ദൈവത്തിന് ഒന്നാം സ്ഥാനം

കൂടുതല്‍ മക്കളുടെ കാര്യത്തില്‍ പലരേയും പിന്നോട്ടു വലിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളാണ്. എന്റെ കാര്യം പറയാം; ഓരോ കുഞ്ഞും ജനിച്ചു കഴിഞ്ഞപ്പോള്‍ എന്റെ സാമ്പത്തികനില വര്‍ധിച്ചു വരുന്നതായാണ് അനുഭവം.

സിജോയ് വര്‍ഗീസ് എന്ന പേരു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ പെട്ടെന്നു കടന്നുവരുന്ന മുഖം ബാംഗ്ലൂര്‍ ഡെയ്സിലെ കഥാപാത്രത്തിന്‍റേതാവും. ജയിംസ് ആൻഡ് ആലീസ് , ഇട്ടിമാണി മെയ് ഡ് ഇന്‍ ചൈന, ലൂസിഫര്‍ തുടങ്ങിയ നിരവധി സിനിമകളിലും സിജോയ് അഭിനയിച്ചിട്ടുണ്ട്. സിനിമാഭിനയത്തിനു പുറമെ പരസ്യനിര്‍മാതാവും കൂടിയാണ് . എന്നാല്‍ ഇത്തരം മേല്‍വിലാസങ്ങള്‍ക്ക് ഉപരിയായി വേറേ ചില മുഖങ്ങള്‍കൂടിയുണ്ട് സിജോയിക്ക്. ഉത്തമ കത്തോലിക്കാ വിശ്വാസിയാണ്, അഞ്ചു മക്കളുടെ പിതാവാണ്, തിരക്കുകള്‍ക്കിടയിലും കുടുംബത്തിലും സഭാപ്രവര്‍ത്തനങ്ങളിലും സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുന്നയാളാണ്. സിനിമയും പരസ്യവും പോലെയുളള മീഡിയപ്ലാറ്റ്ഫോമുകളില്‍ സജീവമാകുമ്പോഴും, വിശ്വാസ ജീവിതത്തിലോ ധാര്‍മികമൂല്യങ്ങളിലോ ഒട്ടും വെള്ളംചേര്‍ക്കാന്‍ അദേഹം തയാറല്ല. സിജോയി പറയുന്നു…

കത്തോലിക്കനായതില്‍ അഭിമാനം

ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളും വിജയങ്ങളുമുണ്ടെങ്കിലും അതിനേക്കാളെല്ലാം ഞാന്‍ അഭിമാനിക്കുന്നത് ഒരു കത്തോലിക്കനായി ജനിച്ചു എന്നതിലാണ്. അതിന്‍റെ വിശുദ്ധിയുംനന്മയും പാരമ്പര്യവും ജന്മനാ കിട്ടിയതാണ്. സിനിമ പോലെ വളരെ കളര്‍ഫുള്ളായ ഒരു ഫീല്‍ഡില്‍ എന്തുകൊണ്ട് പരിക്കുകളൊന്നും കൂടാതെ നില്ക്കാന്‍ കഴിയുന്നു എന്ന ചോദ്യത്തിന് ഒന്നേയുള്ളൂ മറുപടി; ഞാനൊരു കത്തോലിക്കനാണ് . അതുപോലെ ദൈവത്തെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തി കൊടുക്കുന്നതിലും ഞാന്‍ സന്തോഷിക്കുന്നു. ഏതു നിമിഷം തിരികെ വിളിച്ചാലും, ഇതാ അവിടുത്തെ ദാസന്‍ എന്നു പറയാനും സന്നദ്ധന്‍. ദൈവത്തിനാണ് എന്നും എവിടെയും ഒന്നാംസ്ഥാനം കൊടുക്കുന്നത്. അതുകൊണ്ടുതന്നെ തീരുമാനങ്ങളെടുക്കാന്‍ എന്തെളുപ്പം.

നൊമ്പരപ്പൊട്ടുകള്‍

എനിക്കു 16 വയസുള്ളപ്പോഴാണ് കുടുംബത്തില്‍ ഒരു ദുരന്തം വന്നെത്തിയത് . ഒരു ആക്‌സിഡൻ്റിൽ പ്രിയപ്പെട്ട അമ്മച്ചി മരിച്ചു. എന്തുകൊണ്ട് ഞങ്ങളുടെ കുടുംബത്തില്‍ ഇങ്ങനെയൊരു ദുരന്തമുണ്ടായി എന്ന് അന്നു ഞാനും പെങ്ങന്മാരും ആലോചിച്ചിട്ടുണ്ട്. ഒരുപാട് വേദനിച്ചിട്ടുമുണ്ട്. അപ്പോഴെല്ലാം ഞങ്ങളെ ബലപ്പെടുത്തിയത്  അപ്പച്ചൻ്റെ സഹോദരി സിസ്റ്ററാന്‍റിയായിരുന്നു. സിസ്റ്ററാന്‍റി ഞങ്ങളോടു കൂടെക്കൂടെ പറയും: പുണ്യാത്മാക്കളെല്ലാം ജീവിതവിശുദ്ധി കൈവരിച്ചത് സഹനങ്ങളിലൂടെയാണ്.  ഈലോകജീവിതത്തിനു ശേഷം മരണമില്ലാത്ത ഒരു ലോകമുണ്ട്. അവിടേയ്ക്കു നമ്മള്‍ ജീവിതവിശുദ്ധിയോടെ കടന്നുചെല്ലണം. അമ്മയുടെ മരണത്തോടെ ചിതറിപ്പോകുമായിരുന്ന ഞങ്ങളുടെ കുടുംബം ഒന്നിച്ചു നില്ക്കാന്‍ പ്രേരണയായത് ആ സാന്ത്വനവാക്കുകളായിരുന്നു. ഞങ്ങളഞ്ചുപേരും പ്രാര്‍ഥിച്ചു; പരസ്പരം ബലപ്പെടുത്തി. ദൈവം കൂടെക്കൂടിയപ്പോള്‍ ദുഃഖങ്ങള്‍ അനുഗ്രഹവഴികളായി രൂപാന്തരപ്പെട്ടുവെന്നു പറയുന്നതാവും ശരി.

മക്കള്‍

ഞങ്ങള്‍ വീട്ടില്‍ അഞ്ചു മക്കള്‍. എനിക്കും മക്കള്‍ അഞ്ച്. ഇത്രയെങ്കിലും മക്കള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു. പെണ്ണുകാണാന്‍ പോയപ്പോള്‍ – ഒരുതവണയേ പെണ്ണുകാണാന്‍ പോയിട്ടുള്ളൂ – ഞാന്‍ മക്കളെക്കുറിച്ചുള്ള വിചാരം ചോദിച്ചു. കൂടുതല്‍ മക്കള്‍ വേണമെന്നാണ് ആഗ്രഹമെന്ന് അവള്‍ പറഞ്ഞു. അതു കേട്ടപ്പോഴേ മനസില്‍ തീരുമാനമെടുത്തു, എനിക്കു ഭാര്യയായി ഇവള്‍ തന്നെ മതി. 45 വയസുള്ളപ്പോഴാണ് എന്‍റെ ഭാര്യ അഞ്ചാമത്തെ കുഞ്ഞിനു ജന്മംനല്കുന്നത്. വളരെ കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു എന്നത് സത്യം. അതിനു ശേഷമാണ് ഞങ്ങള്‍ക്കു പൂര്‍ണാരോഗ്യമുള്ള അഞ്ചാമത്തെ കുഞ്ഞിനെ കിട്ടിയത്. കൂടുതല്‍ മക്കളുടെ കാര്യത്തില്‍ പലരേയും പിന്നോട്ടു വലിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളാണ്. എന്‍റെ കാര്യം പറയാം; ഓരോ കുഞ്ഞും ജനിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ സാമ്പത്തിക നില വര്‍ധിച്ചു വരുന്നതായാണ് അനുഭവം. വായ് കീറിയ ദൈവം ഇരയും തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ കൂടുതല്‍ മക്കള്‍ക്കു ജന്മം നല്കും.

വലിയ കുടുംബത്തിന്‍റെ സന്തോഷങ്ങളും നന്മയും

എന്‍റെ അപ്പച്ചൻ്റെയും അമ്മച്ചിയുടെയും വീട്ടില്‍ അവര്‍ 10 മക്കളാണ്. കുടുംബസംഗമത്തിലും മറ്റു പരിപാടികളിലുമൊക്കെ പങ്കെടുക്കുമ്പോള്‍ ഈ ആളെണ്ണം തരുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഒരുപാട് കസിന്‍സൊക്കെയുള്ള ഒരു കൂട്ടായ്‌മ. മരിച്ചടക്കിനു പോകുമ്പോള്‍ കുടുംബത്തിലെ ഓരോരുത്തരും മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന ചൊല്ലിയേ ചടങ്ങുകള്‍ പൂര്‍ത്തിയാക്കൂ. അങ്ങനെയുള്ള ഒരു ദിവസം അപ്പച്ചന്‍ എന്നോടു പറഞ്ഞു: ഒരുപാടു മക്കളുള്ള ഒരാള്‍ മരിച്ചുപോവുമ്പോള്‍ അത്രയുമധികം പേരുടെ പ്രാര്‍ഥന അയാള്‍ക്കു കിട്ടും. അപ്പോള്‍ ഞാന്‍ ചോദിച്ചു: മക്കള്‍ പ്രാര്‍ഥിച്ചില്ലെങ്കിലോ? അതിന് അപ്പച്ചന്‍ പറഞ്ഞ മറുപടി ഇങ്ങനെ: അതിനു മക്കളെ കുറ്റം പറയണ്ട. മരിച്ചുപോയ ആള്‍ തന്നെയാണ് കാരണക്കാരന്‍. അയാള്‍ക്കു മക്കളെ നല്ല വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തതുകൊണ്ടു മാത്രമാണ് അങ്ങനെ സംഭവിക്കുന്നത്. മക്കള്‍ മാതാപിതാക്കളുടെ മിറര്‍ ഇമേജാണ്. മക്കള്‍ക്കു വഴി തെറ്റുന്നുണ്ടെങ്കില്‍ ഒരു പരിധിയോളം അതു മാതാപിതാക്കളുടെയും വീഴ്ച്ചയാണ്. മക്കള്‍ വിശുദ്ധരാകണമെന്ന്  അവരാദ്യമാഗ്രഹിക്കണം.

പുകവലിയും മയക്കുമരുന്നും

16-ാം വയസില്‍ സിഗററ്റ് വലിച്ചതിനുശേഷം ഞാനിന്നു വരെ സിഗററ്റ് വലിച്ചിട്ടില്ല. കഞ്ചാവോ ഡ്രഗ്സോ കണ്ടിട്ടും കൂടിയില്ല. 16-ാം വയസില്‍ സിഗററ്റ് വലിച്ചെന്നറിഞ്ഞപ്പോള്‍ അപ്പച്ചന്‍ എന്നെ ഈശോയുടെ രൂപത്തിനു മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തി. ഇനി മേലില്‍ സിഗററ്റ് വലിക്കില്ലെന്നു പ്രതിജ്ഞയെടുപ്പിച്ചു. അതിന്നും സത്യസന്ധമായി പാലിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്ന പ്രാര്‍ഥന എപ്പോഴും ചുണ്ടിലുണ്ട്. നമുക്കാവശ്യമുള്ളതു മാത്രമേ ദൈവം അതുകൊണ്ടു തരാറുമുള്ളൂ. ധാര്‍മികത തിന്മയായിട്ടുള്ളതൊന്നും വഴിയില്‍ വരരുതേയെന്നു പ്രാര്‍ഥിക്കുക, അത്തരമൊരു തീരുമാനം എടുക്കുക… ഇങ്ങനെ ചെയ്താല്‍ ജീവിക്കാന്‍ വളരെയെളുപ്പമാണ്. ഏതു സാഹചര്യത്തിലും ആ തീരുമാനം നടപ്പിലാക്കാം. എന്നെ പ്രലോഭിപ്പിക്കുന്ന പല റോളുകളും വന്നിട്ടുണ്ട്. പക്ഷേ അതൊന്നും എന്നെ ഭ്രമിപ്പിച്ചില്ല. ഈ ലോകത്തിലെ നേട്ടങ്ങളൊന്നുമല്ല നമ്മെ ആകര്‍ഷിക്കേണ്ടത്. എന്‍റെ ജീവിതവും എന്‍റെ ലഹരിയും ക്രിസ്‌തു മാത്രമാണ് . ആത്മാവിനു ക്ലാവുപിടിക്കാതെ സൂക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനേറെ സഹായിക്കുന്നത് തുടര്‍ച്ചയായ കൂദാശാ സ്വീകരണമാണ്. അതെന്നെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നു.

മാതാപിതാക്കള്‍ ചെയ്യേണ്ടത്

വീട്ടില്‍ മാതാപിതാക്കളും മക്കളുംകൂടി ഒരുമിച്ചിരിക്കുന്ന സമയമില്ലേ? ആ സമയത്തൊക്കെ കുഞ്ഞുമക്കള്‍ക്കു വിശുദ്ധരുടെ കഥകള്‍ പറഞ്ഞുകൊടുക്കണം. ബൈബിള്‍ വാക്യങ്ങള്‍ അവരെ പറഞ്ഞു പഠിപ്പിക്കണം. ഈ ലോകം ഒരുപാട് അറിവുകള്‍ നമ്മുടെ മക്കള്‍ക്കു നല്കുന്നുണ്ട്. എന്നാല്‍ ആത്മീയകാര്യങ്ങള്‍ നാം തന്നെ അവര്‍ക്കു പകര്‍ന്നുകൊടുക്കണം. സാധിക്കുമ്പോഴൊക്കെ വിശുദ്ധരെക്കുറിച്ചുള്ള സിനിമകള്‍ കാണിക്കുന്നതും നല്ലതാണ് . തള്ളക്കോഴി കുഞ്ഞുങ്ങളെയെന്നപോലെ മക്കളെ മാതാപിതാക്കള്‍ പൊതിഞ്ഞുപിടിക്കുക. പരിശുദ്ധ അമ്മയുടെ നീലയങ്കിക്കുള്ളില്‍ അവരെ സുരക്ഷിതരാക്കുക. ദിവസം ഒരു ജപമാലയെങ്കിലും മക്കളുമൊത്ത് ചൊല്ലി പ്രാര്‍ഥിക്കണം. കുടുംബം ഭദ്രമാകും, സുന്ദരമാകും.