മാറുന്ന സഭയും മാറ്റത്തിന്‍റെ ചിത്രങ്ങളും

ഗോള കത്തോലിക്കാസഭയിലെ പതിനാറാമത് സിനഡിന്‍റെ ഓരോ ദിവസത്തെയും വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രതിനിധികള്‍ നിരന്തരമുയര്‍ത്തിയ ചോദ്യങ്ങള്‍ യൂറോപ്യന്‍ പശ്ചാത്തലത്തിലുള്ളവയായിരുന്നു. ഒക്ടോബര്‍ നാലാം തീയതി വി. ഫ്രാന്‍സിസ് അസീസിയുടെ തിരുനാളില്‍, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നാമഹേതുകതിരുനാള്‍ ആഘോഷിച്ചുകൊണ്ട് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ആഗോള സിനഡ്, മൂന്നാമത്തെആഴ്ചയിലെത്തിയപ്പോള്‍ വത്തിക്കാന്‍ മാധ്യമവിഭാഗം മേധാവി പൗളോ റുഫിന്‍ മാധ്യമങ്ങള്‍ക്കു നല്കിയ മറുപടി ഇതായിരുന്നു: ‘ഏറെ ബഹുമാനത്തോടെ പറയട്ടെ, നിങ്ങളുടെ ചോദ്യങ്ങളിലെല്ലാം ഒരു പ്രശ്നമുണ്ട്. അത് ഇതാണ്; സഭ കേള്‍ക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. സഭ അറിയാന്‍ ആഗ്രഹിക്കുന്നത്, അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. ദൈവജനത്തിന്‍റെ അനുദിന നിലനില്പിനെക്കുറിച്ചും നമ്മള്‍ അധിവസിക്കുന്ന ഭൂമിയുടെ അതിജീവനത്തെക്കുറിച്ചും സഭയുടെ മക്കളില്‍ നിന്നുതന്നെ ശ്രവിക്കാന്‍ സഭ ശ്രമിക്കുമ്പോള്‍, നിങ്ങള്‍ അറിയാന്‍ആഗ്രഹിക്കുന്നത് വിവാദങ്ങളാണ്. നമ്മുടെ അതിര്‍ത്തികള്‍ക്കപ്പുറവുംസഭയുണ്ടെന്നും, യഥാര്‍ഥത്തില്‍ സഭയുടെ വളര്‍ച്ചയുടെ മുകുളങ്ങള്‍ കാണപ്പെടുന്നത് സമൂഹത്തിന്‍റെപാര്‍ശ്വങ്ങളിലാണെന്നും നമ്മള്‍ മറക്കരുത്.’

സഭയിലെ അല്മായ പ്രാതിനിധ്യത്തെക്കുറിച്ച് വിവാദമുണ്ടാക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് മറുപടി പറഞ്ഞ അദേഹം, ഇറ്റലിക്കാരനായ ഒരു കുടുംബനാഥനാണ് എന്ന കാര്യവും ഓർക്കണം. വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്ന സിനഡിനോട് അനുബന്ധിച്ചു മാധ്യമങ്ങള്‍ ഉയര്‍ത്തിയ മറ്റൊരു ചോദ്യം, സഭയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ചായിരുന്നു. അതിനു മറുപടി നല്കിയത് മൊസാംബിക്കില്‍ നിന്നുള്ള വത്തിക്കാന്‍ മീഡിയ സെക്രട്ടറി പ്രഫ.ഷീല ലെയോകാദിയ ആയിരുന്നു: ‘മാര്‍പാപ്പാ ഇരിക്കുന്ന ടേബിള്‍ നിങ്ങള്‍ ശ്രദ്ധിച്ചോ?’ ഇതായിരുന്നു അവരുടെ ചോദ്യം. ‘ഒരു വട്ടമേശയില്‍ പൗരസ്ത്യസഭയുടെ പ്രതിനിധികളോടൊപ്പം ഇരിക്കുന്ന മാര്‍പാപ്പായുടെ ഇടതുവശത്തുള്ളത് ഒരു വനിതയാണ്, സി. നതാലിയ ബെക്കാര്‍ത്ത്.അവര്‍ തന്നെയാണ് ഈ സിനഡിന്‍റെ അണ്ടര്‍ സെക്രട്ടറിയും.

‘2023-24 വര്‍ഷങ്ങളില്‍ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍സംഘത്തിന്‍റെ ആഗോള സിനഡ് ഇങ്ങനെ ഒരുപാട്സ വിശേഷതകള്‍കൊണ്ടു സമ്പന്നമാണ്. സഭയുടെ ഭരണക്രമത്തില്‍ നാളിതുവരെ കണ്ടു ശീലിച്ച പല പതിവുകള്‍ക്കും ഈ സിനഡില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ മാറ്റം വരുത്തിയിരിക്കുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് സിനഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച പുതുശൈലിയാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചുവടുപിടിച്ച് 1965ല്‍ പോള്‍ ആറാമന്‍ പാപ്പായാണ് മെത്രാന്‍ സിനഡ് ആരംഭിക്കുന്നത്. തുടക്കം മുതലേ മെത്രാന്‍സംഘത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മാത്രമാണ് ഉപദേശാധികാരമുള്ള സിനഡിലെ അംഗങ്ങള്‍. ഏതെങ്കിലും പ്രത്യേക വിഷയം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും ആവശ്യമായി വരുന്ന ഘട്ടത്തില്‍ മാത്രമാണ് മാര്‍പാപ്പാമാര്‍ സിനഡ് വിളിച്ചു കൂട്ടിയിരുന്നത്. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് രണ്ടു വര്‍ഷത്തിലൊരിക്കല്‍ സിനഡ് കൂടുന്നത് പതിവാക്കി. എന്നാല്‍ ഇത്തവണത്തെ സിനഡിന് മൂന്നു വര്‍ഷത്തെ മുന്നൊരുക്കം ഫ്രാന്‍സിസ് മാര്‍പാപ്പാ നിര്‍ദേശിച്ചു. 2021 ഒക്ടോബര്‍ ഒന്‍പതിനാണ് വത്തിക്കാനില്‍ മാര്‍പാപ്പാ ഈ അസാധാരണ സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

വത്തിക്കാനില്‍ മാത്രം കൂടിച്ചേരുന്ന പതിവില്‍ നിന്നു വ്യത്യസ്തമായി മൂന്നു ഘട്ടങ്ങളിലാണ് ഈ സിനഡ് നടക്കുന്നത്. ആദ്യം രൂപത തലത്തിലും പിന്നീട് ഭൂഖണ്ഡാന്തര തലത്തിലും ഒടുവില്‍ സാര്‍വത്രിക തലത്തില്‍ വത്തിക്കാനിലും.മെത്രാന്മാരുടെ സാധാരണ സിനഡിനെ അസാധാരണമാക്കിയ മറ്റൊരു കാര്യം, മെത്രാന്മാര്‍ അല്ലാത്തവരും പൂര്‍ണമായ വോട്ടവകാശത്തോടെ ഇതില്‍ പങ്കെടുക്കുന്നു എന്നതാണ്. ആകെ പങ്കെടുക്കുന്ന 446 പേരില്‍ 363 പേര്‍ക്ക് വോട്ടവകാശമുണ്ട്.സഹോദര പ്രതിനിധികളായി ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നും പ്രൊട്ടസ്റ്റൻറ് സഭകളില്‍ നിന്നും പ്രതിനിധികള്‍ പൂര്‍ണമായും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും, വിശ്വാസസംബന്ധമായ വിഷയങ്ങളില്‍ അവര്‍ക്ക് വോട്ടവകാശമില്ല എന്ന് സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെയ്ക്ക് അറിയിച്ചു. 266 പേര്‍ മെത്രാന്‍സംഘത്തില്‍ നിന്നുള്ള പ്രതിനിധികളാണ്. ബാക്കിയുള്ളവരില്‍ 46 പേരും അല്മായ പ്രതിനിധികള്‍. ‘റഷ്യയില്‍ നിന്നും യുക്രയിനില്‍ നിന്നുമുള്ള അമ്മമാരോടും ജര്‍മനിയില്‍ നിന്നുള്ള പ്രൊട്ടസ്റ്റന്റ് പാസ്റ്ററോടും കൂടെ ഒരേ മേശയ്ക്കു ചുറ്റുമിരുന്ന് മൂന്നാം സഹസ്രാബ്ദത്തിലെ സഭയെക്കുറിച്ചു ചിന്തിക്കാന്‍ സാധിക്കുന്നത് അത്ഭുതകരമാണ്’ എന്നാണ്, സമര്‍പ്പിതര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിലെ അംഗമായ കര്‍ദിനാള്‍ ജോസഫ് വില്യം ടോബിന്‍പറഞ്ഞത്. മാറുന്ന സഭയുടെ മാറ്റത്തിന്‍റെ മുഖമാവുകയാണ് സിനഡ് അംഗങ്ങള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങള്‍.

എല്ലാവരെയും കേള്‍ക്കുകയും എല്ലാവരെയും അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്ന കത്തോലിക്കാസഭയില്‍ അംഗമായതില്‍ അഭിമാനിക്കുന്നുവെന്നാണ്, ഗള്‍ഫ് രാജ്യങ്ങളിലെ സഭയെ പ്രതിനിധാനം ചെയ്യുന്ന ചങ്ങനാശേരി അതിരൂപതാംഗം മാത്യു തോമസ് പറഞ്ഞത്. ചെത്തിപ്പുഴ ഇടവകക്കാരനായ അദേഹത്തിന് ആദ്യദിവസം തന്നെ സംസാരിക്കാന്‍ അവസരം കിട്ടി. വത്തിക്കാനിലെ ആഗോള പ്രതിനിധിസമ്മേളനത്തിന് തുടക്കം കുറിച്ച് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതും ഇതു തന്നെ. അംഗങ്ങള്‍ തമ്മില്‍ പരസ്പരം തര്‍ക്കിക്കുന്ന ഒരു രാഷ്ട്രീയസമ്മേളനമോ, ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കുന്ന പാര്‍ലമെന്‍റോ അല്ല സിനഡ്; എല്ലാവരെയും കേള്‍ക്കുന്ന, എല്ലാവരെയും അറിയാന്‍ ശ്രമിക്കുന്ന പരിശുദ്ധാത്മ പ്രചോദിതമായ സഭാകൂട്ടായ്മയാണ്. ഇത്തരം ആഗോള സമ്മേളനങ്ങള്‍കൊണ്ട് അതുമാത്രമാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു പാപ്പായുടെ പ്രബോധനം. ദൈവത്തിന്‍റെ ആത്മാവാണ് ഈ സഭാകൂട്ടായ്മയെ നയിക്കുന്നത്. ആത്മാവിന്‍റെ പ്രചോദനത്തിന് കാതും ഹൃദയവും തുറന്നുകൊടുക്കാന്‍ നിശബ്ദത അനിവാര്യമാണ്. മൗനത്തിന് ഏറെ പ്രാധാന്യം കൊടുക്കണമെന്നും മാര്‍പാപ്പാ പറഞ്ഞു. അത് അക്ഷരം പ്രതിപാലിക്കുന്ന ഒരു സിനഡ്സ മ്മേളനമാണ് വത്തിക്കാനില്‍ കാണാനാവുന്നത്. രണ്ടോ മൂന്നോ അംഗങ്ങള്‍ സംസാരിച്ചു കഴിഞ്ഞാല്‍ പിന്നെ മൂന്നുനാലു മിനിറ്റോളം പൂര്‍ണനിശബ്ദതയിലാണ് പോള്‍ ആറാമന്‍ പാപ്പായുടെ പേരിലുള്ള സിനഡ് ഹാള്‍. വ്യക്തിപരമായ പ്രാര്‍ഥനയും വിചിന്തനവും ഈ സിനഡിനെ തികഞ്ഞ ആത്മീയാനുഭവമായി മാറ്റുന്നുണ്ടെന്നായിരുന്നു സിബി സിഐ പ്രസിഡൻറ് ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്‍റെ അഭിപ്രായം.’യഥാര്‍ഥത്തില്‍ പൗരസ്ത്യസഭകളില്‍ നിലനിന്നിരുന്ന പ്രാര്‍ഥനയുടെ പാരമ്പര്യമാണ് നിമന്ത്രണങ്ങളുടേതും നിശബ്ദതയുടേതും. ശബ്ദമുഖരിതമായ വാചികപ്രാര്‍ഥനയുടെ പാരമ്പര്യം നമുക്ക് പാശ്ചാത്യ മിഷനറിമാരില്‍ നിന്നും ലഭിച്ചതാണ്. എന്നാല്‍ ഇന്ന് പാശ്ചാത്യലോകം നിശബ്ദതയുടെ പാരമ്പര്യം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നു;’ അദേഹം കൂട്ടിച്ചേര്‍ത്തു.

ഈശോമിശിഹായില്‍ നിന്നും ആരംഭിക്കുന്ന സിനഡാത്മകതയാണ് ഈ സിനഡിലൂടെ ഇന്നും തിരുസഭ പിന്തുടരുന്നത് എന്നാണ്സീ റോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചത്. ‘തന്‍റെ ദൗത്യം പിന്തുടരാന്‍ ഒരാളെ അല്ല 12 പേരെയാണ് ഈശോമിശിഹാ ചുമതലപ്പടുത്തിയത്. അവരുടെ സംഘാതാത്മകതയുടെ പിന്തുടര്‍ച്ചയാണ് മെത്രാന്‍ സിനഡില്‍ നമ്മള്‍ കാണുന്നത്.’ ഇത് വളരെ മനോഹരമായി പൗരസ്ത്യസഭകള്‍ ഇന്നും പിന്തുടരുന്നുണ്ട്. മെത്രാന്മാരും, വൈദികരുടെയും സമര്‍പ്പിതരുടെയും അല്മായരുടെയും പ്രതിനിധികളും ഉള്‍പ്പെടുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലികള്‍ ആദിമസഭയുടെ സിനഡാത്മകതയുടെ പിന്തുടര്‍ച്ച തന്നെയാണ്. ഈ സിനഡാത്മകതയിലാണ് സഭ അസ്തിത്വം കണ്ടെത്തുന്നത് എന്നു തിരിച്ചറിയണം. അതുകൊണ്ടാവണം, സഭ തന്നെയാണ് സിനഡ് എന്നു സഭാപിതാവായ ജോണ്‍ ക്രിസോസ്തം പ്രസ്താവിച്ചത്.

സിനഡ് എന്ന പദം ക്രൈസ്തവലോകത്തിനു ലഭിച്ചത് ഗ്രീക്കുഭാഷയില്‍ നിന്നാണെന്ന് വിവിധ സഭാചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ‘സിന്‍’ എന്നാല്‍ ‘ഒന്നിച്ച്’ എന്നും ‘ഒഡോസ്’ എന്നാല്‍ ‘വഴി’ എന്നുമാണര്‍ഥം. ‘ഒന്നിച്ച് ഒരേ വഴിയില്‍’ സഞ്ചരിക്കുന്നതാണ് ‘സിനഡ്’ എന്നു ചുരുക്കം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്ത തീര്‍ഥാടകസഭയുടെ ചെറുപതിപ്പാണ് സിനഡ്. ഇതു വളരെ മനോഹരമായി സിനഡ് ലോഗോയില്‍ കാണാം. ആകാശം മുട്ടി നില്ക്കുന്ന വൃക്ഷത്തിന്‍റെ രണ്ടു ശാഖകള്‍ സൂര്യനെ താങ്ങിനില്ക്കുന്നു. ഈ ശിഖരങ്ങള്‍ക്കടിയില്‍ വ്യത്യസ്തരായ വ്യക്തികള്‍ തീര്‍ഥാടനം നടത്തുന്നു. വൃക്ഷം ഈശോയാണ്.ജീവന്‍റെ വൃക്ഷം കുരിശിന്‍റെ പ്രതീകം കൂടിയാണ്. ശിഖരങ്ങള്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു. സൂര്യനാകട്ടെ, ലോകത്തിന്‍റെ വെളിച്ചമായ മിശിഹായെയും. 15 പേരടങ്ങുന്ന തീര്‍ഥാടകസമൂഹം,വ്യത്യസ്ത ദൈവവഴികളിലൂടെ തീര്‍ഥാടനം ചെയ്യുന്ന സഭയെ സൂചിപ്പിക്കുന്നു. യുവതയ്ക്കാണ് ഈ യാത്രയുടെ നേതൃത്വം. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന വ്യക്തിപോലും ഇതിലുണ്ട്. പല നിറങ്ങള്‍, മിശിഹായുടെ തണലില്‍ സന്തോഷപൂര്‍വം യാത്ര ചെയ്യുന്ന സഭയെ സൂചിപ്പിക്കുന്നതായി വത്തിക്കാന്‍ വൃത്തങ്ങള്‍ പറയുന്നു.

ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സിനു വേണ്ടിയുള്ള ഉപദേശക സമിതിയംഗമെന്ന നിലയില്‍ മാര്‍പാപ്പായുടെ പ്രത്യേക ക്ഷണിതാവായി സിനഡില്‍ പങ്കെടുക്കുന്ന ശ്രീലങ്കന്‍ ദൈവശാസ്ത്രജ്ഞന്‍ ഫാ. വിമല്‍ തിരിമന്നയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു.വിശ്വാസിസമൂഹം മുഴുവന്‍ നിശബ്ദമായി പരിശുദ്ധാത്മാവിനെ ശ്രവിച്ച ആദിമസഭയിലെ പതിവ് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഈ ആഗോള സിനഡ്. യൂറോപ്പിന്‍റെ പ്രശ്നങ്ങള്‍ സഭയുടെ പ്രശ്നങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തിരിച്ചടി നേരിടുന്നു എന്നതാണ് വാസ്തവം. ദൈവികവെളിപാടുകള്‍ സംബന്ധിച്ച ദൈവശാസ്ത്ര ചിന്തകള്‍, വനിതാ പൗരോഹിത്യം, സ്വവര്‍ഗവിവാഹം എന്നിവയെക്കുറിച്ചായിരുന്നു പാശ്ചാത്യലോകത്തിന്‍റെ ചര്‍ച്ചകളും ഉത്കണ്ഠകളും. എന്നാല്‍, ആഫ്രിക്കന്‍-ഏഷ്യന്‍ പ്രതിനിധികള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ആഹാരം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഇടംനേടിയത് സഭയുടെ മാറുന്ന മുഖത്തിന് തെളിവാണ്.കൂടുതല്‍ ശബ്ദമുള്ളവര്‍ മാധ്യമങ്ങളുടെ സഹായത്തോടെ ഉറക്കെ പറയുന്നതിനപ്പുറം, നിലനില്‍പിനു വേണ്ടിയുള്ള പാര്‍ശ്വവത്കരിക്കപ്പെട്ടവന്‍റെ നെടുവീര്‍പ്പുകളും ഒന്നിച്ചു നടക്കാനുള്ള ആഗ്രഹവും ഇവിടെ പ്രകടമാകുന്നുണ്ട്. ദൈവജനമാണ് സഭ എന്ന അവബോധത്തിന്‍റെ ഉണര്‍ച്ചയ്ക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പായി ഈ സിനഡിനെ വിലയിരുത്താം. സഭയില്‍ എന്തു മാറ്റമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? എന്നു സാധാരണക്കാരുള്‍പ്പെടെ സകലരോടും ആരാഞ്ഞ ഒരു മാര്‍പാപ്പാ തലപ്പത്തുണ്ടെന്ന വസ്തുത അതിന് ബലം നല്കുന്നു.