ജീവൻ്റെ ഉത്സവക്കൂട്

എന്തെന്നാല്‍ സത്രത്തില്‍ അവര്‍ക്ക് കിട്ടിയില്ല. ബേത്‌ലഹേമിലെത്തിയ മറിയവും യൗസേപ്പും നെഞ്ചേറ്റിയ നൊമ്പരം. ജീവന്റെ ഗര്‍ഭഗൃഹത്തില്‍ നിന്നും അനാഥത്വത്തിന്റെ പുറമ്പോക്കുകളിലേക്കു വലിച്ചെറിയപ്പെടുന്ന ഉണ്ണീശോമാര്‍ക്കു പുല്‍ക്കൂടൊരുക്കുന്ന ഒരു സ്‌നേഹക്കൂടുണ്ട്,

രാജമറ്റത്ത്: ഇന്‍ഫന്റ് ജീസസ് ശിശുഭവന്‍.

മനുഷ്യന്‍ ചിലപ്പോള്‍ ഒരത്ഭുത സൃഷ്ടി; മറ്റുചിലപ്പോള്‍ ഒരു വികൃതജീവി. തേടി നടന്നലയുകയൊന്നും വേണ്ട, ഈ പ്രസ്താവനയുടെ സാധൂകരണത്തിന്. ചിലപ്പോള്‍ മാലാഖമാരേയും മറ്റു ചിലപ്പോള്‍ ചെകുത്താന്മാരേയും മനുഷ്യരുടെ ഇടയില്‍ കണ്ടെത്താം. ഇക്കാലത്തെ വാര്‍ത്തകള്‍ ഇതിനു വേണ്ടുവോളം തെളിവു തരുന്നുമുണ്ട്. ഉദരത്തില്‍ ഉരുവാകുന്ന കുരുന്നു ജീവനു പോലും വിലകല്പിക്കാത്ത കൊലപാതകികള്‍ ഒരുപാടുള്ളപ്പോള്‍ എങ്ങനെ ഈ നാട് ദൈവത്തിന്‍റെ സ്വന്തം നാടാകും? ഇടുങ്ങിയ താത്പര്യങ്ങളുടെ പേരില്‍ പെറ്റമ്മമാര്‍ ചോരക്കുഞ്ഞുങ്ങളെ വലിച്ചെറിയുമ്പോള്‍, അവരെ നെഞ്ചോടു ചേര്‍ത്ത് മാതൃസ്നേഹത്തിന്‍റെ ചൂടുപകരുന്ന സമര്‍പ്പിതരെ നാം അംഗീകരിക്കണം. അവരുടെ നിസ്വാര്‍ഥ സേവനത്തെ പിന്താങ്ങണം. 1998 മുതല്‍ ചങ്ങനാശേരി അതിരൂപതയിലെ രാജമറ്റം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫന്റ് ജീസസ് ശിശുഭവന്‍ ഇത്തരമൊരു സ്ഥാപനമാണ്. ജന്മം നല്കിയവരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, മാതാപിതാക്കള്‍ മരിച്ചതുമൂലം അനാഥരായവര്‍, അംഗപരിമിതികളുടെ പേരില്‍ ഒഴിവാക്കപ്പെട്ടവര്‍, ആരുടേതെന്നുപോലും അറിയാതെ തെരുവോരത്ത് തിരസ്കൃതരായവര്‍… അങ്ങനെ തുടങ്ങുന്നു ഇവിടത്തെ പൊന്നോമനകളുടെ ചരിത്രം. യൗസേപ്പിതാവിൻ്റെ പുത്രികള്‍ (Daughters of St Joseph – DSJ) എന്ന സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സാണ് നേതൃത്വം നല്കുന്നത്.  “പെട്രോളിനു വില കൂടിയാലും ഒരു പ്രശ്നോമില്ല; പക്ഷേ ലാക്റ്റോജൻ്റെ വില കൂടുമ്പോ ഭയങ്കര ടെന്‍ഷനാ.” ദത്തെടുക്കലിന്‍റെ ചുമതല വഹിക്കുന്ന സി. ഷൈജി ആശങ്ക മറച്ചുവെക്കുന്നില്ല. ഇത്രയും കുഞ്ഞുങ്ങളെ നോക്കി വളര്‍ത്തുമ്പോഴുണ്ടാ കുന്ന ചെലവ്‌ അത്ര ചെറുതല്ലല്ലോ! പക്ഷേ ഭയം തെല്ലുമില്ല. ഓരോ ദിവസത്തെയും കാര്യങ്ങള്‍ ദൈവം കരുതലോടെ നടത്തുന്നുണ്ട്. ഇതുവരെ ഒരു മുട്ടുമുണ്ടായിട്ടില്ലെന്നതാണ് സത്യം. നാളത്തെ കാര്യത്തെക്കുറിച്ചു ധാരണയൊന്നുമില്ല. ദൈവം എല്ലാം നടത്തുമെന്ന ഉറച്ച വിശ്വാസം മാത്രമാണ് കൈമുതല്‍.

ദൈവത്തിൻ്റെ കൈയൊപ്പുള്ള മനുഷ്യര്‍

കര്‍ത്താവിൻ്റെ കരങ്ങളാകാന്‍ ആത്മസമര്‍പ്പണം ചെയ്തവര്‍ക്കൊപ്പം കട്ടയ്ക്കു നില്ക്കാന്‍ കര്‍ത്താവു തന്നെ ചിലരെ സെറ്റ് ആക്കും. ICH ലെ ചിലര്‍ അങ്ങനെ ദൈവം നിയോഗിച്ചവരാണെന്നു വിശ്വസിക്കാനാണ് സിസ്റ്ററമ്മമാര്‍ക്ക് ഇഷ്ടം. ഡോക്ടര്‍മാരെല്ലാം പ്രത്യേക താത്പര്യം ഈ കുഞ്ഞുങ്ങളോടും സ്ഥാപനത്തോടും കാണിക്കാറുണ്ട്. ഒരു പേരു മാത്രം സൂചിപ്പിക്കാം; ഡോ. അഥീനാ മിനി അഗസ്റ്റിന്‍. സിസ്റ്റേഴ്സ് വിളിച്ചാല്‍ ഒ.പി സമയം കഴിഞ്ഞാലും അഥീന കാത്തിരിക്കും. ഏതു നട്ടപ്പാതിരായ്ക്കു വിളിച്ചാലും പരിഭവമില്ല. ചെറിയ കേസുകളില്‍ ഡോക്ടര്‍ തന്നെ വീഡിയോ കോള്‍ വിളിക്കും. കാര്യങ്ങള്‍ തിരക്കിയറിയും. ദൂരമിത്രയും യാത്രചെയ്തു വരണ്ട എന്ന അമ്മമനസിൻ്റെ നന്മ തിരിച്ചറിയുന്ന എത്രയോ സന്ദര്‍ഭങ്ങള്‍. എല്ലാ ചികിത്സകളും തീര്‍ത്തും സൗജന്യമാണിവിടെ. ഡോ. അഥീന മാത്രമല്ല, ICH ലെ എല്ലാ ഡോക്ടര്‍മാരും ദൈവം അപ്പോയിന്‍റ ചെയ്ത ദൂതരാണെന്നു പറയാന്‍ ഇവര്‍ മടിക്കുന്നില്ല.

ശിശുഭവൻ്റെ അകക്കാഴ്ചകളിലേക്ക്…

കാഴ്ചകള്‍ കനിവും കരുതലുമായപ്പോള്‍

എല്ലാ നല്ല സംരംഭങ്ങളുടെയും പിന്നില്‍ ലോകനന്മ ആഗ്രഹിക്കുന്ന ചില സുമനസുകളുടെ ദൂരക്കാഴ്ചയും ഫലേഛയില്ലാത്ത കര്‍മനിര്‍വഹണവുമുണ്ടാകും. യൗസേപ്പിതാവിൻ്റെ പുത്രികള്‍ (Daughters of St Joseph – DSJ) രാജമറ്റത്ത് ഇന്‍ഫൻ്റെ ജീസസ് ശിശുഭവന് തുടക്കമിടുന്നതിനു പിന്നിലും നന്മ വിതരണം ചെയ്യാനുള്ള അതീവതാത്പര്യം തന്നെ. 1978ലാണ്  DSJ സിസ്റ്റേഴ്സിൻ്റെ സാന്നിധ്യം ചങ്ങനാശേരി അതിരൂപതയിലും അതുവഴി ഭാരതത്തിലും ഉണ്ടാകുന്നത്. പ്രവര്‍ത്തിക്കുന്ന സ്ഥലമേതായാലും നാടിൻ്റെ സ്പന്ദനം തിരിച്ചറിഞ്ഞ് സേവനം ലഭ്യമാക്കുക, അതിനായി ഹൃദയവാതിലുകള്‍ തുറന്നിടുക, അതിലൂടെ ദൈവസ്നേഹത്തിൻ്റെ സ്പര്‍ശം അനുഭവവേദ്യമാക്കുക… ഇതാണ് ഈ സന്യാസസമൂഹത്തിന്‍റെ ആദര്‍ശം. ആര്‍പ്പൂക്കരയിലുള്ള ശ്രീ. പി.യു തോമസിന്‍റെ നവജീവനിലെ അന്തേവാസികള്‍ക്കു ശുശ്രൂഷ ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നിലും കാരിസത്തോടുള്ള വിശ്വസ്തത തന്നെയായിരുന്നു. ദൈവനിയോഗങ്ങളുടെ വഴികള്‍ അജ്ഞാതവും നിഗൂഢവുമാണെന്നു പറയുന്നത് എത്രയോ വാസ്തവം. മനോനില തെറ്റി അവിടെ കഴിയുന്നവരുടെയും ഗുരുതര രോഗങ്ങളാല്‍ മരിച്ചവരുടെയും കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന അനാഥത്വത്തിൻ്റെ നൊമ്പരം കണ്ടറിഞ്ഞത് ആ ശുശ്രൂഷാ നേരത്താണ്. മുലപ്പാലോ മാതൃ വാത്സല്യമോ സാമീപ്യമോ കരുതലോ ഇല്ലാതെ വളരുന്ന കുഞ്ഞുമക്കള്‍. അത്തരം കരളലിയിക്കുന്ന കാഴ്ചകള്‍ കണ്ണുകളീറനണിയിച്ചു തുടങ്ങിയപ്പോള്‍ അധികാരികളെ അറിയിച്ചു. എന്തുകൊണ്ട് നമുക്കാ മക്കളെ സംരക്ഷിച്ചുകൂടാ? ആര്‍ദ്രത നിറഞ്ഞ ആ അപേക്ഷയ്ക്ക് അനുമതി വൈകിയില്ല. 1998ല്‍ രാജമറ്റം മഠത്തിലെ ഒരു കുഞ്ഞുമുറിയില്‍ മൂന്നു കുഞ്ഞുവാവമാരുമായി ഇന്‍ഫൻ്റെ ജീസസ് ശിശുഭവന് തുടക്കമായി.

കുഞ്ഞുമുറിയിലെ അത്ഭുതങ്ങള്‍… കുട്ടി പ്രഫസറാണ്

മാനസികരോഗത്താല്‍ വലയുന്നവരുടെയും ഗുരുതര രോഗത്താല്‍ മരണമടഞ്ഞവരുടെയും മക്കളെ മാത്രമല്ല, തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്ന അനാഥബാല്യങ്ങളെയും ഇനി അലയാന്‍ വിടില്ല എന്നു ദൃഢനിശ്ചയം ചെയ്ത നാളുകള്‍. നഷ്ടമായ നെഞ്ചിൻ്റെ ചൂടും കരങ്ങളുടെ തലോടലും കണ്ണുകളിലെ കരുതലും ഈ അമ്മമാരിലൂടെ അനുഭവിച്ചറിഞ്ഞപ്പോള്‍ അനാഥനെന്ന നെറ്റിക്കുറി താനേ മാഞ്ഞുപോയി. കുളിപ്പിക്കാനും മുടിചീകി പൊട്ടുകുത്താനും കളിപ്പാട്ടങ്ങള്‍ക്കൊപ്പം കളിപ്പിക്കാനും താരാട്ടു പാടി ഉറക്കാനും അവര്‍ക്കിനി സ്നേഹനിധികളായ അമ്മമാരുണ്ട്. ഒന്നു തൊടുമ്പോള്‍ തന്നെ നെഞ്ചത്ത് അള്ളിപ്പിടിച്ചിരിക്കുന്ന മക്കളെക്കുറിച്ച് ഷൈജി പറയുന്നു. പാതിവഴികളിലെങ്ങോ ഊര്‍ന്നുപോയ അമ്മ സ്നേഹത്തെ അവര്‍ തിരിച്ചുപിടിച്ചു നുകരുകയാണ്. ശിശുഭവനിലെ ആദ്യ തലമുറയില്‍പ്പെട്ട പലരും വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ കഴിയുന്നു. അവരെ കല്യാണം കഴിച്ചുവിടുന്നതൊക്കെ ഞങ്ങളാണ് . പലരും സഹായിക്കും. അതു കഴിഞ്ഞും ബന്ധം തുടരും. ഇവിടത്തെ ആഘോഷങ്ങള്‍ക്ക് അവരെ ക്ഷണിക്കാറുണ്ട്. കുടുംബസമേതം അവര്‍ വരും. ഇതല്ലേ അവരുടെ വീട്. ആദ്യബാച്ചില്‍പ്പെട്ട ഒരു കുസൃതികുടുക്ക ഇന്നു കോളേജ് അധ്യാപികയാണ്. ഇതൊക്കെ പറയുമ്പോള്‍, മക്കളെ സുരക്ഷിതമായി കെട്ടിച്ചയച്ച ഒരമ്മയുടെ അഭിമാനം സ്ഫുരിക്കുന്നുണ്ട് ഷൈജിയുടെ മുഖത്ത്. അവിടെ വിരിയുന്ന സംതൃപ്തി അളന്നെടുക്കുക അസാധ്യം.

പ്രത്യാശയുടെ ഭവനം

നിയമപരമായ ദത്തെടുക്കലിനുള്ള സ്ഥാപനമെന്ന ഔദ്യോഗികംഗീകാരം (Adoption Licence) 2009ല്‍ ശിശു ഭവനു ലഭിച്ചു.  ഇതുവരെ 103 കുഞ്ഞുങ്ങളെ ഇവിടെ നിന്നും കുടുംബങ്ങള്‍ ദത്തെടുത്തിട്ടുണ്ട്. ഭാരതത്തില്‍ മാത്രമല്ല, ലോകമെമ്പാടും ഇവിടത്തെ കുഞ്ഞുങ്ങള്‍ മിടുക്കരായി ജീവിക്കുന്നു. ഈ ഭവനം ആരംഭിച്ചതിനു ശേഷം 250ലേറെ കുഞ്ഞുങ്ങളെ ഇവിടെ സ്വീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ദത്തെടുക്കല്‍ പ്രക്രിയ ഔദ്യോഗികമായി നടത്തുന്ന ഏകസ്ഥാപനവും ശിശുഭവന്‍ തന്നെ. ഇതോടു ബന്ധപ്പെട്ട ഔദ്യോഗിക ക്രമീകരണങ്ങളെല്ലാം ചെയ്യുന്നത് സി. ഷൈജി അഗസ്റ്റിന്‍ DSJ ആണ്. MSW, MPhil കോഴ്സുകള്‍ക്ക് ഒന്നാം റാങ്കു നേടിയ ഷൈജി, ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ അധ്യാപന ജോലി ഉപേക്ഷിച്ചാണ് ഈ ശുശ്രൂഷയ്ക്കു സ്വയം സമര്‍പ്പിച്ചത്. മാനേജരായി സി. റോസ് പോളും കെയര്‍ ടേക്കറായി സി. ജോസ്മിയും ഒപ്പമുണ്ട്. ഈ മൂവര്‍ സംഘത്തിൻ്റെ കരവലയങ്ങളില്‍ ശിശുഭവനിലെ കുട്ടികള്‍ അമ്മസ്നേഹം നുകരുന്നു

പ്രതീക്ഷയുടെ ഫാക്ടറികള്‍

പ്രതീക്ഷ അസ്തമിച്ചുതുടങ്ങുമ്പോള്‍ പ്രത്യാശയുടെ പുതുനാമ്പ് മുളപൊട്ടാന്‍ ദൈവം ഇടപെടുന്ന സന്ദര്‍ഭങ്ങള്‍ എത്രയെത്ര. ശിശുഭവന് അത്തരം നിരവധി അത്ഭുത കഥകള്‍ പറയാനുണ്ട്.  നിയമപരമായി വിവാഹം കഴിച്ച ദമ്പതികള്‍. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് പക്ഷേ, അംഗവൈകല്യമുണ്ടെന്നു തിരിച്ചറിഞ്ഞപ്പോള്‍ പ്രശ്നങ്ങളുടെ വേലിയേറ്റമായി. ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാനായിരുന്നു തീരുമാനം. ഗര്‍ഭഛിദ്രത്തിനു നിയമം അനുവദിക്കുന്ന കാലം കഴിഞ്ഞതിനാല്‍ കോടതിയെ സമീപിച്ചു. കോടതിയുടെ നിര്‍ദേശമിങ്ങനെ: കുരുന്നിനെ ഉദരത്തില്‍വെച്ചു നശിപ്പിക്കേണ്ട. പ്രസവിച്ചോളൂ. കുഞ്ഞിനെ സ്റ്റേറ്റ് ഏറ്റെടുത്തോളാം. (ജീവൻ്റെ മൂല്യം ഉയര്‍ത്തിക്കാട്ടിയ കോടതിക്കിരിക്കട്ടെ നല്ലൊരു സല്യൂട്ട്.) യുവതി പ്രസവിച്ചു. പെണ്‍കുഞ്ഞ്. തൂക്കം 920 ഗ്രാം. കിഡ്നി ഒന്നുമാത്രം. കാലുകളാകട്ടെ മൊത്തം വളഞ്ഞിരിക്കുന്നു. ഇനിയും കുറവുകളേറെ. കുറവുകളെ നിറവുകളാക്കുന്ന തമ്പുരാന്‍ ആ മാലാഖക്കുട്ടിയെ ഏല്പിച്ചത് ശിശുഭവനിലെ സിസ്റ്റേഴ്സിൻ്റെ കൈകളില്‍. പെറ്റമ്മയ്ക്കു വേണ്ടാത്ത മാണിക്യത്തെ പോറ്റമ്മമാര്‍ ഏറ്റെടുത്തു. മെലിഞ്ഞുണങ്ങിയ കാല്‍ നേരെയാക്കാനും കുറവുകള്‍ പരിഹരിക്കാനും നീണ്ട കാലത്തെ ചികിത്സ. അതിനൊപ്പം സര്‍ജറികളും. ആശുപത്രി വരാന്തകള്‍ കയറിയിറങ്ങിയതിനു കയ്യും കണക്കുമില്ല. പക്ഷേ മടുത്തില്ലെന്നതാണ് സത്യം. ദൈവത്തിൻ്റെ ഭൂമിയിലെ അംബാസിഡര്‍മാരായ അമ്മമാരുടെ പ്രാര്‍ഥനയും പരിശ്രമവും ഫലം കണ്ടു. അവള്‍ മിടുമിടുക്കിയായി വളര്‍ന്നു. ഉദരത്തിലേ നുള്ളിക്കളയാന്‍ ആരൊക്കെയോ തുനിഞ്ഞ ആ മകള്‍ ഇന്ന് അമേരിക്കയിലെ ഒരു കുടുംബത്തില്‍ വിദേശദമ്പതികളുടെ പ്രിയമകളായി കഴിയുന്നുണ്ട്.

720 ഗ്രാം മാത്രം തൂക്കവുമായി പിറന്നു വീണ മറ്റൊരു മകനുണ്ട്. വൈകാതെ മരിച്ചു പോകും എന്നു ഡോക്ടര്‍മാര്‍ മൂന്നു തവണ വിധിയെഴുതി. പക്ഷേ ജീവന്‍റെ ഉടയവനായ ദൈവമുണ്ടോ അതിനനുവദിക്കുന്നു. തൻ്റെ കൈകളും ഹൃദയവുമുള്ള പ്രിയപ്പെട്ടവരുടെ കൈകളിലേക്ക് അവിടുന്ന് അവനെയെത്തിച്ചു. നല്ല ‘ക്ലാസ്’ പുഞ്ചിരിയുമായി അവനിപ്പോള്‍ ശിശുഭവനിലുണ്ട്.

ഒരു കുളി എന്നൊക്കെ പറഞ്ഞാല്‍ ഒരു ഡസന്‍ കുളിയാ!

ശിശുഭവനിലെ കുളി കാണേണ്ടതു തന്നെ. ഒരു ഒന്നൊന്നര കുളി!! തെരുവിലും കുപ്പത്തൊട്ടിയിലും ഉപേക്ഷിക്കപ്പെടുന്നവരാണല്ലോ ഇവിടേയ്ക്കെത്തുന്നത്. ഈയിടെ ഒരു സുന്ദരിക്കുട്ടിയെത്തി. ആ മാലാഖയെ ഉപേക്ഷിച്ചവരുടെ ഉള്ളിലെ മാലിന്യമാണോ തെരുവിലെ മാലിന്യമാണോ അറിയില്ല, ആ പിഞ്ചുദേഹം
മുഴുവന്‍ ചെളികൊണ്ടു നിറഞ്ഞിരുന്നു. അവളെ കുളിപ്പിച്ചു സുന്ദരിയാക്കുന്ന ചുമതല സി. ജോസ്മി ഏറ്റെടുത്തു. ശരീരത്തില്‍ നിന്നു വമിക്കുന്ന ദുര്‍ഗന്ധം അസഹനീയമായിരുന്നു. കുറേ നേരത്തെ അധ്വാനത്തിനു ശേഷം അവളെ കുളിപ്പിച്ചു വൃത്തിയാക്കിയെടുത്തപ്പോള്‍ ദാ, വീണ്ടും ചെളിയിളകുന്നു. ദുര്‍ഗന്ധവും മാറുന്നില്ല. ‘ചെളിക്കുട്ടിയെ’ മാലാഖക്കുട്ടിയാക്കാന്‍ കുളി പലതു വേണ്ടി വന്നെന്ന് സി. ജോസ്മി. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും സിസ്റ്റേഴ്സ് തന്നെയാണ്. കുളിപ്പിക്കുന്നിടത്താണ് രസം. ഒരാള്‍ കുളിപ്പിക്കും; അടുത്തയാള്‍ തോര്‍ത്തും; മൂന്നാമത്തെയാള്‍ മുടിചീകി പൗഡറിട്ട് പൊട്ടുകുത്തി തൊട്ടിലിലേക്കു മാറ്റും. ഇതൊരു പ്രക്രിയപോലെ തുടര്‍ന്നു പോകുന്നത് കണ്ടു നില്ക്കുന്നതു തന്നെ നിര്‍വൃതി തരും. സന്യാസത്തിൻ്റെ 26 വര്‍ഷം പൂര്‍ത്തിയാക്കുന്ന സി. ജോസ്മിയും 25ലൂടെ സഞ്ചരിക്കുന്ന സി. റോസ്
പോളും 20 വര്‍ഷം പൂര്‍ത്തിയാക്കിയ സി. ഷൈജിയും, ദിവസേന സഹായിക്കാന്‍ മദര്‍ ഹൗസില്‍ നിന്നെത്തുന്ന സിസ്റ്റേഴ്സും ഒരു ചരടില്‍ കോര്‍ത്തപോലെ ഒന്നിച്ചധ്വാനിക്കുന്നതിൻ്റെ ഫലശ്രുതിയാണ് ഈ സ്നേഹഭവന്‍. ഒരുമയുടെ അഭിഷേകം നിറഞ്ഞു നില്ക്കുന്ന ഈ വീട് ബേത്ലഹേമായി നിലനില്ക്കുന്നതിനു പിന്നിലും ഇവര്‍ക്കിടയിലെ മാനസികൈക്യമത്രേ പ്രധാന കാരണം.

നമ്മുടെ അമ്മമാര്‍ക്കെന്തു ക്യൂ!!

ശിശുഭവനിലെ കാറിനുമുണ്ട് കഥകളേറെ പറയാന്‍! കാര്യം ഇതൊരു കാറാണ്. പക്ഷേ എന്തെന്തു വേഷപ്പകര്‍ച്ചകളാണിതിന്. എന്നും രാവിലെ കുസൃതിക്കുരുന്നുകളെ അങ്കണവാടിയിലെത്തിക്കുന്ന സ്കൂള്‍ ബസാകും; അസമയങ്ങളില്‍ ആശുപത്രി ലക്ഷ്യമാക്കി ചീറിപ്പായുന്ന ആംബുലന്‍സാകും. ചിലപ്പോള്‍ നിങ്ങളിതിനെ മരുന്നുകടയുടെയോ തുണിക്കടയുടെയോ മുമ്പിലും മാര്‍ക്കറ്റിലും കണ്ടേക്കാം. മക്കള്‍ക്കു വേണ്ട സാധനങ്ങളും മരുന്നുകളും വാങ്ങാന്‍ അമ്മമാര്‍ വന്നതാണ്. റോളുകള്‍ ഏതായാലും തേരാളി ഇവിടത്തെ സിസ്റ്റേഴ്സ് തന്നെ. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിയിലും മെഡിക്കല്‍ കോളജിലുമെത്താന്‍ അര മണിക്കൂര്‍ മതിയെന്നു പറഞ്ഞു സി.റോസ് പോള്‍ ചിരിക്കുന്നു. ഇത്രയും വേഗത്തില്‍ പോകാന്‍ പേടിയില്ലേ എന്നു ചോദിച്ചപ്പോള്‍ പെട്ടെന്നു വന്നു മറുപടി: കുഞ്ഞുപിള്ളേരല്ലേ; പോരാത്തതിന് ഒരമ്മയില്‍നിന്നും കിട്ടേണ്ട പോഷകങ്ങളൊന്നും കിട്ടാതെ വളരുന്നവര്‍. അവര്‍ക്കു ചികിത്സ പെട്ടെന്നു കിട്ടണം. അപ്പോള്‍ പേടിക്കൊന്നും വലിയ സ്കോപ്പില്ല. കുട്ടികളുടെ ആശുപത്രി(ICH)യിലെത്തിയാലോ. ഡോക്റ്റേഴ്സും നഴ്സുംമാരും ജീവനക്കാരും നമ്മോടു കാണിക്കുന്ന സ്നേഹത്തിന് അതിരില്ല. അവര്‍ക്കു നമ്മെ നന്നായറിയാം. എപ്പോള്‍ ചെന്നാലും പ്രത്യേക കരുതലും സ്നേഹവും. നീണ്ട ക്യൂവാണേലും ഞങ്ങളെ കടത്തിവിടും. രോഗികളായി എത്തുന്നവര്‍ക്കും അതില്‍ പരിഭവമില്ല.

കുഞ്ഞുങ്ങള്‍ക്കുവേണ്ടി എന്തും സഹിക്കുന്ന അമ്മമാര്‍

വീട്ടിലൊരു കുഞ്ഞുണ്ടെങ്കില്‍ വളര്‍ന്നു വരുന്നതുവരെ അപ്പനും അമ്മയും അനുഭവിക്കുന്ന ടെന്‍ഷന്‍ വേണമെങ്കില്‍ രണ്ടു പുസ്തകമാക്കാം. അങ്ങനെയെങ്കില്‍ പത്തുമുപ്പത് കുട്ടികളുള്ള ശിശുഭവൻ്റെ കാര്യമോ?അപ്പനും അമ്മയുമായി ആകെയുള്ളത് മൂന്നു സിസ്റ്റേഴ്സ്. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ ഏറ്റവും കൂടുതല്‍ തവണ പോയതിന് അവാര്‍ഡുണ്ടെങ്കില്‍ അതിവിടത്തെ സിസ്റ്റേഴ്സേ കരസ്ഥമാക്കൂ. മിക്ക ദിവസങ്ങളിലും ഏതെങ്കിലും കുട്ടിയുമായി അവര്‍ ICH ലും മെഡിക്കല്‍ കോളജിലുമുണ്ടാകും. കുഞ്ഞിനെ അഡ്മിറ്റാക്കിയാലോ? അവര്‍ കൂടെക്കാണും. കഴിഞ്ഞദിവസം ഒരു കുഞ്ഞുവാവയുടെ ഉവ്വാവ് അങ്ങനങ്ങോട്ടു കുറയുന്നില്ല. അഡ്മിറ്റാക്കിയേ പറ്റൂ. ജനറല്‍ വാര്‍ഡിലെ ഒരു കട്ടില്‍ നാലു കുട്ടികള്‍ക്ക് എന്നതാണ് കണക്ക്. ഒരു കട്ടിലിൻ്റെ നാലിലൊന്നില്‍ കുഞ്ഞുവാവയുമായി അമ്മമാരെത്തി. ഒരാള്‍ ആ മൂലയ്ക്ക് കുഞ്ഞിനെ മടിയിലിരുത്തി രാത്രി കഴിച്ചു. അടുത്തയാള്‍ കട്ടിലിനു താഴെ പായ വിരിച്ചു കിടന്നു. ഇതിനൊക്കെ പകരം ആളെ നിര്‍ത്തിയാലെന്താ എന്ന ചോദ്യത്തിന് മറുപടി: ഏയ്, അതൊന്നും ശരിയാകില്ല. ഇതൊക്കെ കഷ്ടപ്പാടാണെന്നു വിചാരിച്ചാലേ പ്രശ്നമുള്ളൂ. ഞങ്ങള്‍ക്ക് ഇതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ്. ഞങ്ങളുടെ മക്കള്‍ക്ക് ഞങ്ങള്‍ തന്നെ കൂട്ടിരിക്കണം.

ദൈവദൂതനായി ജെ.പി. സാര്‍

മാതാപിതാക്കള്‍ ഉപേക്ഷിച്ച ഒരു കുഞ്ഞിനെയുമെടുത്ത് ഒരിക്കല്‍ സിസ്റ്റേഴ്സ് ICH ലേക്ക് ഓടിയെത്തി. കുഞ്ഞിന്‍റെ തൂക്കം 750 ഗ്രാം! പെട്ടെന്നൊരു സ്കാനിംഗ് വേണമെന്നു ഡോക്ടര്‍. തിരക്കിയപ്പോള്‍ ചിലവ് പതിനാറായിരം രൂപാ. കുഞ്ഞുങ്ങള്‍ക്കു കൊടുക്കാനുള്ള ലാക്റ്റോജന്‍ വാങ്ങാന്‍ വെപ്രാളപ്പെടുന്നവര്‍ ഒറ്റയടിക്ക് പതിനാറായിരം രൂപ എങ്ങനെയൊപ്പിക്കാന്‍. ആകെ തളര്‍ന്നുപോയപോലെ. കണ്ണുനനഞ്ഞു തുടങ്ങിയപ്പോള്‍ ICH ന്‍റെ സൂപ്രണ്ട് ഡോ. ജയപ്രകാശ് മുന്നില്‍. കാര്യമറിഞ്ഞയുടനെ അദേഹം ആ തുക മുഴുവന്‍ അടച്ചു. ദൈവത്തിന്‍റെ ഇടപെടലിന് നിമിഷാര്‍ധം മതി. ആരോഗ്യസംബന്ധിയായ കാര്യങ്ങള്‍ക്ക് ശിശുഭവനില്‍ ഒരു കുറവുമുണ്ടാകരുതെന്ന് നിര്‍ബന്ധമുള്ള ഇവരുടെയൊക്കെ പിന്തുണയാണ് ഈ കുടുംബത്തെ ഇത്രമേല്‍ സുന്ദരമായി മുന്നോട്ടു കൊണ്ടുപോകുന്നത്.

പുല്‍ക്കൂടുകള്‍ കൊണ്ടൊരു പൂന്തോട്ടം

പുതിയ കെട്ടിടത്തിലാണ് രണ്ടു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണം. പുല്‍ക്കൂടുകളുടെ ഒരു പൂന്തോട്ടമാണിത്. കിളിക്കൊഞ്ചലും കൂട്ടക്കരച്ചിലും ഇടകലര്‍ന്നുയരുന്ന അവിടം 24 മണിക്കൂറും സജീവം. ഒരാഴ്ചമാത്രം പ്രായമുള്ള കുട്ടികളും അവിടുണ്ട്. രണ്ടു വയസു കഴിഞ്ഞവര്‍ ശിശുഭവന്‍റെ ആദ്യകെട്ടിടത്തില്‍ കഴിയുന്നു. ജനിച്ചിട്ട് അധികമാകാത്ത രണ്ട് പുതിയ അതിഥികള്‍ മെഡി ക്കല്‍ കോളജിലെ നഴ്സറിയിലുണ്ട് . വൈകാതെ അവരും ഈ സ്നേഹഭവനത്തിലെത്തും. കുരുന്നുകളുടെ വളര്‍ത്തലിനെക്കുറിച്ചായി പിന്നീടു സംസാരം. രണ്ടു മണിക്കൂര്‍ ഇടവിട്ട് കുഞ്ഞുങ്ങള്‍ക്കു പാല് നല്കണം. മുലപ്പാലിന്‍റെ കുറവ് സപ്ലിമെന്‍ററി ആഹാരത്തിലൂടെയാണ് പരിഹരിക്കുന്നത്. സിസ്റ്റേഴ്സിന് വേണ്ടത്ര ഉറക്കമില്ലെന്ന് ഉറപ്പിച്ചു പറയാം. സഹായിക്കാന്‍ രണ്ടു പേരുണ്ടെങ്കിലും എല്ലായിടത്തും സിസ്റ്റേഴ്സുണ്ടാകും. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ മിക്കപ്പോഴും കരച്ചിലും ബഹളവുമായിരിക്കും. അപ്പോളൊക്കെ അവരെ വാരിയെടുത്തേ പറ്റൂ. മിക്ക രാത്രികളിലും കട്ടിലില്‍ തങ്ങളോടൊപ്പം ഒന്നു രണ്ടു കുഞ്ഞുങ്ങളുണ്ടാവും. അവരെ ചേര്‍ത്തു കിടത്തി ഉറക്കണം. അനാഥന്‍ എന്ന നൊമ്പരത്തെ മാതൃവാത്സല്യത്തിന്‍റെ ഈ ചൂടില്‍ തണിപ്പിച്ച് ബാഷ്പീകരിക്കുകയാണ് ഇവിടത്തെ പൊന്നോമനകള്‍. ഗര്‍ഭപാത്രത്തിലും പൊക്കില്‍ക്കൊടി ബന്ധത്തിലും അസ്തിവാരമിട്ടു നില്ക്കുന്ന മാതൃത്വത്തിന്‍റെ നടപ്പു വിചാരങ്ങളെ കര്‍മബന്ധത്തിലൂന്നിയ പുതിയൊരു മാതൃകയിലൂടെ ഈ അമ്മമാര്‍ പുനര്‍ നിര്‍വചിക്കുകയാണ്. വര്‍ഷത്തില്‍ പലയാവൃത്തി ഇവിടെ കുഞ്ഞുവാവമാര്‍ വന്നുകൊണ്ടിരിക്കും. ഇതെല്ലാം ഇവരുടെ കഷ്‌ടപ്പാടുകള്‍ വര്‍ധിപ്പിക്കുകയല്ലേ? വിളിക്കുള്ളിലെ വിളി കണ്ടെത്തിയ ഈ അമ്മമാര്‍ പക്ഷേ അത്തരം പരാമര്‍ശങ്ങള്‍ കേള്‍ക്കുമ്പോഴേ തിരുത്തും; ഇതു കഷ്ടപ്പാടല്ല, അനുഗ്രഹമാണ്, ദൈവാനുഗ്രഹം. ഓരോ കുരുന്നിലും ഉണ്ണീശോയുടെ മുഖം ഞങ്ങള്‍ കാണുന്നു.

തളര്‍ന്നവന് ബലം നല്കാന്‍

രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ളിടത്ത് തൊട്ടിലുകളുടെ നീണ്ടനിരയാണ്. എല്ലാറ്റിലും ഓരോ മാലാഖമാരും. മിക്കവരും സേഫ് സോണില്‍ സുഖനിദ്രയിലാണ്. ഇടയ്ക്കിടയ്ക്കു സാന്നിധ്യ൦ അറിയിച്ചുകൊണ്ടുയരുന്ന ചെറിയ കരച്ചില്‍. ഇനി പരിചിതമല്ലാത്ത സ്വരമെന്തെങ്കിലും കേട്ടാലോ? സീനിയര്‍ കുറുമ്പുകള്‍ തല വെളിയിലിട്ടു നോക്കും. ഒപ്പം ഒരു ചിരിയും. ഒരാള്‍ കരഞ്ഞാല്‍ പിന്നെ മാലപ്പടക്കത്തിനു തിരികൊളുത്തിയ ഫീലിംഗാണ്. ഓരോരുത്തരുടെയും പേരു വിളിച്ച് സിസ്റ്റേഴ്സ്തൊട്ടിലിനരികില്‍ ഓടിയെത്തും. അമ്മമാരുടെ സ്വരം കേട്ടാല്‍ പിന്നെ ഹാപ്പിയാണ്. ഇതിനിടെഒരു കക്ഷി മാത്രം ഒന്നും മിണ്ടാതെ കണ്ണു തുറന്നു കിടക്കുന്നു. സി. റോസ് പോള്‍ ഒരു കുപ്പിയുമായി അവിടെത്തി. കുരുന്നിന്‍റെ കണ്ണുകളാണ് അമ്മയോടു സംസാരിക്കുന്നത്. അവള്‍ക്കു വിശക്കുന്നു.റോസ് പോള്‍ വാരിയെടുത്ത് കുഞ്ഞിനു പാല്‍ കൊടുത്തു. സന്തോഷകരമായ ആ സീനിനു പിന്നില്‍സങ്കടപ്പെടുത്തുന്നൊരു കഥ കൂടിയുണ്ട്. ജന്മനാ ബ്രെയിന്‍ ചുരുങ്ങുന്ന അസുഖമാണിവള്‍ക്ക്. അതറിഞ്ഞപ്പോഴേ മാതാപിതാക്കള്‍ അവളെ ഉപേക്ഷിച്ചു. എക്കാലവും ഇങ്ങനെ തളര്‍ന്നു കിടക്കാനാണ് സാധ്യത. സംസാരശേഷിയുമില്ല. അവളുടെ നിശബ്ദതപോലും വായിച്ചറിയുന്ന മാലാഖമാരുടെകൈകളില്‍ തന്നെ ദൈവം ആ കുഞ്ഞിനെ എത്തിച്ചു.

ഇറ്റലിയില്‍ നിന്നൊരു സ്നേഹഗാഥ

വര്‍ഷങ്ങളായി സൗകര്യങ്ങള്‍ വേണ്ടത്രയില്ലാത്ത കെട്ടിടത്തിലായിരുന്നു ശിശുഭവൻ്റെ പ്രവര്‍ത്തനങ്ങള്‍. പരിഭവങ്ങളേതുമില്ലാതെ കുറവുകളെ സൗകര്യങ്ങളാക്കി മാറ്റുകയായിരുന്നു സിസ്റ്റേഴല്ലാരും. സന്ദര്‍ശനത്തിന്  ഇറ്റലിയില്‍ നിന്നു വന്ന സഭയുടെ മദര്‍ ജനറല്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസിലാക്കി. കൂടുതല്‍ സൗകര്യമുള്ളൊരു ഭവനം അത്യാവശ്യമെന്ന് മദറിനു ബോധ്യപ്പെട്ടു. പക്ഷേ പണമെവിടെ? ഇറ്റലിയിലെ ഒരു ഭവനം വിറ്റാണ് ഇതിനു പണം കണ്ടെത്തിയത്. പുതിയ അമ്മവീടിൻ്റെ നിര്‍മാണം അങ്ങനെ സാധ്യമായി. രണ്ടു വയസു വരെയുള്ള കുഞ്ഞുങ്ങളാണ് ഇപ്പോള്‍ ഇവിടെ കഴിയുന്നത്.

അങ്കണവാടിയിലെ അങ്കവും കഴിഞ്ഞ്

ശിശുഭവൻ്റെ പ്രവര്‍ത്തനങ്ങള്‍ പറയുന്നതിനിടയില്‍ സി. ഷൈജി ഇടയ്ക്കിടെ സമയം നോക്കുന്നുണ്ട്.  മൂന്നു കഴിഞ്ഞപ്പോള്‍ ആകെയൊരു വെപ്രാളം. “അയ്യോ, എന്‍റെ പിള്ളാരെ കൊണ്ടുവരാന്‍ സമയമായി. നല്ല മഴക്കാറുമുണ്ട്” ഇതു പറഞ്ഞു തീര്‍ന്നതേ ഒരൊറ്റ ഓട്ടം. കാര്യം തിരക്കി. ശിശുഭവനിലെ പതിനഞ്ചോളം കുഞ്ഞുങ്ങള്‍ അടുത്തുള്ള അങ്കണവാടിയിലാണ് പഠിക്കുന്നത്. അവരെ ചെന്നു കൂട്ടാനുള്ള സമയമായി. അമ്മയുടെ റോളില്‍നിന്നു ഡ്രൈവറുടെ റോളിലേക്ക് എത്ര പെട്ടെന്നാണ് ഷൈജി മാറുന്നത്. ഇങ്ങനെയൊക്കെയാകാന്‍ എങ്ങനെ പറ്റുന്നു? ദൈവകൃപയുടെ മഴപ്പെയ്ത്തെന്നല്ലാതെ എന്തുപറയാന്‍. വണ്ടി പുറപ്പെട്ടു കഴിഞ്ഞു. തിരികെ വരുമ്പോളാണ് അതിലും കൗതുകം. അവിടെങ്ങും ഒരുകൂട്ടുകുടുംബത്തിന്‍റെ ഫീല്‍. അങ്കണവാടിയിലെ വിശേഷങ്ങള്‍ വാതോരാതെ പറഞ്ഞു കേള്‍പ്പിക്കാന്‍ മത്സരിക്കുകയാണ് കുട്ടികുറുമ്പുകളെല്ലാരും. അമ്മമാര്‍ എല്ലാവര്‍ക്കും കാതു കൊടുക്കുന്നുണ്ട്. തെല്ലു നേരംകൊണ്ട് ചോദിച്ചും തലോടിയും ചിരിച്ചും ഒപ്പംകൂടുന്ന കൂട്ടുകാരായി അവരെല്ലാം. അനാഥത്വം പേറുന്ന നിഷ്കളങ്കബാല്യങ്ങളുടെ പൊട്ടിച്ചിരികളും ആരവങ്ങളും ഇടകലരുന്ന ഈ ആഘോഷപ്പറമ്പില്‍ സന്തോഷത്തിൻ്റെ അലയടികള്‍ ഒരിക്കലും അവസാനിക്കാത്തതിനു കാരണം ഈ അമ്മമാരല്ലേ? സുവിശേഷം ജീവിക്കുന്നതിൻ്റെ ആനന്ദം ഇവിടെ ശരീരം പൂണ്ടു നില്ക്കുന്നു.

ശിശുഭവനെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍: 952603896