സാഭിമാനം സഭയോടൊത്ത്

പിതൃവേദി നമ്മുടെ ഇടവകകളിലെ പിതാക്കന്മാര്‍ക്ക് ഒന്നിക്കാനും പ്രാര്‍ഥനാപൂര്‍വം ചിന്തിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും തിരുക്കുടുംബത്തിന്‍റെ പാതയില്‍ കൂടുതല്‍ ഉത്സാഹത്തോടെ വളരാനുമുള്ള സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും വേദിയാകട്ടെ.

(കര്‍ദിനാള്‍ ആന്‍റണി പടിയറ (പിതൃവേദി സ്ഥാപകപിതാവ്)

പിതൃവേദി റൂബി ജൂബിലി ആഘോഷിക്കുമ്പോള്‍ മുമ്പോട്ടു വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആശയം ‘സാഭിമാനം സഭയോടൊത്ത്’ എന്നതാണ്. കഴിഞ്ഞ 40 വര്‍ഷം പിതൃവേദി പ്രസ്ഥാനം അതേ ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. റൂബി ജൂബിലിയില്‍ എത്തിനില്ക്കുമ്പോഴും, വെല്ലുവിളികള്‍ നേരിടാന്‍ കുടുംബങ്ങളെ പ്രാപ്തമാക്കുന്ന നടപടികള്‍ക്കാണ് പ്രാമുഖ്യം. വിശ്വാസസംരക്ഷണം മാത്രമല്ല, കുടുംബങ്ങളെ പൊതുവില്‍ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും പിതൃവേദി സജീവമായി ഇടപെടുന്നു.

കോവിഡനന്തരകാലത്ത് ഇടവകകളുടെ സജീവത്വം കുടുംബനാഥന്മാരുടെ കടമയാണന്ന് തിരിച്ചറിഞ്ഞ് പിതൃവേദി വിവിധ പദ്ധതികള്‍ തയാറാക്കി കഴിഞ്ഞു. മാര്‍ യൗസേപ്പിതാവിന്‍റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ചങ്ങനാശേരി അതിരുപതയിലെ എല്ലാ ഇടവകകളിലൂടെയും സംഘടന നടത്തിയ റൂബി ജൂബിലി സന്ദേശയാത്ര, വിശ്വാസപ്രഘോഷണ റാലി, ഫൊറോനാ കേന്ദ്രീകരിച്ചുള്ള കുടുംബസംഗമങ്ങള്‍ തുടങ്ങിയവയെല്ലാം അതിന്‍റെ ഭാഗമായിരുന്നു. പിതൃവേദി രജതജൂബിലി ആഘോഷിച്ചപ്പോള്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു: പിതൃവേദി നമ്മുടെ എല്ലാ ഇടവകകളിലും സജീവമാക്കണം.ഈ ജൂബിലികാലത്ത് പിതൃവേദി ചങ്ങനാശേരി അതിരുപതയിലെ ഏറ്റവും ശക്തമായ സംഘടനയായി മാറിക്കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ട്.

സാഭിമാനം സഭയോടൊത്ത് എന്നതിനര്‍ഥം, സഭയോടൊത്ത് നടക്കാനും സഭാപ്രവര്‍ത്തനങ്ങളി ല്‍ സജീവമായി പങ്കെടുക്കാനും സഭയ്ക്കുവേണ്ടി പ്രാര്‍ഥിക്കാനും സഭയുടെ ശബ്ദമായി മാറാനും പിതാക്കന്മാര്‍ക്കു കഴിയണം എന്നുതന്നെയാണ്. എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെയും വിശ്വാസ പരിശീലനത്തിനും, മാതൃകാപൂര്‍ണമായ ദാമ്പത്യ ജീവിതത്തിനും സഭയോടു ചേര്‍ന്നുനില്ക്കണമെന്ന സന്ദേശവും ഇതു നല്കുന്നു.

ഇക്കാലത്ത് കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളില്‍ ആദ്യസ്ഥാനം ലഹരിക്കാണ്. ഇളംതലമുറയെ അതു പ്രധാനമായും ലക്ഷ്യംവെക്കുന്നു. ഈ മാഫിയയുടെ പ്രവര്‍ത്തനം യുവജനങ്ങളുടെ ചിന്തയെയും ബുദ്ധിയെയും പോലും അപകടത്തിലാക്കുന്ന ദുരവസ്ഥയുണ്ട്. അതിനെതിരേ മുന്‍കരുതലെടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. ഏതു കാര്യവും മാതാപിതാക്കളോടു തുറന്നു സംസാരിക്കാന്‍ മക്കള്‍ക്കു കഴിയുന്ന സാഹചര്യം കുടുംബങ്ങളില്‍ ഉണ്ടായാല്‍ ഒരുപരിധി വരെ പരിഹാരമാകും.തുറന്ന ചര്‍ച്ചകളും തുറന്നു പറച്ചിലുകളും പങ്കുവെക്കലും ഒരുമിച്ചുള്ള പ്രാര്‍ഥനയുമായിരുന്നു ക്രൈസ്തവകുടുംബങ്ങളുടെ മുഖമുദ്ര. സമയമില്ല എന്നു പറഞ്ഞ് ചിലതൊക്കെ ഒഴിവാക്കാന്‍ തുടങ്ങിയപ്പോള്‍ കുടുംബങ്ങളുടെ കെട്ടുറപ്പ് ഇളകിത്തുടങ്ങിയെന്നത് നേരല്ലേ.

ജീവന്‍ അമൂല്യമാണ്. ജീവന്‍റെ സംരക്ഷകരായി മാറേണ്ടത് ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമാണ്. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനും താങ്ങും തണലുമായി മാറാനും മാതൃവേദി, പിതൃവേദി പ്രസ്ഥാനങ്ങള്‍ക്ക് കടമയുണ്ട്. വിവാഹജീവിതത്തോടു വിമുഖത കാട്ടുന്ന അപകടകരമായ അവസ്ഥയും ഇന്നു കാണുന്നു. വിവാഹം കഴിക്കാന്‍ വധുവിനെ കിട്ടാത്തതിനാല്‍ വിവാഹപ്രായം കഴിഞ്ഞും ഒറ്റത്തടിയായി നില്ക്കുന്ന പുരുഷന്മാരുടെ സംഖ്യ ഏറുന്നത് മറ്റൊരു പ്രശ്നം.

വിവാഹവും കുടുംബജീവിതവും വലിയ ദുരന്തമാണെന്ന ദുഷ്പ്രചാരണം പെണ്‍കുട്ടികളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കുടുംബപ്രശ്നങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും സാധാരണവത്കരിച്ചുള്ള വാര്‍ത്തകളും സിനിമകളും സമൂഹമാധ്യമഷെയറുകളും ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. വിവാഹത്തെക്കുറിച്ചുള്ള ദുര്‍വാശികളും വിവാഹം വൈകിപ്പിക്കുന്ന കാരണമാണ്. കുടുംബജീവിതത്തിന്‍റെ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള വിമുഖത, ഗര്‍ഭം ധരിക്കുന്നതി നോടുള്ള വിയോജിപ്പ്, കുട്ടികളെ വളര്‍ത്തുന്നതിനുള്ള മടി തുടങ്ങിയവയെല്ലാം വിവാഹത്തോട് വിപ്രതിപത്തി ജനിപ്പിക്കും. പെണ്‍കുട്ടികളില്‍ നല്ലൊരു പങ്കും ചെറുപ്രായത്തില്‍ വിവാഹത്തിന് സന്നദ്ധരല്ല. തനിച്ചുള്ള ജീവിതത്തിന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടാന്‍ ഇഷ്ടപ്പടാത്തത് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒപ്പം, സാമ്പത്തികസുരക്ഷിതത്വം നേടുന്നതിനുള്ള താത്പര്യവുമുണ്ട്. ഇതിന്‍റെ പ്രതിഫലനം സമീപഭാവിയില്‍ സാമ്പത്തിക,സാമൂഹിക മേഖലകളില്‍ ദൃശ്യമാകുമെന്നുറപ്പാണ്. വൈകിയുള്ള വിവാഹം ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതിനാല്‍, കുട്ടികളുടെ എണ്ണത്തെയും ഇതു ബാധിക്കാം. മാതൃകാപരമായ കുടുംബജീവിതത്തിലൂടെ ദാമ്പത്യത്തിന്‍റെ മനോഹാരിത ആസ്വദിക്കാനും, മക്കളെ വിവാഹജീവിതത്തിന് ഒരുക്കാനും മാതാപിതാക്കള്‍ക്കുള്ള കടമ വിസ്മരിക്കരുത്.

കോവിഡ് അറിഞ്ഞോ അറിയാതെയോ നമ്മില്‍ നിക്ഷേപിച്ചതാണ് നിസംഗത. ഓരോരുത്തരും അടച്ചിട്ട മുറികളിലേക്കും സാങ്കേതികവിദ്യ വിനിമയം ചെയ്യുന്ന അത്ഭുതലോകങ്ങളിലേക്കും ജീവിതം പരിമിതപ്പെടുത്തി. സമൂഹവും സഭയും നമ്മുടെ മുന്‍ഗണനാക്രമത്തില്‍ തീരെ താഴെയായി. അതൊക്കെ മറ്റാരുടെയോ കാര്യമാണെന്നു പറഞ്ഞ് നമ്മള്‍ മാറി നില്ക്കുകയാണ്. സഭാനേതൃത്വത്തോടൊപ്പം അല്മായ നേതൃത്വവും പ്രവര്‍ത്തിച്ചാലേ സഭ സമൂഹത്തില്‍ സാക്ഷ്യമാകൂ. സമുദായബോധം വളര്‍ത്തിയെടുക്കേണ്ടതിന്‍റെ അവശ്യകതയെക്കുറിച്ച് ചര്‍ച്ചകളുണ്ടാകണം; അക്ഷീണം അധ്വാനിക്കാന്‍ ആളുകളുണ്ടാകണം. അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണതകള്‍ ഒഴിവാക്കിയേ തീരൂ.എല്ലാവരെയും ചേര്‍ത്തുപിടിച്ചും കുട്ടുത്തരവാദിത്വം സംരക്ഷിച്ചും സഭാനന്മയ്ക്കുവേണ്ട തീരുമാനങ്ങള്‍ കൃത്യസമയത്തു കൈക്കൊള്ളാന്‍ നേതൃത്വത്തിന് കഴിയണം. ഒരു വ്യക്തിയോ ഒരു പറ്റം ആളുകളോ മാത്രം തുടര്‍ച്ചയായി നേതൃത്വം കൈയാളുന്നത് ആശാസ്യമല്ല. പുതിയ നേതൃത്വത്തിന്‍റെ കടന്നുവരവിന്ഇ ടമുണ്ടാകണം. പുത്തന്‍ ആശയങ്ങളുടെ ഒഴുക്കിന് അതു കൂടിയേതീരൂ.

പിതാക്കന്മാര്‍ സഭയുടെയും കുടുംബത്തിന്‍റെയും കാവല്‍ക്കാരായി മാറണമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് പിതൃവേദി റൂബി ജൂബിലി സന്ദേശയാത്ര നടത്തപ്പെടുന്നത്. സംഘടനയുടെ ഉണര്‍വിനും ശക്തിപ്പെടലിനും ഈ യാത്ര പ്രചോദനമുരുളുന്നു. മാര്‍ യൗസേപ്പിതാവിനെപ്പോലെ നിശബ്ദ സേവകരും നീതി ബോധമുള്ളവരും കുടുംബത്തിനുവേണ്ടി ത്യാഗങ്ങള്‍ ഏറ്റെടുക്കുന്നവരുമാകാന്‍ പിതാക്കന്മാര്‍ക്കു കഴിയട്ടെ.