണ് സ്വയം കരുതേണ്ടത്. ആറടി മണ്ണുകിട്ടും വരെയും ഈ മണ്ണില്‍ കഴിയാനുള്ളതു കരുതിവെച്ചിട്ടേ ആര്‍ക്കെങ്കിലും വീതം വെച്ചു നൽകാവൂ. പഞ്ചാര വാക്കും പാഴ്കൊഞ്ചലുംകേട്ട് ഒക്കെയും വിട്ടുകൊടുത്താല്‍, ഒടുക്കകാലത്ത് ഒന്നുമുണ്ടാകില്ല. പിന്നെ അടക്കം പറഞ്ഞു കരഞ്ഞിട്ടു കാര്യവുമില്ല. കിടപ്പുകാലത്തേക്കും അടക്കാനുള്ളതിലേക്കും നടപ്പുകാലത്തു തന്നെ കരുതിവെച്ചാലേ, ആരുടെയും കടപ്പാടിനെ കാത്തിരിക്കാതെ കാലം കഴിയാനാവൂ.” അപ്പനില്‍ നിന്നും അമ്മയില്‍ നിന്നും പിടിച്ചുപറിച്ചിട്ട്, അതു തെറ്റല്ല എന്നു പറയുന്നവന്‍ ധ്വംസകൻ്റെ കൂട്ടുകാരനാണ്” (സുഭാ. 28:24).