മനുഷ്യരില്‍ നിക്ഷേപിക്കുക

ദരിദ്രനിലേക്ക് സദാ തുറന്നുവെച്ച കണ്ണിന്‍റെ പേരായിരുന്നു യേശു.

യേശുവിനെക്കുറിച്ച് എണ്ണിയാല്‍ തീരാത്ത അപദാനങ്ങളുണ്ട്. ലുത്തിനിയ പ്രാര്‍ഥനകണക്കെ എന്തുമാത്രം കാര്യങ്ങളാണ് അവന്‍റെ മേല്‍ സ്നേഹത്തോടെ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത്, അപരനുവേണ്ടിയുള്ള നരന്‍ എന്ന പ്രയോഗമാണ്.

എവിടെയൊക്കെ മനുഷ്യന്‍ ഈ അപരനെ ഗൗരവമായിട്ടെടുക്കുന്നുവോ, അപരനു വേണ്ടി തന്‍റെ ജീവിതം അര്‍പ്പിക്കുന്നുവോ അവിടെയൊക്കെ യേശുവിനെ വെളിപ്പെട്ടുകിട്ടുന്നത് യേശുഭാവനയിലേക്ക് നമ്മുടെ ഭാവന ഉണരുന്നത്, ഈയൊരു ധ്യാനത്തിന്‍റെ പശ്ചാത്തലത്തിലാണ്. യേശുവിനെപ്പോലെ രൂപപ്പെടുക എന്നതോ, നമ്മള്‍ അവിടെയെത്തുകയോ ഇല്ലയോ എന്നതോ ഒക്കെ ചെറിയ കാര്യങ്ങളാണ്.

മുമ്പൊരിക്കല്‍ സൂചിപ്പിച്ചിട്ടുള്ള കാര്യം തന്നെയാണ്. ഞങ്ങളുടെ ഒരു വയോധികനായ സഹോദരന്‍ മരിക്കുമ്പോള്‍ വാര്‍ധക്യകാലത്ത് അദേഹത്തിന്‍റെ ഓര്‍മയ്ക്കൊക്കെ പ്രശ്നമുണ്ടായിരുന്നു. എല്ലാ ഓര്‍മകളും നഷ്ടപ്പെട്ട ഈ മനുഷ്യന്‍ ഒരു കാര്യം മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്; ഞാനല്ല ജീവിക്കുന്നത്, എന്നില്‍ യേശുവാണ് ജീവിക്കുന്നത്.

വാസ്തവത്തില്‍ അത്രയും ഏകാഗ്രമാകാത്ത പരിസരത്തില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക് അത് കഠിനമായ, തീക്ഷ്ണമായ മുന്നറിയിപ്പാണ്. യേശുവിനെപ്പോലെ ആകുക എന്നത്സ ങ്കല്പമാണ്. എന്തുമാത്രം നിങ്ങള്‍ നിങ്ങളുടെ കാലത്തിനു വേണ്ടി, നിങ്ങളുടെ പരിസരത്തിനു വേണ്ടി, നിങ്ങളുടെ ഉറ്റവര്‍ക്കുവേണ്ടി ഭാവന പുലര്‍ത്തുന്നു എന്നതാണ് നിങ്ങളിലെ യേശു അംശത്തിന്‍റെ ഗുണമേന്മ നിര്‍ണയിക്കുന്ന ഘടകം. ലോകത്തിനു വേണ്ടി പുതിയ ഭാവന ഉണ്ടാക്കുക എന്നതാണ് പ്രധാനം.

മെച്ചപ്പെട്ട ആ ഭാവന ലോകത്തിനു കൈമാറുന്ന രീതിയുടെ പേരാണ് സുവിശേഷപ്രഘോഷണം. കാര്യങ്ങളോരോന്നും ഇതുപോലെ നിലനില്ക്കേണ്ടതല്ലെന്നും, ഏതൊരു കാര്യവും വഴിതെറ്റിപ്പോയാല്‍ അതിനെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും, അങ്ങനെ ഭേദപ്പെട്ട ഒരു ലോകക്രമം ഉണ്ടാകും എന്നുമുള്ള ധൈര്യത്തിന്‍റെ പേരാണ് സുവിശേഷപ്രഘോഷണം.

വായിച്ചുകൊണ്ടിരിക്കുന്ന ബൈബിള്‍ എങ്ങനെയാണ് അവസാനിപ്പിച്ചിരിക്കുന്നത്? ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ആ രണ്ടു പദങ്ങള്‍ക്കും ഒരേപോലെയുള്ള അനുപാതവും പ്രാധാന്യവും മുഴക്കവുമാണ് കൊടുത്തിരിക്കുന്നത്.

ആകാശം നമുക്കറിയാവുന്നതുപോലെ അനന്തതയുമായി, അപാരതയുമായി ബന്ധിപ്പിക്കാവുന്ന ഒന്നാണ്. നമുക്ക് തൊടാവുന്ന, നമ്മള്‍ ജീവിക്കുന്ന, നമ്മള്‍ പെട്ടു പോകുന്ന, നമ്മള്‍ വഴുതിപ്പോകുന്ന, നമ്മള്‍ വീണ്ടെടുക്കുന്ന ഒരു ഭൗതികക്രമത്തിന്‍റെ പേരാണ് ലോകം.ലോകത്തെ മെച്ചപ്പെടുത്താന്‍ നമ്മള്‍ എന്തു നല്കി എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

അതുകൊണ്ടാണ് ക്രൈസ്തവികതയോടു ബന്ധപ്പെട്ട് മനുഷ്യന്‍റെ സങ്കടങ്ങള്‍ക്കകത്ത് ഗൗരവമായ ശ്രദ്ധയുണ്ടായത്. പൗലോസ് തന്‍റെ സുവിശേഷപ്രഘോഷണത്തെ അഭിസംബോധന ചെയ്യുന്നത് അങ്ങനെയാണ്. പൗലോസ് ഒരു തിരുത്ത് കൊടുക്കുന്നുണ്ട്; ദരിദ്രരെ കുറേക്കൂടി ശ്രദ്ധിക്കണം. ദരിദ്രരുടെ കാര്യത്തില്‍ ശ്രദ്ധയെന്നത്സു വിശേഷപ്രഘോഷണത്തിന്‍റെ ഏറ്റവും കാതലായവശമാണ്. ഞങ്ങളുടെയൊക്കെ ചെറിയ പ്രായത്തില്‍ അക്കാര്യം നന്നായി കേട്ടിട്ടുണ്ട്.

പുതിയൊരു പ്രപഞ്ചം രൂപപ്പെട്ടുകഴിഞ്ഞപ്പോള്‍ ആ പദങ്ങള്‍ അത്രത്തോളം കേള്‍ക്കുന്നില്ല. എല്ലാവരും തങ്ങള്‍ക്കു ലഭിക്കുന്ന വൈകാരികമായ വര്‍ണങ്ങളിലേക്കും പ്രചോദനങ്ങളിലേക്കും വഴുതിപ്പോകുന്നുവോ എന്നു ഞാന്‍ ഭയപ്പെടുന്ന കാലം കൂടിയാണിത്. നമ്മുടെ ധ്യാനകേന്ദ്രങ്ങളിലും പള്ളിപ്രസംഗങ്ങളിലും കുടുംബയോഗങ്ങളിലുമൊക്കെ ദരിദ്രര്‍ എന്ന വിഷയം കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

ദരിദ്രനിലേക്ക് സദാ തുറന്നുവെച്ച കണ്ണിന്‍റെ പേരായിരുന്നു യേശു. ഈ ദരിദ്രന് പേരിട്ടിട്ടുണ്ട്, ലാസര്‍. ലാസര്‍ എല്ലാ ദരിദ്രരെയും റെപ്രെസെൻ്റ് ചെയ്യുന്ന ആളല്ല എന്നാണ്, വേദപുസ്തകം വ്യത്യസ്തമായി വായിക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന എന്‍റെ ഒരു അനുജന്‍ പറയുന്നത്. ലാസറിനെ ശ്രദ്ധിച്ചില്ല, കാണാതെ പോയി എന്നതാണ് ധനികന്‍റെ പ്രശ്നം.

ലാസര്‍, നിങ്ങള്‍ക്കു പേരിട്ടു വിളിക്കാവുന്ന, നിങ്ങളുടെ ഏറ്റവും അടുത്ത പരിസരത്തുള്ള ആളുകളാണ്. നിങ്ങളുടെ ക്ലേശമനുഭവിക്കുന്ന ബന്ധുവാകാം.നിങ്ങളുടെ ജീവിതത്തെ ചെറിയ ചെറിയ ജോലികള്‍ ചെയ്ത് സഹായിച്ചും സ്വന്തം ജീവിതം നിലനിര്‍ത്തിയും പോരുന്ന പാവപ്പെട്ട പരിചയമുള്ള മനുഷ്യരായിരിക്കാം.

പരിചയമുള്ള മനുഷ്യരെ കാണാതെപോയി എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. രാവിലെ വീടിനകത്തു വന്ന് സഹായിക്കുന്ന സ്ത്രീയുടെ കുടുംബം എങ്ങനെ മുന്നോട്ടുപോകുന്നു എന്നതിനെക്കുറിച്ച് നാം വിചാരിക്കാറില്ല. അവള്‍ക്ക് അവധി കൊടുക്കേണ്ടതിനെക്കുറിച്ച് നാം ചിന്തിക്കാറില്ല. ഇങ്ങനെ എണ്ണിയെണ്ണി പറയാന്‍ തുടങ്ങിയാല്‍ എല്ലായിടത്തും അവഗണിക്കപ്പെടുന്ന, ഏറ്റവും പരിചയമുള്ള ആളുടെ പേരാണ് ലാസര്‍.

കുറേക്കൂടി ദരിദ്രരിലും ക്ലേശമനുഭവിക്കുന്നവരിലുമെല്ലാം ഇന്‍വെസ്റ്റ് ചെയ്യുക എന്നത് ക്രിസ്തീയപാരമ്പര്യത്തിന്‍റെ ആദ്യഘട്ടം മുതലുള്ള അനുഭവമാണ്. ഒരു കഥകേട്ടിട്ടില്ലേ. പള്ളിക്കു കണക്കില്ലാത്ത സ്വത്തുണ്ടെന്ന ധാരണയില്‍ പള്ളി കൊള്ളയടിക്കാന്‍ ഭടന്മാര്‍ പള്ളി വളയുകയാണ്. അവര്‍ ആവശ്യപ്പെട്ടു: അകത്തുള്ള നിങ്ങളുടെ കണക്കില്ലാത്ത സമ്പത്ത്ഞ ങ്ങള്‍ക്കു തരണം. അങ്ങനെയെങ്കില്‍ കാര്യമായ ബുദ്ധിമുട്ടില്ലാതെ നിങ്ങളെ വെറുതെ വിടാം.

ഡീക്കന്‍ ലോറന്‍സ് മറുപടി പറഞ്ഞു: അതിന് ഇത്തിരി താമസമെടുക്കും. നിങ്ങള്‍ കാത്തുനില്ക്കണം. അകത്തേയ്ക്കു പോയ ഈ മനുഷ്യന്‍ പള്ളിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. ആ വാതിലിലൂടെ ആ ദേശത്തെ ഏറ്റവും ദരിദ്രരായ മനുഷ്യരെല്ലാം പുറത്തേയ്ക്കു വന്നു. അനാഥരും വൈകല്യങ്ങളുള്ളവരും ജീവിതയോഗ്യമല്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുമെല്ലാം സംഘയാത്ര കണക്കെ പുറത്തേയ്ക്കു വരികയാണ്. അവരെ ചൂണ്ടിക്കാട്ടി ലോറന്‍സ് പറഞ്ഞു:ഇതാണ് ഞങ്ങളുടെ ധനം.

ദരിദ്രരാണ് ഞങ്ങളുടെ ധനമെന്നു പറയത്തക്ക പ്രകാശമുണ്ടായിരുന്ന ഒരു സമൂഹത്തില്‍ നിന്ന് നാം എത്രയോ വഴുതിപ്പോയിരിക്കുന്നു.നാം പാര്‍ക്കുന്ന ലോകത്തിനുള്ളിലും അവിടെ ക്ലേശിക്കുന്ന മനുഷ്യരിലും കുറേക്കൂടി ഇന്‍വെസ്റ്റ് ചെയ്യാനുള്ള ബാധ്യത ഒന്നുകൂടി ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാല്‍ നല്ലതായിരിക്കും. കുറേക്കൂടി മനുഷ്യരിലേക്കു ചൊരിയുന്നവരാകുക.

കസന്‍ദ്സാക്കീസ് കടന്നുപോകുന്ന അവസാനകാലം. അയാള്‍ക്ക് വളരെ ഗൗരവമായ രോഗം പിടിപെട്ടു. വാര്‍ത്ത അറിയുമ്പോള്‍ വിഷമിച്ചിരിക്കാനല്ല അയാള്‍ തയാറാകുന്നത്. മരണവുമായി ബന്ധപ്പെട്ട ആകുലതയ്ക്കകത്തും തന്‍റെ പോയട്രി നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്. അയാള്‍ പറഞ്ഞത് ഇങ്ങനെ: ഞാന്‍ തെരുവിലേക്കു പോയിട്ട് കണ്ടുമുട്ടുന്ന എല്ലാ മനുഷ്യരോടും ഇങ്ങനെ പറയും. നിങ്ങളുടെ സമയത്തിന്‍റെ ചെറിയൊരംശം എനിക്കു തരിക. അങ്ങനെ അതെല്ലാം കൂടി ശേഖരിച്ച് ശേഖരിച്ച് ഞാനൊരു 10 വര്‍ഷം രൂപപ്പെടുത്തും. എന്നിട്ട് ആ 10 വര്‍ഷത്തിനുള്ളില്‍ ഞാന്‍ ശേഖരിച്ചതും ആര്‍ജിച്ചതുമായ എല്ലാ കാര്യങ്ങളും എഴുത്തിലേക്ക് ചൊരിയും. അങ്ങനെ മരണമെന്നെ തേടിവരുമ്പോള്‍ മരണത്തിന് കൊടുക്കാനായി എന്‍റെ കൈവശം ചില എല്ലിന്‍ കഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. അതിനകത്ത് മജ്ജയുണ്ടായിരിക്കില്ല. കാരണം, അതെല്ലാം ഞാന്‍ എഴുത്തില്‍ ചൊരിഞ്ഞിട്ടുണ്ട്.

ഇങ്ങനെ, എഴുത്തില്‍ ചൊരിയുന്നു എന്ന കവിത പോലെ വളരെ പ്രധാനപ്പെട്ടതല്ലേ പാര്‍ക്കുന്ന കാലത്തിലും ലോകത്തും ചൊരിയുക എന്നത്. അതിനുള്ളില്‍ അതിനെ മെച്ചപ്പെടുത്താന്‍ നാം എന്തു ചെയ്തിട്ടുണ്ട്?

അടുത്തകാലത്ത് വളരെ സ്പിരിച്വലാണെന്ന് തോന്നിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. ജനകീയനായ ഒരു മുഖ്യമന്ത്രിയുടെ അന്ത്യയാത്രയായിരുന്നു അത്. ഈ മനുഷ്യന്‍ നന്നായി അലഞ്ഞിട്ടുണ്ട് എന്ന കാര്യത്തെക്കുറിച്ച് ആര്‍ക്കും തര്‍ക്കമില്ല. മനുഷ്യരെ ഏറെ മണിക്കൂറുകള്‍ അനുഭാവത്തോടെ കേട്ടിരുന്നു. ആര്‍ക്കും നേരിട്ട് കടന്നുവരാന്‍ കഴിയുന്ന തരത്തിലുള്ള സ്വീകാര്യത ഉണ്ടാക്കിയെടുത്തു.

പിന്നീട് അദേഹത്തിന് വയ്യാതായി. രോഗാവസ്ഥയിലുള്ള അദേഹത്തിന്‍റെ ചിത്രം പത്രങ്ങളിലും വീഡിയോയിലും കാണുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ടായിരുന്ന ഒറ്റകാര്യം ഇതാണ്; കസന്‍ദ്സാക്കീസ് എഴുത്തില്‍ ചൊരിഞ്ഞതുപോലെ ഇദേഹം മനുഷ്യരില്‍ നിരന്തരം ചൊരിഞ്ഞുകൊണ്ടിരിക്കയായിരുന്നു. മനുഷ്യരില്‍ ഇന്‍വെസ്റ്റ് ചെയ്തു കൊണ്ടിരിക്കയായിരുന്നു. അതിന്‍റെ ഏറ്റവും ഭംഗിയുള്ള സാക്ഷ്യമാണ്, എവിടെയൊക്കെയോ ഉള്ള മനുഷ്യര്‍ നിലവിളികളോടെ പാതയോരത്ത് ഇദേഹത്തിന്‍റെ അന്ത്യയാത്ര കാണാന്‍ കാത്തുനിന്നത്.

അടുത്തകാലത്ത് ഇതിനു തുല്യമായ ഒരു കാഴ്ച നമ്മള്‍ കണ്ടിട്ടില്ല.ഒരുപക്ഷേ മുഴുവന്‍ മലയാളി ഭാവനയെയും വിമലീകരിക്കുന്ന വിധം ശക്തമായിരുന്നു അദേഹത്തിന്‍റെ അന്ത്യയാത്ര. മനുഷ്യരില്‍ ഇന്‍വെസ്റ്റ് ചെയ്യുക. എവിടെയെങ്കിലുമൊക്കെയായാല്‍ മതി. നിങ്ങള്‍ക്ക് തീരെ വയ്യാതാകുന്ന കാലത്ത് നിങ്ങള്‍ക്ക് തീരെ അപരിചിതമായ ഇടങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് സ്വൈപ്പ് ചെയ്തെടുക്കാന്‍ പറ്റും.

ബഷീര്‍ രണ്ടുതവണ ജയിലില്‍ പോയിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. രണ്ടുതവണ പോയപ്പോഴും ഈ മനുഷ്യന്‍ കയ്യില്‍ കരുതിയിരുന്നത് റോസാച്ചെടിയുടെ കമ്പായിരുന്നു. എന്നിട്ട് അതിങ്ങനെ ജയില്‍വളപ്പില്‍ നട്ടുവളര്‍ത്തി. ജയില്‍വളപ്പില്‍ പനിനീര്‍പ്പൂക്കള്‍ നട്ടുവളര്‍ത്താന്‍ അത് ബന്ധുവീടൊന്നുമല്ലല്ലോ. എന്നിട്ടും ഏറ്റവും മോശപ്പെട്ട കാലത്ത്, അതെത്ര ചെറുതോ വലുതോ ആകട്ടെ, ജീവിതം ചെലവഴിക്കുമ്പോള്‍ അതിനെ ഭംഗിയുള്ള കാലമാക്കി മാറ്റാന്‍ ബഷീര്‍ ശ്രദ്ധിച്ചിരുന്നു എന്നതാണ് നമ്മുടെ ധ്യാനവിഷയം.

കാലം ചെറുതോ വലുതോ ആയിക്കൊള്ളട്ടെ. സാഹചര്യം നല്ലതോ മോശമോ ആകട്ടെ. നിങ്ങള്‍ക്കതിനെ ഭംഗിയുള്ളതാക്കി മാറ്റാന്‍ കഴിയുമോ ഇല്ലയോ എന്നതാണ് പ്രസക്തമായ ചോദ്യം. ഒരു ആശ്രമമുറിയുടെ വാതില്ക്കല്‍ സന്ദര്‍ശകര്‍ക്കായി എഴുതിവെച്ചിരിക്കുന്നത് ഇപ്രകാരമാണ്: നിങ്ങള്‍ക്ക് കിട്ടിയതിനേക്കാള്‍ ഭംഗിയുള്ള മുറി അവശേഷിപ്പിച്ചിട്ടു പോവുക.

ജീവിതത്തിന് ഒരു പര്‍പ്പസ് ഉണ്ടെന്നാണല്ലോ നമ്മള്‍ വിചാരിക്കുന്നത്?എങ്ങനെയാണ് ഈ പര്‍പ്പസിനെ തിരിച്ചറിയുന്നത്. നിങ്ങള്‍ കടന്നുപോയിക്കഴിയുമ്പോള്‍ നിങ്ങള്‍ പാര്‍ത്ത ഇടങ്ങളും നിങ്ങള്‍ ചേര്‍ത്തുപിടിച്ച മനുഷ്യരും നിങ്ങള്‍ക്കു കിട്ടിയതിനേക്കാള്‍ ഭംഗിയുള്ളതായി രൂപാന്തരപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കില്‍ കണ്ണുനിറഞ്ഞ് സന്തോഷത്തോടെ,വേദപുസ്തകത്തിന്‍റെ ഭാഷയില്‍ സമാധാനത്തോടെ, നിങ്ങള്‍ക്കു മടങ്ങിപ്പോകാനാവും.

കുറേക്കൂടി ദരിദ്രരിലേക്കും മനുഷ്യരിലേക്കും ഇന്‍വെസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ലതായിരിക്കും. പുതിയൊരു ഭാവന ലോകത്തിനു വേണ്ടി നെയ്തെടുക്കണം. ഈ പുതിയ ഭാവന രൂപപ്പെടുത്തുന്ന മനുഷ്യര്‍ക്ക് മനുഷ്യരില്‍ നിക്ഷേപിച്ചേ പറ്റൂ. പുതിയ ഭാവനയുടെ ഭംഗിയുള്ള വായനകള്‍ എല്ലായിടത്തും നടക്കുന്നുണ്ട്. അടുത്തിടെ ധ്യാനത്തിനു വന്ന ഒരാള്‍. വെറുതെ ഞങ്ങളിങ്ങനെ കുശലം പറഞ്ഞിരിക്കയാണ് വീടിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പെട്ടെന്ന് തന്‍റെ പ്രായവും പ്രൊഫൈലുമൊക്കെ മറന്ന് അയാള്‍ വാവിട്ടു നിലവിളിച്ചു. രണ്ടുമൂന്നു മാസം മുമ്പാണ് അയാളുടെ ഭാര്യ അര്‍ബുദം പിടിപെട്ട് മരിച്ചത്.

അയാള്‍ പറഞ്ഞത് ഇങ്ങനെ: ഒരാള്‍ പോലും തനിക്കെന്തുപറ്റിയെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. വീടിനകത്ത് ഒറ്റയ്ക്കെങ്ങനെ കഴിയുന്നു എന്നു ചോദിച്ചിട്ടില്ല. ഞാന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞുതുടങ്ങുമ്പോഴേക്കും എത്ര പെട്ടെന്നാണ് അവര്‍ അവരുടെ വിരസത കൈമാറുന്നത്.

കേള്‍ക്കുക എന്നതുപോലും ചെറിയ കാര്യമല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ പരിസരത്തിന് നല്കാന്‍ കഴിയുന്ന പത്തുപന്ത്രണ്ട് കാര്യങ്ങളുടെ പട്ടികയെടുക്കുകയാണെങ്കില്‍ അതില്‍ ഏറ്റവും അവസാനത്തേതു മാത്രമാണ് പണം. എന്തുകൊണ്ട് നിങ്ങള്‍ക്ക് മറ്റൊരാളെ കേട്ടുകൂടാ?