ഓര്‍മകളുടെ നക്ഷത്രവെട്ടം

ദീര്‍ഘകാലത്തെ സഭാസേവനത്തിനുശേഷം വിശ്രമിക്കുന്ന അഭിവന്ദ്യപിതാക്കന്മാരുടെ ക്രിസ്തുമസ് ഓര്‍മകളിലൂടെ…

ചിമ്മിനിവിളക്കും പിടിച്ചൊരു പാതിരായാത്ര

മാര്‍ ജോസഫ് പവ്വത്തില്‍ (ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ചുബിഷപ്പ്)

വലിയ ആകാംക്ഷയുടെയും പ്രതീക്ഷയുടെയും കാലമായിരുന്നു ക്രിസ്തുമസ് നാളുകള്‍. തീരെ ചെറുപ്പകാലത്തെ ആഘോഷങ്ങളൊന്നും തന്നെ ഓര്‍മയിലില്ല. പക്ഷേ, സ്കൂള്‍പഠനകാലത്തെ ആഘോഷങ്ങള്‍ മനസില്‍ തെളിഞ്ഞു നില്പുണ്ട്. ഹോസ്റ്റല്‍ ജീവിതത്തിൻ്റെ വിരസതകളില്‍ നിന്നും വീട്ടിലേക്കു തിരികെ വരുന്ന സമയമാണല്ലോ ക്രിസ്തുമസ് അവധിക്കാലം. ഇന്നുള്ളതു പോലുള്ള ആഘോഷങ്ങളൊന്നും അന്നു പതിവില്ല. തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ ജീവിച്ചിരുന്നതിനാല്‍ വലിയ ആഘോഷങ്ങള്‍ക്കും സാധ്യതയില്ലായിരുന്നു. പുല്‍ക്കൂട് നിര്‍മാണം, അലങ്കാരങ്ങള്‍, കരോള്‍ പാട്ടുകള്‍ ഇതൊക്കെ അക്കാലത്ത് നന്നേ വിരളം. എങ്കിലും, പള്ളിയിലെ പുല്‍ക്കൂടുനിര്‍മാണം അന്നു യുവജനങ്ങളുടെ ആവേശമായിരുന്നു. ആഘോഷപൂര്‍വകമായ പിറവിതിരുനാള്‍ കര്‍മങ്ങളും പ്രസംഗവുമൊക്കെയാണ് കുട്ടിക്കാലത്തെ ക്രിസ്തുമസിനെ കൂടുതല്‍ ജീവസുറ്റ ഓര്‍മകളാക്കി നിലനിര്‍ത്തുന്നത്. യാത്രാക്ലേശം ഉള്ളതിനാല്‍ വളരെ വിരളമായി മാത്രമേ പാതിരാകുര്‍ബാനയില്‍ പങ്കെടുത്തിരുന്നുള്ളൂ. എന്നാല്‍ അമ്മവീട്ടില്‍ പോകുമ്പോള്‍, കൂടുതല്‍ ആളുകള്‍ അവിടെ ഉള്ളതുകൊണ്ട് എല്ലാവരുമൊരുമിച്ച് പാതിരായിലെ തിരുക്കര്‍മങ്ങള്‍ക്കു പോകും. ചിമ്മിനി വിളക്കുകളും പിടിച്ചുകൊണ്ടുള്ള അത്തരം യാത്രകള്‍ കുട്ടികള്‍ക്കു തികച്ചും ആവേശകരമായിരുന്നു. വണക്കമാസപ്രാര്‍ഥനയെത്തിച്ചും നോമ്പാചരിച്ചും ക്രിസ്തുമസിന് ഒരുങ്ങി കുര്‍ബാനയ്ക്കു പോകുന്നത് അക്കാലത്തെ മറ്റൊരു വലിയ സന്തോഷം. ആഘോഷങ്ങളേക്കാള്‍, പ്രാര്‍ഥിച്ചും നോമ്പുനോക്കിയും കുമ്പസാരിച്ചുമൊക്കെ ആത്മീയമായി ഒരുങ്ങുന്ന നാളുകളായിരുന്നു ഞങ്ങള്‍ക്കു ക്രിസ്തുമസ്. ക്രിസ്തുമസ് ദിനത്തിലെ ഏറ്റവും സന്തോഷകരമായ മറ്റൊരോര്‍മയാണ് വിഭവസമൃദ്ധമായ ഭക്ഷണം.  അന്നേദിവസം വീട്ടിലുള്ളവര്‍ക്കും ജോലിക്കാര്‍ക്കുമൊക്കെ സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കും. വീട്ടില്‍ നിന്നും മാറിനിന്നു പഠിക്കുന്ന എനിക്കാണെങ്കില്‍ ഇതേറ്റവും സന്തോഷം തരുന്ന കാര്യമാണ്. ക്രിസ്തുമസ് കാലത്ത് പോക്കറ്റ് മണിയും കിട്ടും. ഇങ്ങനെ പല കാരണങ്ങളാല്‍ ക്രിസ്തുമസ് എത്രയും പെട്ടെന്ന് എത്തിച്ചേരാന്‍ കൊതിക്കുമായിരുന്നു. ക്രിസ്തുമസാഘോഷം പൂര്‍ണമായി ആസ്വദിച്ചു തുടങ്ങിയത് സെമിനാരിക്കാലത്താണ്. ഒരേ പ്രായക്കാര്‍, ഒരേമനസോടും ഹൃദയത്തോടും ക്രിസ്തുമസിന് ഒരുങ്ങുന്നു; ആഘോഷിക്കുന്നു. എത്രമാത്രം തിളക്കമുള്ള ഓര്‍മകളാണെന്നോ അതെല്ലാം. വൈദികനായപ്പോഴും മെത്രാനായപ്പോഴുമെല്ലാം ഈ ആഘോഷങ്ങളുടെ മിഴിവേറി വന്നതേയുള്ളൂ. ഇതിനിടയിലെപ്പോഴോ ക്രിസ്തുമസ് കാര്‍ഡുകള്‍ അയയ്ക്കുന്ന ശൈലിക്കു തുടക്കമായി. ഇന്നുവരെ ആ പതിവ് തെറ്റിച്ചിട്ടില്ല.ബാഹ്യമായ ആഘോഷങ്ങളും ആഘോഷപ്രകടനങ്ങളും അന്ന് കുറവായിരുന്നെങ്കിലും, സന്തോഷത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഈ ക്രിസ്തുമസും എല്ലാവര്‍ക്കും സന്തോഷദായകമാകട്ടെ

ഉണ്ണിശോയുടെ തണുപ്പ്

മാര്‍ ജേക്കബ് തൂങ്കുഴി(തൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ചുബിഷപ്പ്)

പത്തു തൊണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മകളാണ്. ഇന്നുള്ളതുപോലെ കരോള്‍ യാത്രകളോ സമ്മാനങ്ങളുടെ കൈമാറ്റമോ എന്തിന് കേക്കു മുറിക്കല്‍ പോലും അത്ര സാധാരണമല്ലാത്ത കാലം. ക്രിസ്തുമസ് ട്രീ ഉണ്ടാക്കുന്ന പതിവ് ചിലയിടങ്ങളില്‍ ഉണ്ടായിരുന്നു. അതില്‍ വര്‍ണക്കടലാസുകള്‍ കെട്ടിത്തൂക്കും. ഇലകള്‍ക്ക് സൗരഭ്യമുള്ള ഇടനമരത്തിന്‍റെ കമ്പാണ് പലയിടങ്ങളിലും ക്രിസ്തുമസ് ട്രീയായി ഉപയോഗിച്ചിരുന്നത്. ഇലകള്‍ കുമ്പിളുപോലെയാക്കി വര്‍ണക്കടലാസുകള്‍ ഒട്ടിക്കും. പുല്‍ക്കൂട് ഉണ്ടാക്കുന്ന രീതി ചിലയിടങ്ങളിലുണ്ടായിരുന്നു. നീളമുള്ള തെരുവപ്പുല്ല് മുറിച്ചെടുക്കും. അത് നിരത്തിവെക്കുമ്പോള്‍ പുല്‍ക്കൂടായി. പുല്‍ക്കൂട്ടില്‍ വെക്കാന്‍ ഉണ്ണീശോയുടെയും മാതാവിന്‍റെയും രൂപങ്ങളൊന്നും സാധാരണവീടുകളില്‍ കാണില്ല. അന്നതൊക്കെ വലിയ ലക്ഷ്വറിയാണ്. നമ്മുടെ ഭൂരിപക്ഷം വീടുകളിലും കറണ്ട് പോലുമില്ലെന്നോര്‍ക്കുക. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്ന കാലത്തൊക്കെയാണ് കറണ്ട് വീടുകളില്‍ എത്തിത്തുടങ്ങിയത്. മണ്ണെണ്ണ വിളക്കുകളും റാന്തല്‍ വിളക്കുകളുമാണ് സാധാരണ ഉപയോഗിക്കുന്നത്. ക്രിസ്തുമസിൻ്റെ ഏറ്റവും വലിയ സന്തോഷം പാതിരാകുര്‍ബാന തന്നെയായിരുന്നു. പാതിരാകുര്‍ബാന പതിവില്ലാത്തതിനാല്‍ ഉറക്കമിളയ്ക്കാനും രാത്രിയില്‍ പള്ളിയില്‍ പോകാനും പുല്‍ക്കൂടു കണ്ടു നടക്കാനുമൊക്കെ വലിയ താത്പര്യം. ഉണ്ണീശോയെ തീ കായ്ക്കുന്ന രംഗം കാണാനായിരുന്നു ഏറ്റവുമിഷ്ടം. നല്ല തണുപ്പുള്ള ഡിസംബര്‍ മാസമല്ലേ, ഉണ്ണീശോയ്ക്കു തണുക്കുന്നുണ്ടാവും എന്നായിരുന്നു ഞങ്ങളുടെ വിചാരം. വികാരിയച്ചനും കൊച്ചച്ചനും ഉണ്ണീശോയുടെ രൂപം കൈയിലെടുത്ത് ഒരടുപ്പിനു ചുറ്റും നടക്കുന്നു. അപ്പോള്‍ ഉണ്ണീശോയ്ക്കു ചൂടുകിട്ടും. ചുറ്റും തിക്കിത്തിരക്കി നില്ക്കുന്നവര്‍ക്കും ഈ ചൂടില്‍ ഒരു പങ്കുകിട്ടും. വീടുകളില്‍ നോമ്പുനോക്കല്‍ കര്‍ശനമായിരുന്നു. മീനും ഇറച്ചിയുമൊക്കെ പൂര്‍ണമായും ഒഴിവാക്കിയുള്ള 25 ദിവസങ്ങള്‍. ഇറച്ചിക്കൊതിയന്മാര്‍ നോമ്പുവീടലിന് ദിവസങ്ങള്‍ എണ്ണി കാത്തിരിക്കും. തിരുക്കര്‍മങ്ങള്‍ തുടങ്ങുന്നതിൻ്റെ മൂന്നാം വെടികേട്ടാല്‍ ഉടനേ നോമ്പവസാനിപ്പിച്ച് ഇറച്ചി തിന്നുന്ന കൊതിയന്മാരുമുണ്ടായിരുന്നു. മറ്റുള്ളവരൊക്കെ രാവിലെയുള്ള പതിവുപ്രാതലോടെ നോമ്പ് അവസാനിപ്പിക്കും. കുഴലപ്പം, ചീപ്പപ്പം, കള്ളപ്പം തുടങ്ങിയ നാടന്‍ അപ്പങ്ങളാണ് അന്നൊക്കെ ക്രിസ്തുമസിനുള്ള പ്രധാന വിഭവങ്ങള്‍. ആഘോഷങ്ങള്‍ അധികമില്ലാതിരുന്നതിനാല്‍ കൂടുതല്‍ പേരുടെയും ശ്രദ്ധ ഉണ്ണീശോയിലേക്കായിരുന്നു. ഉണ്ണീശോയെ കാണണം, പാദത്തില്‍ മുത്തണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍. അമ്മമാര്‍ കുഞ്ഞുങ്ങളെ പൊക്കിയെടുത്താണ് ഉണ്ണീശോയുടെ പാദങ്ങളില്‍ മുത്തിച്ചിരുന്നത്. ഉണ്ണീശോയെ കണ്ടതിൻ്റെയും പാദങ്ങളില്‍ മുത്തിയതിൻ്റെയും സന്തോഷം മനസില്‍ സൂക്ഷിച്ചാണ് വീട്ടിലേക്കുള്ള മടക്കം.

ഒത്തുഒത്തുചേരലിൻ്റെ സുഗന്ധക്കൂട്ടുകൾ

മാര്‍ മാത്യു അറയ്ക്കല്‍ (കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ ബിഷപ്പ്)

ദൈവപുത്രൻ്റെ തിരുപ്പിറവി വിളിച്ചറിയിക്കുന്ന ക്രിസ്തുമസ്ദിനങ്ങള്‍, എന്‍റെ ഓര്‍മകളില്‍ ഒത്തുചേരലിൻ്റെ സുഗന്ധമുള്ളവയാണ്. ഇന്നത്തെ എരുമേലി-ശബരിമല ഹൈവേയില്‍ നിന്നും ഇത്തിരി ഉള്ളിലായി പഴയ കൊരട്ടി ദേവാലയത്തെ ചുറ്റിപ്പറ്റി അത്തരം ഓര്‍മകള്‍ വളരുന്നു. രാത്രിയില്‍ ‘പള്ളീപ്പോണം’ എന്ന കാരണവന്മാരുടെയും മുതിര്‍ന്ന സഹോദരങ്ങളുടെയും ഓര്‍മപ്പെടുത്തല്‍. വീണ്ടും മയക്കത്തിലേക്കു വഴുതുമ്പോള്‍ ഞങ്ങളെയെല്ലാം നിര്‍ബന്ധിച്ചു വിളിച്ചെഴുന്നേല്പിക്കും. വേഗം ഒരുക്കി പള്ളിയിലേക്കു കൊണ്ടു പോകും. ചൂട്ടുകറ്റയുമായി കാരണവന്മാര്‍ മുമ്പേ കാണും. വഴിവിളക്കുകളോ ടോര്‍ച്ചോ ഒന്നുംഅക്കാലത്തില്ലല്ലോ. പള്ളിയിലേക്കു പോകാനും തിരികെ വരാനും ഇത്തരം ചൂട്ടുകറ്റകള്‍ തലേന്നുതന്നെ തയാറാക്കും. പ്രദക്ഷിണത്തിനിടയിലെ തീകായല്‍ കര്‍മം നടക്കുമ്പോള്‍ ഈ ചൂട്ടുകറ്റകളും ഇടംപിടിക്കും. എന്‍റെ ചെറുപ്പത്തില്‍ വാഹനസൗകര്യമൊക്കെ വളരെ കുറവായിരുന്നു. പള്ളിയിലേക്കു പോകുമ്പോള്‍ അയല്‍പക്കക്കാരും ഞങ്ങളുമെല്ലാം ചൂട്ടിന്‍റെ വെളിച്ചത്തില്‍ കാല്‍നടയായി ക്രിസ്തുമസ് ഗാനങ്ങളൊക്കെ ആലപിച്ചാണ് പോകുന്നത്. മടങ്ങുന്നതും ഒരുമിച്ചുതന്നെ. ‘സകലജനങ്ങള്‍ക്കുമുള്ള സദ്വാര്‍ത്ത’ എന്ന വചനം ഇന്നു വായിച്ചുകേള്‍ക്കുമ്പോള്‍, ഒന്നിച്ചു നടന്നു പള്ളിയില്‍ പോയി വന്നിരുന്ന ആ കാലവും യാത്രകളും പെട്ടെന്ന് ഓര്‍മയില്‍ തെളിയും. ഇനി വീട്ടില്‍ തിരിച്ചുവന്നാലോ, 25 ദിവസത്തെ നോമ്പുകഴിഞ്ഞുള്ള വരവല്ലേ, എല്ലാരുമൊരുമിച്ച് അപ്പമുണ്ടാക്കി കഴിക്കും. ഒത്തുചേരലിൻ്റെ, പങ്കുവെക്കലിൻ്റെ പച്ചപ്പുള്ള ഓര്‍മകളാണ് സത്യത്തില്‍ എന്‍റെ ക്രിസ്തുമസ് ഓര്‍മകള്‍!