സാക്ഷ്യങ്ങളുടെ സിംഫണിയായി മാറേണ്ട സഭ

ഹയരാർക്കി കേന്ദ്രീകൃത സഭയില്‍ നിന്ന് ദൈവജന കേന്ദ്രീകൃതമായ സഭയിലേക്കുള്ള വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് സാധിച്ചെങ്കിലും, സഭയില്‍ ഇപ്പോഴും കേള്‍ക്കപ്പെടാതെ പോകുന്ന സ്വരങ്ങളുണ്ട് എന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു.

“ആത്മാവ് സഭയോടു പറയുന്നതെന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” (വെളി. 2:11). സഭാചരിത്രത്തില്‍ പുത്തന്‍ പന്തക്കുസ്തയെന്നു വിശേഷിപ്പിക്കപ്പെട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് 60 വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പാ സഭാജീവിതത്തിന് പുതിയ ദിശാബോധം നല്കാന്‍ ശ്രമിക്കുന്നു.2020 മാര്‍ച്ച് ഏഴിനാണ് പാപ്പാ സിനഡാത്മകത വിഷയമാക്കിയ ഒരു സൂനഹദോസിനെപ്പറ്റി ആദ്യം പരാമര്‍ശിക്കുന്നത്. സിനഡാത്മകത എന്നത് ഒരുമിച്ചുള്ള സഞ്ചാരമാണ്. പരസ്പരം ശ്രവിക്കുകയും മനസിലാക്കുകയും ചെയ്തുകൊണ്ടുള്ള അത്തരമൊരു സഞ്ചാരമാണ് മൂന്നാം സഹസ്രാബ്ദത്തിലെ സഭയെപ്പറ്റി കര്‍ത്താവ് ആഗ്രഹിക്കുന്നത് എന്ന് മുമ്പുതന്നെ അദേഹം സൂചിപ്പിച്ചിരുന്നു.ലോകമെങ്ങുമുള്ള രൂപതകളില്‍ ചര്‍ച്ച ചെയ്ത് സൂനഹദോസിനൊരുങ്ങാനുള്ള പ്രാഥമികരേഖ 2021 സെപ്റ്റംബറില്‍ വത്തിക്കാന്‍ പുറത്തിറക്കി.2021 മുതല്‍ 2024 വരെ നീണ്ടുനില്ക്കുന്ന സൂനഹദോസിന്‍റെ ആത്യന്തിക ലക്ഷ്യം പുതിയൊരു രേഖയുടെ പ്രസിദ്ധീകരണമല്ല എന്ന് അതില്‍ വ്യക്തമാക്കുന്നുണ്ട്. ദൈവജനത്തിന്‍റെ പ്രത്യാശ വളര്‍ത്തുക, പരസ്പരവിശ്വാസം ഉറപ്പിക്കുക, മുറിവുകള്‍ വെച്ചുകെട്ടുക, ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുക, അപരനില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊളളുക, അതിന്‍റെയെല്ലാം ഫലശ്രുതിയായ നവീകൃതസഭയെ സ്വപ്നം കാണുക തുടങ്ങിയ കാലോചിതമായ ലക്ഷ്യങ്ങളാണ് സിനഡിന്‍റെ ഉന്നം. “നാം പലരാണെങ്കിലും മിശിഹായില്‍ ഏക ശരീരമാണ്. ഓരോരുത്തരും പരസ്പരം ബന്ധമുള്ള അവയവങ്ങളാണ്” (റോമാ 12:4-5) എന്ന വചനത്തിന്‍റെ ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു ഈ സൂനഹദോസ്.

സൂനഹദോസ് (സിനഡ്)

‘ഒരുമിച്ച് ഒരേ വഴിയില്‍’ എന്നു വാച്യാര്‍ഥമുള്ള സിനഡിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ മൂന്നു കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു. 1. സഭയെന്നത് ഒരു യാത്രയാണ് (ആരും അലസരായി നില്ക്കുന്നില്ല), 2. നിര്‍ണായക പ്രാധാന്യമുള്ള ഒരു യാത്രയാണ് നാം നടത്തുന്നത്. 3. ഒറ്റയ്ക്കല്ല, ഒരുമിച്ചാണ് നമ്മുടെ ഈ യാത്ര. തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നതിലുപരി, ആത്മാവിനെയും സഹയാത്രികരെയും ശ്രവിക്കുക എന്നതാണ് യാത്രയുടെ മര്‍മം.

പശ്ചാത്തലം

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമുള്ള ആറ് പതിറ്റാണ്ടുകാലം സഭയിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ അനവധിയുണ്ടായി; പക്ഷേ, സഭയുടെ മുഖ്യശ്രേണിയിലുള്ളവര്‍ എന്നു കരുതപ്പെടുന്നവര്‍ അവയെ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. ഇത്തരമൊരു ആത്മവിമര്‍ശനം ചില ദൈവശാസ്ത്രജ്ഞന്മാര്‍ ഉയര്‍ത്തുന്നുണ്ട്. കര്‍ത്താവ് സഭയില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഹയരാര്‍ക്കി കേന്ദ്രീകൃത സഭയില്‍ നിന്ന് ദൈവജന കേന്ദ്രീകൃതമായ സഭയിലേക്കുള്ള വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് സാധിച്ചെങ്കിലും, സഭയില്‍ ഇപ്പോഴും കേള്‍ക്കപ്പെടാതെ പോകുന്ന സ്വരങ്ങളുണ്ട് എന്ന് പാപ്പാ പറയുന്നു.

2021 ഒക്ടോബര്‍ 10ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനമധ്യേ, ആത്മവിമര്‍ശനത്തിന് വഴിമരുന്നിടുന്ന രണ്ടുചോദ്യങ്ങള്‍ പാപ്പാ ഉയര്‍ത്തുന്നുണ്ട്: നമ്മള്‍ ദൈവത്തിന്‍റെ ശൈലി ഉള്‍ക്കൊണ്ട് സഞ്ചരിക്കുന്നവരും മാനവികത പങ്കുവെക്കുന്നവരുമാണോ? എന്നതാണ് ആദ്യചോദ്യം. രണ്ടാമത്തെ ചോദ്യം ഇതാണ്: സാഹസികമായ ഒരു യാത്രയ്ക്ക്നി ങ്ങള്‍ തയാറാണോ? ദൈവജനത്തിന്‍റെ പ്രേഷിതയാത്ര പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ്; പരസ്പരം കണ്ടുമുട്ടാനും ശ്രവിക്കാനും തിരിച്ചറിയാനുമുള്ള ഒരു യാത്ര. സൂനഹദോസിനെ മെത്രാന്മാര്‍ മാത്രം ഉള്‍പ്പെടുന്ന ഒരു പതിവു പരിപാടി മാത്രമാക്കി പരിമിതപ്പെടുത്താതെ, എല്ലാവരെയും കേള്‍ക്കാന്‍ സാധിക്കുന്ന ഇടമാക്കി രൂപാന്തരപ്പെടുത്താനുള്ള പാപ്പായുടെ ശ്രമം തുടങ്ങുന്നത് അവിടെനിന്നാണ്.ഒരു കാല് രണ്ടാം വത്തിക്കാന്‍ സൂനഹദോസിലും അടുത്ത കാല് മുന്നോട്ടും ഉറപ്പിച്ചു നീങ്ങുന്ന പ്രവര്‍ത്തനശൈലി ആധുനിക കാലത്തിന്‍റെ ആവശ്യമായി പാപ്പാ കാണുന്നു. പാരമ്പര്യത്തെ മാനിക്കുന്നത് പുറകോട്ടു നടക്കാനല്ല എന്ന സുചിന്തിതമായ അഭിപ്രായം അദേഹത്തിനുണ്ട്. “ഭൂതകാലം ഒരു പ്രചോദനമാണ്, വിലങ്ങുതടിയല്ല” (impediment). അതുകൊണ്ട് സിനഡാത്മകത എന്ന പുതുസങ്കല്പം, ഉറവിടങ്ങളിലേക്കുള്ള അന്വേഷണത്തോടൊപ്പം (resourcement) നവീകരണത്തിനുള്ള പുത്തന്‍ ചുവടുവെപ്പും (aggiornamento) ആവശ്യപ്പെടുന്നു. സഭ ശ്രവിക്കുന്ന സഭയാകണം. വെറുതെ കേള്‍ക്കുന്നതു കൊണ്ടു കാര്യമില്ല. പരസ്പരമുള്ള ശ്രവണം ഉണ്ടാകണം. സത്യത്തിന്‍റെ ആത്മാവായ (യോഹ. 14:17) പരിശുദ്ധാത്മാവിനെ ശ്രവിക്കണം. മുന്നോട്ടുള്ള പ്രയാണത്തില്‍ ആരുടെയും സ്വരം അവഗണിക്കാതെ എല്ലാ സ്വരങ്ങളും ശ്രവിച്ച്, നല്ലവ തിരിച്ചറിഞ്ഞ് സഭയെന്ന ദൈവജനത്തെ മനോഹരമായ സാക്ഷ്യങ്ങളുടെ സിംഫണിയായി മാറ്റണമെന്ന് ഫ്രാന്‍സിസ് പാപ്പാ സ്വപ്നം കാണുന്നു.

സൂനഹദോസിന്‍റെ തലങ്ങള്‍

2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെയായിരുന്നു രൂപതാതല ഘട്ടം. രൂപതകളില്‍ ചര്‍ച്ച ചെയ്യാനുള്ള പ്രാഥമികരേഖയില്‍ സൂനഹദോസിന്‍റെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കിയ ശേഷം, 10 പൊതു വിഷയങ്ങളെക്കുറിച്ച്സ ഭയിലും സമൂഹത്തിലുമുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും വിശകലനങ്ങളും ശേഖരിക്കാന്‍ മെത്രാന്മാര്‍ നിയോഗിക്കപ്പെട്ടു. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യം അടിത്തട്ടു മുതല്‍ ആഗോളതലം വരെ ഫലപ്രദമായി നിര്‍വഹിക്കാന്‍ ഇപ്പോള്‍ പിന്തുടരുന്ന പ്രവര്‍ത്തനശൈലി എത്രത്തോളം സഹായകമാണ്? ഒരു സിനഡാത്മകത സഭയായി മാറി കൂടുതല്‍ ഫലദായകത്വത്തോടെ ഈ ദൗത്യം നിര്‍വഹിക്കാന്‍ സഭയ്ക്കുള്ളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണ്?തുടങ്ങിയ വിഷയങ്ങള്‍ അതിന്‍റെ പരിധിയില്‍പ്പെടുത്തി. പുതിയ കാലത്തിന്‍റെ സ്പന്ദനങ്ങള്‍ നെഞ്ചിലേറ്റുന്ന യുവജനങ്ങളുടെയും സ്ത്രീകളുടെയും സ്വരം വേണ്ടുവോളം കേള്‍ക്കപ്പെടുന്നുണ്ടോ? സാധുക്കള്‍ക്കും ദുര്‍ബലര്‍ക്കും അവഗണിക്കപ്പെടുന്നവര്‍ക്കും സഭയുടെ അധികാരശ്രേണിയില്‍ അര്‍ഹമായ പങ്കാളിത്തമുണ്ടോ ദൈവജനത്തെ പൂര്‍ണമായി കേള്‍ക്കാന്‍ നമ്മുടെ മുന്‍വിധികളും മതപാരമ്പര്യങ്ങളും തടസമാകുന്നുണ്ടോ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ മാറ്റങ്ങള്‍ നാം ഉള്‍ക്കൊള്ളുന്നുണ്ടോ? ഇങ്ങനെ മനുഷ്യരോട് അടിസ്ഥാനപരമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സിനഡിന്‍റെ പ്രാഥമികരേഖ കളംപിടിച്ചത്.

2022 സെപ്റ്റംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള രണ്ടാംഘട്ടത്തില്‍ ഭൂഖണ്ഡതല ചര്‍ച്ചകളായിരുന്നു. ഓരോ ഭൂഖണ്ഡത്തിലുമുള്ള വിവിധ രൂപതകളുടെ പ്രതികരണങ്ങള്‍ സമാഹരിച്ച്, അവിടത്തെ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്ത് കണ്ടെത്തലുകള്‍ ക്രോഡീകരിക്കുക എന്നതായിരുന്നു രണ്ടാംഘട്ടത്തിന്‍റെ ലക്ഷ്യം.

സിനഡില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് 2023 ഏപ്രിലില്‍ പ്രഖ്യാപിച്ചതോടെ ആഗോളതലത്തിലുള്ള മൂന്നാംഘട്ടത്തിന് തുടക്കമായി. മെത്രാന്മാരെ കൂടാതെ, അല്മായരും സന്യസ്തരും വൈദികരും ഡീക്കന്മാരുമടങ്ങിയ, വോട്ടവകാശമുള്ള 70 പ്രതിനിധികള്‍ പട്ടികയില്‍ ഇടം കണ്ടെത്തി. അവരില്‍ 54 വനിതകളുമുണ്ട് എന്നതാണ് ശ്രദ്ധേയം.ഫ്രാന്‍സില്‍ നിന്നുള്ള ഒരു സന്യാസിനി സിനഡിന്‍റെ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.സഭാചരിത്രത്തില്‍ ഇദംപ്രഥമമാണ് ഇത്തരമൊരു നീക്കമെന്നു വിലയിരുത്തപ്പെടുന്നുണ്ട്. 2023 ജൂണിലായിരുന്നു സൂനഹദോസിന്‍റെ പ്രവര്‍ത്തനരേഖയുടെ പ്രകാശനം. 2023 ഒക്ടോബര്‍ നാലിന് മൂന്നുദിവസം നീണ്ട ധ്യാനത്തോടെ ആഗോളതല സൂനഹദോസ് വത്തിക്കാനില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. സൂനഹദോസിന്‍റെ ഒന്നാംഘട്ടത്തിന് മൂന്നാഴ്ച ദൈര്‍ഘ്യമുണ്ട്. 2024 ഒക്ടോബറില്‍ നടക്കുന്ന രണ്ടാംഘട്ട സമ്മേളനത്തോടെ സഭയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഈ സൂനഹദോസ് സമാപിക്കും. ഉയര്‍ന്ന വേദിയില്‍ ഇരുന്ന് മാര്‍പാപ്പായും ഔദ്യോഗിക അംഗങ്ങളും സൂനഹദോസിനെ അഭിസംബോധന ചെയ്യുന്ന പതിവു രീതിയ്ക്കും മാറ്റംവരുത്തിയിട്ടുണ്ട്. പകരം, ചര്‍ച്ചയ്ക്കു സഹായകമാകുന്ന തരത്തില്‍ 10 പേരുള്‍പ്പെടുന്ന ചെറുസംഘങ്ങളുടെ വട്ടമേശ സമ്മേളനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. മാര്‍പാപ്പായും അതിലൊരു ഇരിപ്പിടത്തില്‍ ഇരുന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് അപൂര്‍വകാഴ്ചയാണ്.

കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം

സൂനഹദോസ് എന്നത് ഒരു സമ്മേളനമോ കണ്‍വന്‍ഷനോ പഠന യാത്രയോ അല്ല; ദൈവകൃപയുടെ അനുഭവം തേടിയുള്ള ആത്മീയ യാത്രയാണ്. ആത്മീയ വിവേചന യാത്രയെന്നാണ് മാര്‍പാപ്പാ നല്കുന്ന വിശേഷണം. കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നീ മൂന്നു മൂല്യങ്ങള്‍ അതിനെ ബലപ്പെടുത്തുന്നു. സുവിശേഷദൗത്യവാഹകരായി ഒരുമിച്ചു യാത്ര ചെയ്യുന്ന ദൈവജനം പരസ്പരം ശ്രവിക്കണം, സഹകരിക്കണം, പങ്കാളികളാകണം. അവിടെ വലിപ്പചെറുപ്പമില്ല, സ്ഥാനമാനങ്ങളില്ല. കൂട്ടായ്മയും ഐക്യവുമാണ് സുവിശേഷപ്രഘോഷണത്തിനുള്ള അടിസ്ഥാന യോഗ്യതയെന്ന് ‘മിശിഹാ ജീവിക്കുന്നു’ എന്ന ശ്ലൈഹികപ്രബോധനത്തില്‍ മാര്‍പാപ്പാ സൂചിപ്പിക്കുന്നുണ്ട്.

“നാം പലരാണെങ്കിലും മിശിഹായില്‍ ഏക ശരീരമാണ്. ഓരോരുത്തരും പരസ്പര ബന്ധമുള്ള അവയവങ്ങളുമാണ്” (റോമാ 12:5). കൂട്ടായ്മയോടെ ദൗത്യം നിര്‍വഹിക്കപ്പെടുന്നിടത്തേ പങ്കാളിത്തമുണ്ടാകൂ. പങ്കാളിത്ത മനോഭാവമില്ലാത്തവരാണ് സ്വന്തം സ്ഥാനത്തെയും മഹിമയെയുംകുറിച്ച് അനാവശ്യ മുന്‍കരുതലുകള്‍ സൂക്ഷിക്കുന്നത്. രക്ഷയുടെ കവാടമായ മാമോദീസ സ്വീകരിക്കുന്നവര്‍ക്കെല്ലാം സഭാദൗത്യത്തില്‍ തുല്യപങ്കാളിത്തമുണ്ട്. ദൈവത്തോടും ദൈവജനത്തോടും ഒപ്പമുള്ള ഒരേ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നേ അവര്‍ക്കു ജീവിക്കാനാവൂ.

“അവന്‍ ചിലരെ ശ്ലീഹന്മാരും മറ്റു ചിലരെ പ്രവാചകന്മാരും വേറെ ചിലരെ സുവിശേഷകന്മാരും ഇനിയും ചിലരെ ഇടയന്മാരും പ്രബോധകരുമായി നിയമിച്ചു… ശുശ്രൂഷയുടെ നിര്‍വഹണത്തിനും മിശിഹായുടെ ശരീരത്തിന്‍റെ പരിപോഷണത്തിനുമാണത്. നാമെല്ലാവരും വിശ്വാസത്തിന്‍റെയും ദൈവപുത്രനെക്കുറിച്ചുള്ള ജ്ഞാനത്തിന്‍റെയും ഐക്യത്തിലേക്കും പരിപൂര്‍ണ മനുഷ്യനിലേക്കും മിശിഹായുടെ പൂര്‍ണാവസ്ഥയുടെ തലത്തിലേക്കും എത്തിച്ചേരുന്നതുവരെ ഇതു തുടരണം” (എഫേ. 4:13).മിശിഹായുടെ പൂര്‍ണാവസ്ഥയുടെ തലത്തിലേക്കുള്ള വളര്‍ച്ച ഭൂമിയില്‍ സാധ്യമാകുന്നത് പരിശുദ്ധ കുര്‍ബാനയിലാണെന്ന്, ദൈവാരാധനയെ സംബന്ധിച്ച വത്തിക്കാന്‍ പ്രമാണരേഖ (ചീ.2) ഉദ്ധരിച്ച് സിനഡിന്‍റെ പ്രവര്‍ത്തനരേഖ സമര്‍ഥിക്കുന്നു. യഥാര്‍ഥ കൂട്ടായ്മയും സിനഡല്‍ ജീവിതശൈലിയും പരിശുദ്ധ കുര്‍ബാനയിലേ കണ്ടെത്താനാവൂ. വിവിധ റീത്തുകളിലും ഭാഷകളിലും പരികര്‍മം ചെയ്താലും, ഒരുമിച്ചുള്ള ഒരേ പ്രാര്‍ഥനയുടെ നിറവുള്ള കുര്‍ബാനയര്‍പ്പണവും പങ്കുവെക്കുന്ന ആരാധനാജീവിതശൈലിയുമാണ് സഭൈക്യത്തിന്‍റെ ഏറ്റവും പ്രസാദാത്മക മുഖം (പ്രവര്‍ത്തനരേഖ No.47).

ഏഷ്യയിലെ സഭയും സിനഡാത്മകതയും

രൂപതാതല വിശകലനങ്ങള്‍ക്കു ശേഷം ഏഷ്യന്‍ സഭയിലും ഭൂഖണ്ഡതല ചര്‍ച്ചകള്‍ നടന്നു. 2022 ഒക്ടോബറില്‍ തായ്ലന്‍റിലെ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ മെത്രാന്‍സംഘത്തിന്‍റെ 50-ാം പൊതുസമ്മേളനം വിഷയം ചര്‍ച്ച ചെയ്ത് ‘ബാങ്കോക്ക് രേഖ’ പുറത്തിറക്കി. 2023 മാര്‍ച്ചില്‍ സിനഡാത്മകത കേന്ദ്രവിഷയമാക്കി ബാങ്കോക്കില്‍ സമ്മേളിച്ച ഭൂഖണ്ഡതല അസംബ്ലിയും വിശദമായ ചര്‍ച്ചകള്‍ നടത്തി രേഖ പുറപ്പെടുവിച്ചു. 2023 സെപ്റ്റംബറിലും ബാങ്കോക്ക് രേഖകളെ ആസ്പദമാക്കി ഏഷ്യന്‍ പ്രതിനിധികള്‍ കൂടിയാലോചനകള്‍ നടത്തി.

ഉണ്ണീശോയെ അന്വേഷിച്ച് ബേത്‌ലഹേമിലേക്കു തീര്‍ഥാടനം നടത്തിയ ജ്ഞാനികളെയാണ് സിനഡാത്മകതയ്ക്കുള്ള മാതൃകയായി ഏഷ്യന്‍ മെത്രാന്മാര്‍ സ്വീകരിച്ചത്. സ്വന്തം സുരക്ഷിതത്വങ്ങള്‍ ഉപേക്ഷിച്ച് ഒരേ ലക്ഷ്യത്തോടെ യാത്ര ചെയ്ത ജ്ഞാനികള്‍ Syn-hodos(സൂനഹദോസ്) ആയി.ആത്മാവിന്‍റെ ഉള്‍പ്രേരണയില്‍ ആരംഭിച്ച യാത്രയാണത്; അവിടെ വഴിയും വഴികാട്ടിയും ദൈവം തന്നെ. യാത്രയില്‍ തടസങ്ങളുണ്ടായപ്പോള്‍ ദൈവത്തില്‍ ആശ്രയിക്കാനും കാലത്തിന്‍റെ അടയാളങ്ങള്‍ വായിച്ചറിയാനും അറിവുള്ളവരുടെ ഉപദേശങ്ങള്‍ തേടാനുമുള്ള അഗാധമായ എളിമ അവര്‍ക്കുണ്ടായിരുന്നു. ജ്ഞാനികള്‍ സമര്‍പ്പിച്ച കാഴ്ചകള്‍ പോലെ, ഏഷ്യന്‍സഭ ആഗോളസഭയ്ക്കു മുമ്പില്‍ വെക്കുന്ന സമ്മാനങ്ങളാണ് അതിന്‍റെ ആത്മീയപാരമ്പര്യങ്ങളും സാംസ്കാരിക ബഹുത്വവും. ദൈവത്തെ അന്വേഷിച്ച് കണ്ടുമുട്ടുന്നവര്‍ പുതിയ വഴി വെട്ടുന്നവരാണ്; പഴയ വഴികള്‍ ഉപേക്ഷിക്കാന്‍ സന്നദ്ധരുമാണ്. വഴി തെറ്റിക്കാന്‍ പ്രലോഭിപ്പിക്കുന്ന ‘ഹേറോദേസു’മാരെപ്പറ്റി ഏഷ്യന്‍സഭ നിതാന്തജാഗ്രത പുലര്‍ത്തുന്നു. വിശ്വാസവഴികളില്‍ സഭയ്ക്കു വെളിച്ചം വിതറുന്ന ദീപഗോപുരങ്ങള്‍ ഇവയാണ്:

    • കൂടാരം വിസ്തൃതമാക്കുക (ഏശ.54:2). എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതസ്വന്തമാക്കുക.
    • ചെരുപ്പുകള്‍ അഴിച്ചുമാറ്റുക. ആരാധനാലയങ്ങളിലും ഭവനങ്ങളിലും പൗരസ്ത്യര്‍ പാദരക്ഷകള്‍ അഴിച്ചുമാറ്റിയാണ് പ്രവേശിക്കുന്നത്. ആദരവിന്‍റെയും ബഹുമാനത്തിന്‍റെയും അടയാളമാണത്.
    • നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ് (പുറ. 8:5). നമ്മള്‍ ജീവിക്കുന്ന ഭൂമി നമ്മുടെ പൊതുഭവനമാണ്. ഭൂമിയെ പരിശുദ്ധമായി കാത്തുസൂക്ഷിക്കാനുള്ള കടമ ഓര്‍മിപ്പിക്കുന്നു.
    • നിഷ്പാദുകരാവുക. സമഭാവനയുടെ പ്രതീകമാണത്. വൈവിധ്യങ്ങളുടെ നാട്ടില്‍, ദരിദ്രരുടെ ഏഷ്യയില്‍ എളിമയോടെ നിലയുറപ്പിക്കാം.
    • നഗ്നപാദരാകുമ്പോള്‍ കാലുവെക്കുന്ന മണ്ണിന്‍റെ തനതുഭാവം മനസിലാകും. ഏഷ്യയിലെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കുക എന്നത് മനുഷ്യവംശത്തോടൊപ്പമുള്ള നമ്മുടെ യാത്രയില്‍ പ്രധാനമാണ്.
    • നഗ്നപാദരായി ഭിക്ഷാംദേഹികളായി യാത്രചെയ്ത പൗരസ്ത്യ ആചാര്യന്മാരുടെയും ഋഷിമാരുടെയും കൂട്ടായ്മയില്‍, പങ്കാളിത്തത്തില്‍ ദൗത്യനിര്‍വഹണത്തിന് സഞ്ചരിക്കാം.
      സിനഡാത്മകത പുതിയ പേരോ?

    സഭയെന്നാല്‍ സൂനഹദോസാണെന്നു പറഞ്ഞത് സഭാപിതാവായ ജോണ്‍ ക്രിസോസ്തമാണ്. ശ്രേണീബദ്ധമായ (ഹയരാര്‍ക്കിക്കല്‍) സഭയില്‍ നിന്ന് ദൈവജനത്തിന്‍റെ പങ്കാളിത്തം ഉറപ്പിക്കുന്ന സഭയിലേക്കുള്ള പ്രയാണത്തിനു തുടക്കമിട്ടത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലാണെന്നു പറയാം. സഭയെ ദൈവജനമായി അവതരിപ്പിക്കുമ്പോള്‍, ‘ദൈവത്തെ’ വിട്ടുകളഞ്ഞുള്ള വ്യാഖ്യാനങ്ങള്‍ അപകടമാണെന്ന് കര്‍ദിനാള്‍ റാറ്റ്സിംഗര്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്.ദൈവജനം എന്നത് പഴയനിയമ സംജ്ഞയാണെന്നും സൂചിപ്പിക്കുന്നു. പുതിയനിയമ ജനത മിശിഹായുടെ ജനമാണ്. രക്ഷ പ്രതീക്ഷിക്കുന്നവരല്ല, വീണ്ടെടുക്കപ്പെട്ടവരാണ് അവര്‍. അതിനാല്‍ മിശിഹാകേന്ദ്രീകൃത സഭാവിജ്ഞാനീയമാണ് വേണ്ടതെന്ന് അദേഹം പറയുന്നു. മാര്‍പാപ്പായും മെത്രാനും വൈദികനും അല്മായ സ്ത്രീ പുരുഷന്മാരും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സഭയ്ക്കു പുതിയ ദിശാബോധം നല്കാന്‍ ശ്രമിക്കുന്ന കൂട്ടായ്മയിലാണ് സഭയുടെ വിശുദ്ധി; ആ കൂട്ടായ്മയില്‍ എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ മിശിഹായുടെ മുഖം കൂടുതല്‍ പ്രകാശിതമാകുന്നതായി സഭയും ലോകവും തിരിച്ചറിയുന്നു. “ഇത് നിന്നെക്കുറിച്ചല്ല, നിന്നെക്കുറിച്ചു മാത്രമാണ് (It is not about you, it is only about you)എന്നതാണ് സിനഡാത്മകതയുടെ സുവര്‍ണനിയമം. നിന്നെക്കുറിച്ചല്ല എന്ന പ്രയോഗത്തിന്‍റെ സൂചന, ശ്രദ്ധാകേന്ദ്രം നീയല്ല എന്നു തന്നെയാണ്. പകരം നീ ചെയ്യേണ്ടത് ഇതാണ്, പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുക. മറ്റുള്ളവരെ മാനിച്ച്, ശ്രവിച്ച്, ഉള്‍ക്കൊണ്ട് നടത്തേണ്ട യാത്ര നിന്നില്‍ തന്നെ ആരംഭിക്കണമെന്ന സൂചനയല്ലേ, നിന്നെക്കുറിച്ചു മാത്രമാണ് എന്ന പ്രയോഗം നല്കുന്നത്.