കുടുംബത്തിന് സൗഖ്യത്തിൻ്റെ സുവിശേഷം

റവ. ഡോ. തോമസ് വള്ളിയാനിപ്പുറം

കുടുംബത്തിന് സൗഖ്യത്തിൻ്റെ സുവിശേഷം

യഥാര്‍ഥ സ്‌നേഹവും കരുണയുമാണ് സൗഖ്യം നല്കുന്നത്. മാതാപിതാക്കളും മക്കളും ഗാഢമായ സ്‌നേഹത്തില്‍ അന്യോന്യം ചേര്‍ത്തു പിടിക്കുന്നവരായാല്‍ കുടുംബത്തില്‍ ആരോഗ്യവും ആനന്ദവും പുലരും.

രോഗശമനവും (cure) സൗഖ്യവും (healing) തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. വൈദ്യന് വിദഗ്ധ ചികിത്സയിലൂടെ രോഗശമനം വരുത്താനും രോഗവിമുക്തി നല്കാനും കഴിഞ്ഞെന്നുവരും. എന്നാല്‍ മനുഷ്യൻ്റെ മാനസികവും വൈകാരികവും ആത്മീയവുമായ തലങ്ങളെ അയാള്‍ക്കു സ്പര്‍ശിക്കാന്‍ സാധിച്ചെന്നു വരില്ല. ‘സൗഖ്യം’ എന്ന വാക്ക് സമഗ്രമായ രോഗശാന്തിയെ കുറിക്കുന്ന പദമാണ്. വ്യക്തിയുടെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവും സാമൂഹികവുമായ എല്ല തലങ്ങളെയും സുഖപ്പെടുത്തുകയും, അയാള്‍ക്ക് സമഗ്രമായ ക്ഷേമം നൽകുകയും ചെയ്യുന്ന ദൈവാനുഭവമാണ് സൗഖ്യമെന്നു പറയാം. മനുഷ്യരക്ഷയുമായി അവശ്യം ബന്ധപ്പെട്ടു നില്ക്കുന്ന പദമാണിത്. സമഗ്രമായ സൗഖ്യവും രക്ഷയും നല്കാനാണ് യേശു ലോകത്തില്‍ വന്നത്.

പത്ത് സൗഖ്യവിവരണങ്ങള്‍

യേശു നല്കുന്ന 10 സൗഖ്യങ്ങളുടെ വിവരണമാണ് മത്തായിയുടെ സുവിശേഷം എട്ട്, ഒന്‍പത് അധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മലയിലെ പ്രസംഗത്തിനുശേഷം ശിഷ്യരോടൊത്തു താഴ്വാരത്തിലേക്ക് ഇറങ്ങി വരുന്ന യേശുവാണ് ഈ സൗഖ്യങ്ങള്‍ നല്കുന്നത്. യേശു പല സന്ദര്‍ഭങ്ങളില്‍ നല്കിയ സൗഖ്യങ്ങള്‍ ഇവിടെ പത്തായി നിജപ്പെടുത്തി മത്തായിശ്ലീഹാ സമാഹരിച്ചവതരിപ്പിക്കുകയാണ്. യേശു വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും ശക്തനായ മിശിഹായാണെന്നു സ്ഥാപിക്കുകയാണ് സുവിശേഷകൻ്റെ ലക്ഷ്യം. യേശുവിനെ പുതിയ മോശയായി ചിത്രീകരിക്കുക എന്ന ലക്ഷ്യവും സുവിശേഷകനുണ്ട്. മോശ ഈജിപ്തില്‍ 10 അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അതിലൂടെ ദൈവം ഇസ്രായേലിൻ്റെ ശത്രുക്കളെ ശിക്ഷിച്ചു.  ഇസ്രായേലിനു മോചനം നല്കി. യേശു മാനവരാശിക്കു സൗഖ്യം നല്കുന്ന 10 അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പുതിയ മോശയെപ്പോലെ മലയില്‍ വെച്ചു പുതിയ നിയമം നല്കിയ യേശു, താഴ്വാരത്തില്‍ പുതിയ മോശയെപ്പോലെ മനുഷ്യകുലത്തിനു മോചനമേകുന്നു. യേശു നല്കുന്ന സൗഖ്യത്തില്‍ ശിക്ഷയോ സംഹാരമോ ഇല്ല. ദൈവത്തിൻ്റെ അനന്തസ്നേഹവും കരുണയും മാത്രമാണത്. മനുഷ്യകുലത്തെ മുഴുവന്‍ അവിടുന്നു രക്ഷിക്കുന്നു. മോശയേക്കാള്‍ വളരെ ശ്രേഷ്ഠനാണ് യേശു എന്ന് സുവിശേഷകന്‍ സ്ഥാപിക്കുകയാണ്.

ത്രിവര്‍ഗങ്ങള്‍

മൂന്ന്, മൂന്ന്, മൂന്ന് എന്നിങ്ങനെ ത്രിവര്‍ഗ രൂപത്തിലാണ് ഈ 10 സൗഖ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുഷ്ഠരോഗി (8:1-4), ശതാധിപൻ്റെ ഭൃത്യന്‍ (8:5-13), പത്രോസിൻ്റെ അമ്മായിയമ്മ (8:14-15) എന്നിവരെ സുഖപ്പെടുത്തുന്നതാണ് ത്രിവര്‍ഗത്തില്‍ ആദ്യത്തെ ഗണം. ഈ ഗണത്തിനു ശേഷം യേശുവിൻ്റെ സൗഖ്യവിവരണങ്ങളുടെ സമാഹരണമാണ് കാണുന്നത് (8:16-19). തുടര്‍ന്ന് ശിഷ്യത്വത്തെ സംബന്ധിച്ച രണ്ടു വിവരണങ്ങളുമുണ്ട് (8:18-22). ഇതേ രീതി തന്നെയാണ് ത്രിവര്‍ഗത്തിലെ രണ്ടാം ഗണത്തിലും സുവിശേഷകന്‍ അവലംബിക്കുന്നത്. കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു (8:23-27), പിശാചുബാധിതനെ സുഖപ്പെടുത്തുന്നു (8:28-34), തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു (9:1-8) എന്ന മൂന്നു സൗഖ്യ-മോചന വിവരണങ്ങള്‍ക്കു ശേഷം ശിഷ്യത്വത്തെ സംബന്ധിച്ച ചില പാഠങ്ങള്‍ നൽകുന്നു. ത്രിവര്‍ഗത്തിലെ മൂന്നാം ഗണത്തില്‍ ഒന്നാമത്തേത് രക്തസ്രാവക്കാരിക്കും ഭരണാധികാരിയുടെ മകള്‍ക്കും സൗഖ്യം (ജീവന്‍) നൽകുന്ന വിവരണമാണ് (9:18-26). ഇവിടെ രണ്ടുപേര്‍ക്കു സൗഖ്യം നല്കുന്നുണ്ടെങ്കിലും, ഒറ്റ വിവരണമെന്നോണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ത്രിവര്‍ഗത്തിലെ മൂന്നാം ഗണത്തില്‍ രണ്ടാമത്തേത് യേശു രണ്ട് അന്ധന്മാര്‍ക്കു കാഴ്ച്ച നൽകുന്ന രംഗം (9:27-31); മൂന്നാമത്തേത് അവിടുന്ന് ഊമനെ സുഖപ്പെടുത്തുന്നതും (9:32-34). ത്രിവര്‍ഗ സൗഖ്യവിവരണങ്ങളുടെ സമാപനത്തില്‍ ജനക്കൂട്ടത്തോട് അനുകമ്പ തോന്നുന്ന നല്ലയിടയനായ യേശുവിൻ്റെ മിഴിവാര്‍ന്ന ചിത്രവുമുണ്ട് (9:35-38). ത്രിവര്‍ഗ സൗഖ്യവിവരണങ്ങളിലൂടെ യേശു ആകെ 11 പേരെയാണ് സുഖപ്പെടുത്തുന്നത്. ആദ്യത്തെ രണ്ടു ത്രിവര്‍ഗങ്ങളില്‍ മൂന്നുപേരെ വീതം സുഖപ്പെടുത്തുമ്പോള്‍, അവസാനത്തെ ത്രിവര്‍ഗത്തില്‍ അഞ്ചു പേരെ സുഖപ്പെടുത്തുന്നു. ത്രിവര്‍ഗ സൗഖ്യവിവരണങ്ങള്‍ക്കിടയില്‍ വരുന്ന ശിഷ്യത്വപ്രബോധനത്തിനു സുവിശേഷകന്‍ പ്രത്യേകം പ്രാധാന്യം കല്പിക്കുന്നുണ്ട്. യേശു നല്കുന്ന എല്ലാ സൗഖ്യങ്ങളും പ്രവൃത്തിരൂപത്തിലുള്ള ശിഷ്യത്വപാഠങ്ങളാണ്. സുഖംപ്രാപിച്ചവരും രക്ഷ അനുഭവിച്ചവരും യേശുവിൻ്റെ ശിഷ്യരായി അവിടുത്തേയ്ക്കു സാക്ഷ്യം വഹിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ സൗഖ്യം പ്രാപിച്ചവര്‍ സൗഖ്യദായകരായി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു.

കുടുംബം: സൗഖ്യത്തിൻ്റെ ആലയം

10 സൗഖ്യവിവരണങ്ങളും കുടുംബവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നു. ശതാധിപൻ്റെ ഭൃത്യന്‍, പത്രോസിൻ്റെ അമ്മായിയമ്മ, തളര്‍വാതരോഗി, ഭരണാധിപൻ്റെ മകള്‍ എന്നിവരുടെ സൗഖ്യം പ്രകടമായും കുടുംബ പശ്ചാത്തലത്തിലാണ് നടക്കുന്നത്. ഓരോ സൗഖ്യവിവരണവും, ഇന്ന് എങ്ങനെ യേശുവില്‍ നിന്നു സൗഖ്യം പ്രാപിച്ച് സന്തോഷപൂര്‍ണമായ കുടുംബജീവിതം നയിക്കാന്‍ സാധിക്കും എന്നു പഠിപ്പിക്കുന്ന തിരുവചനങ്ങളാണ്. യേശു മാതാപിതാക്കളിലൂടെയും കുടുംബാംഗങ്ങളിലൂടെയും തൻ്റെ സൗഖ്യ ശുശ്രൂഷ തുടര്‍ന്നു കൊണ്ടിരിക്കുന്നു. കുടുംബാംഗങ്ങള്‍ യേശുവില്‍ നിന്നു സൗഖ്യം സ്വീകരിച്ച് പരസ്പരം സൗഖ്യം നല്കുന്നവരായി രൂപാന്തരപ്പെടണമെന്നു ചുരുക്കം.

കുഷ്ഠരോഗിയുടെ സൗഖ്യം (8:1-4)

കുഷ്ഠരോഗി യേശുവിൻ്റെ പക്കലെത്തി താണുവണങ്ങുന്നു. ‘പ്രോസെക്കുനെയി’ എന്ന വാക്കാണ് സുവിശേഷകന്‍ ഉപയോഗിക്കുന്നത്. ഇതിൻ്റെ അര്‍ഥം ആരാധിക്കുക എന്നാണ്. ‘കര്‍ത്താവേ’ എന്ന് അയാള്‍ യേശുവിനെ സംബോധന ചെയ്യുന്നു. ‘അങ്ങേയ്ക്കു മനസുണ്ടെങ്കില്‍ എന്നെ സുഖപ്പെടുത്താന്‍ കഴിയും’ എന്നത് കുഷ്ഠരോഗിയുടെ ഹൃദയസ്പര്‍ശിയായ പ്രാര്‍ഥനയാണ്. ഈ കുഷ്ഠരോഗി സഭയിലെ വിശ്വാസികളുടെ പ്രതീകമാണ്. അയാള്‍ യേശുവിനെ ദൈവമായി ആരാധിക്കുന്നു. അവിടുത്തോടു ഹൃദയം തുറന്നു പ്രാര്‍ഥിക്കുന്നു. ‘കഥാറിസോ’ എന്ന ഗ്രീക്കു പദമാണ് ‘ശുദ്ധനാകുക’ എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. സമഗ്രമായ സൗഖ്യത്തെ ധ്വനിപ്പിക്കുന്ന പദമാണിത്. കുഷ്ഠരോഗത്തില്‍ മനുഷ്യശരീരത്തെ മലിനപ്പെടുത്തുന്ന എല്ലാ വിധ ത്വക്ക് രോഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കുഷ്ഠരോഗികളെ അശുദ്ധരായി കണക്കാക്കിയിരുന്നു. അവരെ സമൂഹത്തില്‍ നിന്ന് അകറ്റി നിറുത്തിയിരുന്നു (സംഖ്യ 5:2, 2രാജാ. 7:3-10, 2ദിന. 26:16-21). യേശു കുഷ്ഠരോഗികളോടു കരുണ കാണിച്ചു. അവിടുന്നു കൈനീട്ടി കുഷ്ഠരോഗിയെ സ്പര്‍ശിച്ചതിലൂടെ ദുഃഖാര്‍ത്തരായ മനുഷ്യരോടുള്ള അതിരില്ലാത്ത സ്നേഹമാണ് വെളിപ്പെടുത്തിയത് . യഥാര്‍ഥ സ്നേഹവും കരുണയുമാണ് സൗഖ്യം നല്കുന്നത്.  മാതാപിതാക്കളും മക്കളും ഗാഢമായ സ്നേഹത്തില്‍ അന്യോന്യം ചേര്‍ത്തു പിടിക്കുന്നവരായാല്‍ കുടുംബത്തില്‍ ആരോഗ്യവും ആനന്ദവും പുലരും. സൗഖ്യം പ്രാപിച്ച കുഷ്ഠരോഗിയെ സാക്ഷ്യപത്രം വാങ്ങി സമൂഹത്തില്‍ ഉള്‍ച്ചേരുന്നതിനു വേണ്ടി യേശു പുരോഹിതന്‍റെ പക്കല്‍ പറഞ്ഞയയ്ക്കുന്നു. സാമൂഹികമായ സംസര്‍ഗത്തിലൂടെയാണ്  സൗഖ്യം പൂര്‍ണതയിലെത്തുന്നത്. കുട്ടികളില്‍ സാമൂഹികബോധം വളര്‍ത്താനും, അവരുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ സമൂഹമധ്യേ പ്രകാശിപ്പിക്കാനും പ്രോത്സാഹനം നല്കുന്ന മാതാപിതാക്കള്‍ സൗഖ്യമുള്ള പുതിയതലമുറയ്ക്ക്  ജന്മമേകുകയാണ്

ശതാധിപൻ്റെ ഭൃത്യനു സൗഖ്യം (8:5-13)

100 റോമന്‍ പടയാളികളുടെ അധികാരിയായ ശതാധിപന്‍ വിജാതീയനാണ്. അയാള്‍ യേശുവിനോടു പറയുന്നു: “കര്‍ത്താവേ, എന്‍റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിന വേദനയനുഭവിച്ചു വീട്ടില്‍ കിടക്കുന്നു.” ‘പായിസ്’ എന്ന ഗ്രീക്കു പദമാണ് ഭൃത്യന്‍ എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഈ പദത്തിന്  ‘ബാലന്‍,’ ‘മകന്‍’ എന്നെല്ലാം അര്‍ഥമുണ്ട്. ഈ വാക്കിനു പിറകിലുള്ള അറമായ പദം ‘താലിയാ’യ്ക്ക് കൃത്യമായും മകന്‍ എന്ന അര്‍ഥമാണുള്ളത്. യോഹന്നാൻ്റെ സുവിശേഷത്തില്‍ ഇതിനു സമാനമായ വിവരണത്തില്‍ (യോഹ.4:46-54) ‘രാജസേവകൻ്റെ മകന്‍’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ആകയാല്‍ ഭൃത്യന്‍ എന്നതിനേക്കാള്‍ മകന്‍ ആയിരിക്കാനാണ് കൂടുതല്‍ സാധ്യത; അഥവാ മകനു തുല്യം സ്നേഹിക്കുന്ന ഭൃത്യനുമാകാം. യേശു ശതാധിപനോടു പറഞ്ഞു: “ഞാന്‍ വീട്ടില്‍ വന്ന് അവനെ സുഖപ്പെടുത്താം” യഹൂദര്‍ വിജാതീയഭവനത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന നിയമത്തെ മറികടന്നുകൊണ്ടാണ് യേശു ഇങ്ങനെ സംസാരിക്കുന്നത്. വംശീയചിന്തയില്ലാതെ, യഹൂദരെയും വിജാതീയരെയും ഒരുപോലെ സ്നേഹിക്കുന്ന യേശുവിൻ്റെ ചിത്രമാണിവിടെ കാണുന്നത്. തിരിച്ചു വ്യത്യാസം കൂടാതെയുള്ള സ്നേഹമാണ് മക്കള്‍ മാതാപിതാക്കളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. ശതാധിപൻ്റെ വിനയവും വിശ്വാസവുമാണ് തുടര്‍ന്നുള്ള വാക്യങ്ങളില്‍ പ്രതിഫലിക്കുന്നത്. “കര്‍ത്താവേ, നീ വിജാതീയനായ എൻ്റെ ഭവനത്തില്‍ പ്രവേശിക്കുന്നതിനു ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മതി, എൻ്റെ ഭൃത്യന്‍ സുഖപ്പെടും.” യേശു പ്രതികരിച്ചു: “ഇതുപോലെയുള്ള വിശ്വാസം തെരഞ്ഞെടുക്കപ്പെട്ട ജനതയായ ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല.” സ്വര്‍ഗരാജ്യത്തില്‍ വചനം പാലിച്ചു ജീവിക്കുന്ന സകലരും, യഹൂദ-വിജാതീയ വ്യത്യാസമെന്യേ ഭക്ഷണത്തിനിരിക്കും എന്നു യേശു പ്രവചിക്കുന്നു. ദൈവം പക്ഷപാതം കൂടാതെ സകലരെയും സ്നേഹിക്കുന്നു. ദൈവത്തിലുള്ള വിശ്വാസവും ദൈവവചനം പാലിക്കാനുള്ള സന്നദ്ധതയുമാണ് ഒരുവനു രക്ഷ നല്കുന്നത്. ‘നീ വിശ്വസിച്ചതുപോലെ നിനക്ക് സംഭവിക്കട്ടെ’ എന്ന് യേശു അരുള്‍ ചെയ്ത നിമിഷം തന്നെ ശതാധിപൻ്റെ ഭൃത്യന്‍ സുഖംപ്രാപിച്ചു. കുടുംബങ്ങള്‍ യേശുവിൻ്റെ വചനത്തിലൂടെ സൗഖ്യം പ്രാപിക്കുന്നതിന് ഒന്നാന്തരം ഉദാഹരണമാണിത്.

പത്രോസിൻ്റെ അമ്മായിയമ്മയ്ക്ക് സൗഖ്യം; ഒപ്പം അനേകം സൗഖ്യങ്ങളും (8:14-17)

യേശു ഒരു കുടുംബത്തില്‍ ചെന്ന് സൗഖ്യം കൊടുക്കുന്ന വിവരണമാണിത്. പനി ബാധിച്ചു കിടന്ന പത്രോസിൻ്റെ അമ്മായിയമ്മയെ, കൈയില്‍ സ്പര്‍ശിച്ച് യേശു സുഖപ്പെടുത്തി. സ്നേഹപൂര്‍വമായ സ്പര്‍ശനം സൗഖ്യം പകരും. ‘അവള്‍ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു.’ സ്നേഹപൂര്‍വമായ സ്പര്‍ശനവും അലിവോടു കൂടിയ ശുശ്രൂഷയുമാണ് വ്യക്തികളെ സുഖപ്പെടുത്തുന്നത്. സൗഖ്യം പ്രാപിച്ച സഹോദരി ശുശ്രൂഷയിലൂടെ യേശുവിനും ശിഷ്യര്‍ക്കും സൗഖ്യം കൊടുക്കുന്നവളായി മാറി. സായാഹ്നത്തില്‍ യേശു അനേകം പിശാചുബാധിതരെയും രോഗികളെയും സുഖപ്പെടുത്തി. ഈ സൗഖ്യശുശ്രൂഷയെ സമാഹരിച്ചുകൊണ്ട് സുവിശേഷകന്‍ ഏശയ്യായുടെ വാക്യം ഉദ്ധരിക്കുന്നു: “അവന്‍ നമ്മുടെ ബലഹീനത ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു” (ഏശ. 53:4). യേശു രോഗികളുടെ വേദനകള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചു. ഇതിനെ, താദാത്മ്യപ്പെടുന്ന സ്നേഹമെന്നു വിളിക്കാം. ഇത്തരത്തിലുള്ള സ്നേഹം പ്രായോഗികമാക്കുമ്പോഴാണ് കുടുംബാംഗങ്ങള്‍ സൗഖ്യദായകരായിത്തീരുന്നത്.

ശിഷ്യത്വപാഠങ്ങള്‍ (8:18-28)

ദൈവത്തില്‍ ഉറപ്പിക്കപ്പെട്ടു വളരുന്ന കുടുംബമാണ് സമഗ്രമായ സൗഖ്യം പ്രാപിക്കുന്ന ഭവനം.

ശിഷ്യന്‍ ഭൗതിക വസ്തുക്കളിലോ ഭോഗങ്ങളിലോ ആശ്രയം വെക്കാതെ ദൈവത്തില്‍ മാത്രം ശരണം വെച്ചു ജീവിക്കണമെന്നു പഠിപ്പിക്കുന്ന രണ്ടു സംഭവങ്ങളാണ് ഇവിടെ വിവരിക്കുന്നത്. യേശുവിൻ്റെ ശിഷ്യനാകാന്‍ ആഗ്രഹിച്ചു വന്ന നിയമജ്ഞനോട് അവിടുന്നു പറഞ്ഞു: “കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്. മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല.” വീടും കൂടുമില്ലാതെ ചുറ്റിസഞ്ചരിക്കുന്ന തന്നെ പിഞ്ചെല്ലാന്‍ പരിപൂര്‍ണ ദാരിദ്ര്യം വരിക്കണമെന്ന് യേശു അയാളെ വെല്ലുവിളിക്കുന്നു. എന്നാല്‍, വീടും സ്വത്തു വകകളുമൊന്നുമില്ലാതെ ജീവിക്കണമെന്നല്ല യേശു ഉദ്ദേശിച്ചത്. യേശുവിന് കഫര്‍ണാമില്‍ ഒരു വീടുണ്ടായിരുന്നെന്ന് മത്തായിയുടെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു (മത്താ. 9:10,28; 13:1,36;17:25). അതിനാല്‍ പരിതാപകരമായ ദരിദ്രജീവിതമല്ല ശിഷ്യൻ്റെ ഭാഗധേയം; ‘ദാരിദ്ര്യാരൂപി’യാണ് ശിഷ്യന്‍ വരിക്കേണ്ടത്. ഭൗതികവസ്തുക്കളില്‍ ആശ്രയിക്കാതെ ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നതാണ് ദാരിദ്ര്യാരൂപി. രണ്ടാമത്തെ സംഭവത്തില്‍, തൻ്റെ പിതാവിനെ സംസ്കരിച്ചിട്ടു വരാന്‍ അനുമതി തേടുന്ന ശിഷ്യനോട് യേശു പറഞ്ഞു: “നീ എന്നെ അനുഗമിക്കുക. മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ” (8:22). ആക്ഷരികമായി മനസിലാക്കേണ്ട വചനമല്ലിത്. മരിച്ചവരെ സംസ്കരിക്കുന്നത് പുണ്യ പ്രവൃത്തിയാണ്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാനല്ല യേശു ആവശ്യപ്പെടുന്നത്. എങ്കില്‍ യേശുവിൻ്റെ വചനത്തിൻ്റെ അര്‍ഥമെന്താണ്? യേശു യഹൂദ സമൂഹത്തില്‍ നിലവിലിരുന്ന ഒരു പഴമൊഴി ഉദ്ധരിക്കുക മാത്രമാണു ചെയ്യുന്നത്. ഷിയോള്‍ (പാതാളം) എന്ന സ്ഥലത്ത് എത്തിപ്പെടുന്ന മരിച്ചവരുടെ ആത്മാക്കള്‍, മരിച്ച വ്യക്തികളെ സംസ്കരിക്കുന്ന ജോലി നിര്‍വഹിച്ചുകൊള്ളും എന്നതാണ് ഈ പഴമൊഴിയുടെ പൊരുള്‍. അതിനാല്‍ മരിച്ചവരുടെ കാര്യം അവരെ ഏല്പിച്ചേക്കൂ; ദൈവരാജ്യത്തിൻ്റെ ജോലി ചെയ്യാന്‍ തൻ്റെ പിന്നാലെ വരിക എന്നാണ് യേശു ആവശ്യപ്പെട്ടത്. ശിഷ്യന്‍ ജാഗ്രതയോടെ ദൈവരാജ്യത്തിൻ്റെ കെട്ടുപണിയില്‍ വ്യാപൃതനാകണമെന്നര്‍ഥം. ‘മരിച്ചവര്‍’ എന്നതിനെ ‘ആത്മീയമായി മരിച്ചവര്‍’ എന്നും വ്യാഖ്യാനിക്കാം. ദൈവത്തെ തിരസ്കരിച്ച്, പാപത്തിലാണ്ടു ജീവിക്കുന്നവരാണ് മരിച്ചവര്‍. അവര്‍ മരിച്ചവരെ സംസ്കരിക്കുന്നതുള്‍പ്പെടെയുള്ള ഭൗതിക കാര്യങ്ങളില്‍ രമിക്കട്ടെ. ശിഷ്യനാകട്ടെ, ദൈവരാജ്യത്തിനു ജീവിതം സമര്‍പ്പിച്ച് ക്രിസ്തുവിനു വേണ്ടി തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കട്ടെ. കുടുംബത്തിൻ്റെ കേന്ദ്രം ക്രിസ്തുവാണ്. ക്രിസ്തുവിൻ്റെ കാഴ്ചപ്പാടിലൂടെ ഭൗതിക കാര്യങ്ങള്‍ ക്രമപ്പെടുത്തി ജീവിക്കണമെന്ന പാഠമാണ് ഈ വചനത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത്. ശിഷ്യത്വവുമായി ബന്ധപ്പെട്ട ഈ രണ്ടു സംഭവങ്ങളും, ഭൗതിക മേഖലകള്‍ വെടിഞ്ഞ് ആത്മീയതയില്‍ മാത്രം ശ്രദ്ധിച്ചു ജീവിക്കണമെന്ന സന്ദേശമല്ല കുടുംബങ്ങള്‍ക്കു നല്കുന്നത്. മറിച്ച്, കുടുംബം നന്നായി പോറ്റാനാവശ്യമായ ഭൗതിക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുമ്പോള്‍ തന്നെ, ദൈവത്തിനും ദൈവരാജ്യ മൂല്യങ്ങള്‍ക്കും കേന്ദ്രസ്ഥാനവും അടിയന്തര പ്രാധാന്യവും കൊടുക്കണമെന്നാണ്. അങ്ങനെ ദൈവത്തില്‍ ഉറപ്പിക്കപ്പെട്ടു വളരുന്ന കുടുംബമാണ് സമഗ്രമായ സൗഖ്യം പ്രാപിക്കുന്ന ഭവനം.