പിതൃവേദിയുടെ തുടക്കം

മാതൃജ്യോതിസിന്‍റെ സമ്മേളനം കഴിഞ്ഞപ്പോള്‍ ഒരമ്മച്ചി വന്നുപറഞ്ഞു: ഞങ്ങള്‍ മാത്രം ഇങ്ങനെ സംഘടിച്ചതുകൊണ്ട് എന്തു മാറ്റം വരാനാണ്? കുടുംബത്തില്‍ മാറ്റം വരണമെങ്കില്‍ പുരുഷന്മാര്‍ സംഘടിക്കണം. അവര്‍ക്കാണ് ക്ലാസുകള്‍ കൊടുക്കേണ്ടത്.

1982സെപ്റ്റംബറില്‍ മാതൃജ്യോതിസിന്‍റെ രണ്ടാം വാര്‍ഷികസമ്മേളനം. എസ്ബി കോളജിലെ ആര്‍ച്ചുബിഷപ്പ് കാവുകാട്ട് ഹാളിലാണ് നടക്കുന്നത്. രണ്ടായിരത്തിലധികം മാതാക്കള്‍ സംബന്ധിച്ച സമ്മേളനം. 1980 സെപ്റ്റംബര്‍ 20നാണല്ലോ മാതാക്കളുടെ സംഘടന രൂപംകൊണ്ടത്. സമ്മേളനം കഴിഞ്ഞ് ഭാരവാഹികളും ഏതാനും അമ്മമാരുമായി സംസാരിച്ചുകൊണ്ട് ഞാന്‍ പുറത്തു നില്‍ക്കുകയായിരുന്നു. അതിനിടയില്‍ ഒരമ്മച്ചി ഇടയ്ക്കു കയറി പറഞ്ഞു: ഞങ്ങള്‍ മാത്രം ഇങ്ങനെ സംഘടിച്ചതുകൊണ്ട് എന്തു മാറ്റം വരാനാണ്? കുടുംബത്തില്‍ യഥാര്‍ഥ മാറ്റം വരണമെങ്കില്‍ പുരുഷന്മാര്‍ സംഘടിക്കണം. അവര്‍ക്കാണ് ക്ലാസുകള്‍ കൊടുക്കേണ്ടത്. അതേക്കുറിച്ചു ചിന്തിച്ചപ്പോള്‍, ഗൗരവത്തില്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണല്ലോ എന്നു തോന്നി. അതേത്തുടര്‍ന്നാണ് പിതാക്കന്മാരെ തനിച്ചു സംഘടിപ്പിക്കാന്‍ തുടങ്ങിയത്.

പിതൃവേദി അതിരൂപതാതലത്തില്‍ ആരംഭിച്ചത് 1983 ഡിസംബര്‍ നാലിനാണ്. എന്നാല്‍ അതിനുമുമ്പേ കുറേ യൂണിറ്റുകള്‍ തുടങ്ങിയിരുന്നു. മാതൃജ്യോതിസിന്‍റെയും കാര്യത്തില്‍ അതേ രീതിയാണ് സ്വീകരിച്ചത്. 25ല്‍പരം യൂണിറ്റുകള്‍ വിവിധ ഇടവകകളിലായി ഉദ്ഘാടനത്തിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു.പിതൃവേദിയുടെ ആദ്യ യൂണിറ്റുകള്‍ അന്നത്തെ പുളിങ്കുന്ന് ഫൊറോനായിലായിരുന്നു. ഫാമിലി അപ്പോസ്തലേറ്റിന് ശക്തരും കര്‍മോത്സുകരുമായ കുറെ ഫൊറോനാ ഡയറക്ടേഴ്സ് അന്നുണ്ടായിരുന്നത്പ്ര വര്‍ത്തനങ്ങളുടെ വിജയത്തിനു കാരണമായി.

ജോസ് പി. കൊട്ടാരത്തിലച്ചന്‍ ആയിരുന്നു പുളിങ്കുന്ന് ഫൊറോനായുടെ ഡയറക്ടര്‍. ഞാനും അച്ചനും പിതൃവേദി സ്ഥാപിക്കാന്‍ ആദ്യം പോയത് മണലാടി പള്ളിയിലാണ്. തോമസ് തൈക്കാട്ടുശേരിയില്‍ അച്ചനാണ് അന്നവിടെ വികാരി. റ്റി.എം നമ്പിമഠം സാറും കൂടെയുണ്ട്. പിതൃവേദിയിലൂടെ ഉദ്ദേശിക്കുന്ന കാര്യങ്ങളും, പ്രസ്ഥാനത്തിന്‍റെ ആവശ്യകത സംബന്ധിച്ചും ഞാന്‍ സംസാരിച്ചു. കുടുംബത്തില്‍ പുരുഷന്‍ നിര്‍വഹിക്കേണ്ട പങ്കിനെക്കുറിച്ചായിരുന്നു നമ്പിമഠം സാറിന്‍റെ ക്ലാസ്. സന്ധ്യാപ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനം എട്ടുമണി കഴിഞ്ഞാണ് അവസാനിച്ചത്. ഭാരവാഹികളെയും അന്നുതന്നെ തെരഞ്ഞെടുത്തു. അങ്ങനെ പിതൃവേദിയുടെ ആദ്യ യൂണിറ്റ് മണലാടിയില്‍ തുടങ്ങി.

പിന്നീട് പുളിങ്കുന്ന് ഫൊറോനായില്‍, പുളിങ്കുന്ന്, വേഴപ്ര തുടങ്ങി ആറ് പള്ളികളിലും, മറ്റു ഫൊറോനാകളില്‍ പത്തോളം ഇടവകകളിലുമായി 20 യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി കഴിഞ്ഞാണ് പ്രസ്ഥാനത്തിന്‍റെ അതിരൂപതാതലത്തിലുള്ള ഉദ്ഘാടനത്തെക്കുറിച്ചു ചിന്തിച്ചത്.പിതൃവേദി എന്നു പറഞ്ഞാണ് ആരംഭിച്ചതെങ്കിലും, പിതൃശക്തി എന്ന പേരാണ് മെച്ചം എന്നൊരു ശക്തമായ അഭിപ്രായം ചില ഭാഗങ്ങളില്‍ നിന്നുയര്‍ന്നു. സ്ത്രീ കുടുംബത്തിന്‍റെ വിളക്ക് എന്ന ആദര്‍ശത്തില്‍ നിന്നാണ് മാതൃജ്യോതിസ് ഉണ്ടായത്. അതുപോലെ, പിതാക്കന്മാരുടെ പ്രത്യേകത അവരുടെ ശക്തിയും അധികാരവും ആണെന്ന ചിന്തയായിരുന്നു പിതൃശക്തി നിര്‍ദേശിച്ചവരുടെ മനസില്‍. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെയും ഫൊറോനാ ഡയറക്ടര്‍മാരുടെയും സംയുക്തതീരുമാനത്തെ തുടര്‍ന്നാണ് ‘പിതൃവേദി’ പ്രസ്ഥാനത്തിന്‍റെ പേരായി നിശ്ചയിച്ചത്. നിയമാവലി തയാറാക്കുകയായിരുന്നു അടുത്ത ഉദ്യമം. മാതൃജ്യോതിസിന്‍റെ നിയമാവലിയുടെ മാതൃകയില്‍ അതും പെട്ടെന്നു തയാറാക്കി. 1983 ഡിസംബര്‍ നാലിന് എസ്ബി കോളജിലെ മോണ്‍. കല്ലറയ്ക്കല്‍ ഹാളില്‍, നിറഞ്ഞുനിന്ന സദസിനെ സാക്ഷിയാക്കി കര്‍ദിനാള്‍ ആന്‍റണി പടിയറ ഭദ്രദീപം തെളിയിച്ച് പിതൃവേദി ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.റ്റി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. വിവാഹ ഒരുക്ക സെമിനാര്‍, മാതൃജ്യോതിസ്, കുടുംബജ്യോതിസ് എന്നിവയ്ക്കു ശേഷം ഫാമിലി അപ്പോസ്തലേറ്റിന് ഒരു പൊന്‍തൂവല്‍ കൂടി ലഭിച്ചു.