പിതൃദൗത്യവും പിതൃവേദിയും

എന്‍റെ അപ്പന്‍ കൊണ്ട വെയിലായിരുന്നു എന്‍റെ തണല്‍ എന്ന് ഒരു മകന്‍ കുറിക്കുമ്പോള്‍, അംഗീകരിക്കപ്പെടുന്ന പിതൃത്വത്തിന്‍റെ ആനന്ദം എത്ര വലുതാണ്!

നുഷ്യചരിത്രത്തോളം പഴക്കമുള്ളതും അടിസ്ഥാനപരമായ ബന്ധത്തെ സൂചിപ്പിക്കുന്നതുമായ വാക്കാണ് പിതാവ്. മാനവസംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും അടിസ്ഥാനഘടകങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന ഒരു പദം. ഉത്ഭവത്തിന്‍റെ ഉറവിടങ്ങളെ തളളിപ്പറയുന്നവര്‍ക്ക് ഉറപ്പുള്ള ഭാവി അന്യമാകും; ഓര്‍മകളുടെ അവശേഷിപ്പുകളില്ലാതെ അവര്‍ കാലയവനികയ്ക്കുള്ളില്‍ മറയും. ഉറവിട ബോധ്യങ്ങളാണ് അര്‍ഥപൂര്‍ണമായ ഒരു ജീവനസാധ്യത നമുക്കൊരുക്കുന്നത്.

മാതൃത്വത്തെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ക്കിടയില്‍ പിതൃത്വം വേണ്ടവണ്ണം തിരിച്ചറിയപ്പെടാതെയും ആദരിക്കപ്പെടാതെയും പോകുന്നുണ്ടോ എന്നു ചിന്തിക്കുന്നവരുണ്ട്. തങ്ങളുടെ സ്വതസിദ്ധമായ ആര്‍ദ്രഭാവത്തിന്‍റെ നിറവില്‍ അമ്മമാര്‍ ഉന്നയിക്കുന്നതുപോലെയുള്ള അവകാശവാദം അപ്പന്മാര്‍ ഉന്നയിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.’പത്തുമാസം നൊന്തു പ്രസവിച്ച’ അമ്മയുടെ, വേദനയില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു ‘അവകാശവാദ’ത്തിനു തത്തുല്യമായത് പിതാക്കന്മാര്‍ക്കില്ലാതെ പോകുന്നുണ്ടോ? യഥാര്‍ഥത്തില്‍ ആത്മനൊമ്പരങ്ങളില്‍ അടിയുറച്ച ന്യായമായ അവകാശവാദങ്ങള്‍ പിതാക്കന്മാര്‍ക്കുമുണ്ട്. തിരിച്ചറിവുകളില്‍നിന്നും മക്കളത് അംഗീകരിക്കുമ്പോള്‍ ഹൃദയത്തില്‍ സന്തോഷിക്കുന്നവരാണ് പിതാക്കന്മാര്‍. ‘എന്‍റെ അപ്പന്‍ കൊണ്ട വെയിലായിരുന്നു എന്‍റെ തണല്‍’ എന്ന് ഒരു മകന്‍ കുറിക്കുമ്പോള്‍, അംഗീകരിക്കപ്പെടുന്ന പിതൃത്വത്തിന്‍റെ ആനന്ദം എത്ര വലുതാണ്! ‘പൂര്‍ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്കരുത്’ (പ്രഭാ. 7:27).

ഈശോ വെളിപ്പെടുത്തിയ പിതാവായ ദൈവം

ദൈവപിതൃത്വത്തിന്‍റെ വാങ്മയ ചിത്രം രചിച്ചത് ഈശോയാണ്. സ്നേഹത്തിന്‍റെയും സംരക്ഷണത്തിന്‍റെയും വഴിനടത്തലിന്‍റെയും പിതൃഭാവങ്ങള്‍ ഉപമകളിലൂടെയും പ്രബോധനങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും അവിടുന്നു പങ്കുവെച്ചു.അകലങ്ങളിലെ ദൈവത്തെ ഹൃദയത്തില്‍ അനുഭവമാക്കാന്‍ ഈശോയുടെ വചനങ്ങളും ജീവിതവും മനുഷ്യര്‍ക്ക് സഹായകമായി. ഈശോയുടെ രക്ഷാസന്ദേശങ്ങളുടെ ഉള്ളടക്കം ദൈവപിതാവിന്‍റെ സ്നേഹവാത്സല്യങ്ങളായിരുന്നു. സ്വജീവിതത്തെ പിതാവിന്‍റേതിനോടു താദാത്മ്യപ്പെടുത്തിക്കൊണ്ട് അവിടുന്നു ലോകത്തിനു മുമ്പില്‍ യഥാര്‍ഥത്തില്‍ പിതാവിന്‍റെ പ്രവൃത്തികളാണ് (യോഹ.14:11) വെളിപ്പെടുത്തിയത്. പിതാവിന്‍റെ ജോലിയുടെ നിര്‍വഹണം സാധിതമാക്കുകയെന്ന ദൗത്യമാണ് തന്‍റേതെന്ന് അവിടുന്നു വ്യക്തമാക്കുന്നുണ്ട് (യോഹ. 17:4). പിതൃത്വം ദൈവത്തിന്‍റെ ആകമാന സ്വഭാവത്തിന്‍റെ അനിവാര്യഭാവമാണെന്ന യാഥാര്‍ഥ്യമാണ് ഈശോയുടെ വാക്കുകളിലൂടെ വെളിവാകുന്നത്.ദൈവത്തെ പിതാവ് എന്നു വിശേഷിപ്പിക്കുമ്പോള്‍ മനുഷ്യചരിത്രത്തെ മുഴുവന്‍ ഒരു ഉറവിടത്തിന്‍റെ വിസ്മയസാധ്യതയിലേയ്ക്ക് ഉയര്‍ത്തുകയാണ് ഈശോ. അഗ്രാഹ്യമെങ്കിലും പകരംവെക്കാനാവാത്ത ഒരു തുടക്കത്തിന്‍റെ അവകാശികളാണ് തങ്ങളെന്ന ബോധ്യം മനുഷ്യര്‍ക്കു നല്കുന്ന സുരക്ഷിതത്വബോധവും ആത്മവിശ്വാസവും അവര്‍ണനീയമാണ്. ദൈവത്തില്‍ മാതൃത്വവും പിതൃത്വവും ഒരുപോലെ അന്തര്‍ലീനമായിരിക്കുന്നു. ‘പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ ജറുസലേമിന്‍റെ സന്തതികളെ ഒരുമിച്ചുകൂട്ടാനുളള’ ആഗ്രഹത്തില്‍ പ്രകടമാകുന്നത് മാതൃത്വത്തിന്‍റെ സ്നേഹഭാവമാണ്.

പിതൃത്വത്തിന്‍റെ സഭാത്മകദൗത്യം

കുടുംബത്തെ ഗാര്‍ഹികസഭ എന്നു നിര്‍വചിക്കുമ്പോള്‍ സ്വാഭാവികമായും മാതാപിതാക്കളുടെ തദനുസൃതമായ ദൗത്യം സവിശേഷപരിഗണന അര്‍ഹിക്കുന്നു. ‘യൗസേപ്പിന്‍റെയും മറിയത്തിന്‍റെയും സ്നേഹ നിര്‍ഭരമായ കുടുംബത്തില്‍ ജനിക്കാനും വളരാനും തിരുമനസായി’ക്കൊണ്ട് ഈശോ കുടുംബങ്ങളെ വിശുദ്ധീകരിക്കയും, രക്ഷാകരപദ്ധതിയില്‍ അവയ്ക്കുള്ള അടിയുറച്ച ദൗത്യങ്ങള്‍ക്ക് അടിവരയിടുകയും ചെയ്തു. ഒരു കുടുംബത്തില്‍ പിറന്നുകൊണ്ട് ‘കുടുംബത്തിലൂടെ ലോകത്തെ നവീകരിക്കാനുളള’ ദൈവപദ്ധതിയ്ക്ക് അവിടുന്നു തുടക്കം കുറിച്ചു. അവിടെ മാര്‍ യൗസേപ്പും പരിശുദ്ധ മറിയവും തങ്ങളുടെ നിര്‍ണായകമായ ദൗത്യങ്ങള്‍ കൃത്യതയോടെ നിര്‍വഹിച്ചു. ആധുനികലോകത്തില്‍ കുടുംബങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന നവീകരണ ദൗത്യം കൃത്യതയോടെ നിര്‍വഹിക്കപ്പെടണമെങ്കില്‍ സവിശേഷമായ വിധത്തില്‍ മാതാപിതാക്കള്‍ അതിനു സജ്ജരാകണം.

സഭയില്‍ സഭാത്മക ജീവിതമാതൃകയുടെ ഉത്തരവാദിത്വം പിതാക്കന്മാര്‍ക്കുണ്ട്. വിശ്വാസജീവിതത്തിന്‍റെ ജീവിക്കുന്ന സാക്ഷ്യമാവുകയെന്നത് അത്ര ലളിതമല്ല.അമ്മയുടെ വിശ്വാസവും സഭാജീവിതവും അനുഭവിച്ചു വളരുന്ന കുട്ടി അതിന്‍റെ പ്രായോഗിക സാധ്യതയിലേക്കു പിച്ച വെക്കുന്നത് പിതാവിന്‍റെ കരംപിടിച്ചാണ്. സഭയോടുള്ള ആഭിമുഖ്യവും സഭാജീവിതത്തിലുള്ള പങ്കാളിത്തവും മക്കളില്‍ ഉറപ്പിക്കാന്‍ പിതാവിനുള്ള കടമ പകരം വെക്കാനാവില്ല. പ്രാരംഭകൂദാശകളുടെ സ്വീകരണസമയത്ത് മക്കള്‍ക്കൊപ്പം മാതാപിതാക്കളും സന്നിഹിതരാകണമെന്ന സഭയുടെ താത്പര്യത്തില്‍ അതാണ് വെളിവാകുന്നത്. കുഞ്ഞുങ്ങളുടെ സഭാത്മകവളര്‍ച്ചയില്‍ മാതൃത്വത്തിന്‍റെയും പിതൃത്വത്തിന്‍റെയും നിര്‍ണായകസ്ഥാനത്തിന്‍റെ പ്രഖ്യാപനം കൂടിയായി അതിനെ തിരിച്ചറിയുക.

പിതൃവേദി ദൗത്യപാതയില്‍

വിവാഹിതരായ പുരുഷന്മാര്‍ക്കായി ചങ്ങനാശേരി അതിരൂപതയില്‍ 1983ല്‍ രൂപംകൊണ്ട പ്രസ്ഥാനമാണ് പിതൃവേദി. നാലു ദശാബ്ദങ്ങള്‍ പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ പിതൃവേദി അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സമകാലിക വെല്ലുവിളികള്‍ നേരിടാന്‍ തക്കവിധം പിതാക്കന്മാരെ ആത്മീയമായും ദൗതികമായും സജ്ജരാക്കണം; കുടുംബത്തിലൂടെ ലോകത്തെ നവീകരിക്കുക എന്ന ആദര്‍ശത്തില്‍ അടിയുറച്ച് ഭര്‍ത്താവ്, പിതാവ്, കുടുംബനാഥന്‍ തുടങ്ങിയ കടമകള്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ പ്രചോദിപ്പിക്കണം. യൂണിറ്റ്, ഫൊറോന,അതിരൂപത എന്നീ തലങ്ങളില്‍ ആസൂത്രണം ചെയ്യപ്പെടുന്ന വിവിധ പരിപാടികള്‍, അതിരൂപതയില്‍ ഒരു കൂട്ടായ്മയായി നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും പിതാക്കന്മാര്‍ക്ക് അവസരമൊരുക്കുന്നു.വ്യക്തിബന്ധങ്ങളിലും തലമുറകള്‍ക്കിടയിലുള്ള ബന്ധങ്ങളിലും നിലനില്ക്കുന്ന പ്രതിസന്ധികള്‍, കോവിഡനന്തരം ഗുരുതരമായ തലങ്ങളിലേയ്ക്കു വളര്‍ന്നിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളുടെയും ലഹരി മരുന്നുകളുടെയും വ്യാപനവും സ്വാധീനവും അതുയര്‍ത്തുന്ന വെല്ലുവിളികളും അടിയന്തരമായ ഇടപെടല്‍ അനിവാര്യമാക്കിയിരിക്കുന്നു. ഒറ്റപ്പെട്ടുള്ള ശ്രമങ്ങള്‍ക്കപ്പുറം കൂട്ടായ യത്നങ്ങള്‍ക്കാണ് ഫലദായകത്വം. പിതാക്കന്മാര്‍ക്ക് ഇക്കാര്യത്തില്‍ ഗൗരവമായ ഉത്തരവാദിത്വമുണ്ട്.

ദൈവപിതാവിന്‍റെ സ്നേഹഭാവം ഹൃദയത്തിലും ജീവിതത്തിലും സംവഹിക്കാനുള്ള ദൈവവിളി സ്വീകരിച്ചിരിക്കുന്ന പിതാക്കന്മാര്‍, സ്വന്തം കുടുംബങ്ങളില്‍ സഭാത്മകജീവിതത്തിന് സാക്ഷ്യം നല്കുന്ന സാന്നിധ്യങ്ങളാകണം. ഈശോ വെളിപ്പെടുത്തിയ സ്വര്‍ഗീയ പിതാവിന്‍റെ സ്നേഹഭാവങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയ മാര്‍ യൗസേപ്പിനെ മധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്ന പിതാക്കന്മാര്‍, ദൈവഹിതത്തിന്‍റെ വിശുദ്ധ വഴിയില്‍ അര്‍പ്പിതരായി പിതൃദൗത്യം ഫലപ്രദമായി നിര്‍വഹി ക്കണം. മക്കളെ സഭാജീവിതത്തിലേക്കു ചേര്‍ക്കുന്നതിനും, ഉത്തമ പൗരന്മാരായി ജീവിക്കാന്‍ സജ്ജരാക്കുന്നതിനും ജീവിതപങ്കാളിയോടു ചേര്‍ന്ന് അവര്‍ യത്നിക്കണം. ഉത്തരവാദിത്വമുള്ള കൗദാശികജീവിതവും പൗരബോധമുള്ള സാമൂഹികജീവിതവും ദൗത്യ ബോധമുള്ള കുടുംബജീവിതവും എല്ലാ പിതാക്കന്മാരുടെയും ദൈവവിളിയാണ്.