സംവരണത്തിലെ സാമൂഹികനീതി

സാമൂഹികനീതി എന്നത് ആധുനികലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നൊരു വിഷയമാണ്. ഭരണഘടനാ നിര്‍മാണസമിതിയും ഇക്കാര്യം വളരെ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ജാതി സംവരണം ഏര്‍പ്പെടുത്തിയതും. എന്നാല്‍ മുന്നാക്കജാതികളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍രംഗങ്ങളില്‍ 10 ശതമാനം സംവരണം അനുവദിക്കുന്ന ഭരണഘടനാ അനുശാസിക്കുന്ന സാമൂഹികനീതി സിദ്ധാന്തത്തിന് വിരുദ്ധമല്ലെന്നാണ് നവംബര്‍ ഏഴിനു പുറപ്പെടുവിച്ച ചരിത്രപ്രധാന വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്. സാമൂഹികനീതി എന്നതു വര്‍ഗനീതി മാത്രമല്ലെന്ന പുതിയ കാഴ്ചപ്പാടിന് ഇതു തുടക്കമിടും. ഇവിടെ സാമൂഹികനീതി വ്യക്തികളിലേക്കു കടന്നുവരികയാണ്. സമുദായമല്ല വ്യക്തിയാണ് ഗുണഭോക്താവ്. പിന്നാക്കവിഭാഗങ്ങളിലെ ക്രീമിലെയറിനെ സംവരണപരിധിക്കു പുറത്തുകൊണ്ടുവന്നത് ഇതിൻ്റെ തുടക്കമായിരുന്നു. കഴിഞ്ഞ മാസം സംവരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായൊരു വിഷയത്തിന്‍റെ കുരുക്കഴിക്കുകയായിരുന്നു സുപ്രീംകോടതി. സാമ്പത്തികസംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാബഞ്ചിൻ്റെ വിധി ഏകകണ്ഠംമായിരുന്നില്ലെങ്കിലും, ഭൂരിപക്ഷവിധി സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നതായി. മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും 10 ശതമാനം സംവരണം അനുവദിച്ചുള്ള 103-ാം ഭരണഘടനാ ഭേദഗതിയാണ് ഈ ഭൂരിപക്ഷ വിധിയിലൂടെ ഭരണഘടനാബെഞ്ച് ശരിവെച്ചിരിക്കുന്നത്. രാഷ്ട്രീയമായും സാമൂഹികമായുമൊക്കെ ഏറെ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ് വിധി. ഇതേക്കുറിച്ചു വിവിധ രാഷ്ട്രീയകക്ഷികളും മത, സാമൂഹിക സംഘടനകളും പ്രതികരിച്ചിരിക്കുന്നതു ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.
ജാതിവ്യവസ്ഥയും സാംസ്കാരിക വൈവിധ്യങ്ങളുമൊക്കെ സങ്കീര്‍ണമാക്കിയ ഇന്ത്യയുടെ സാമൂഹികസാഹചര്യങ്ങളില്‍ ദുര്‍ബലവിഭാഗങ്ങള്‍ നേരിട്ട ചരിത്രപരമായ അനീതികള്‍ പരിഹരിക്കുന്നതിനാണ് ഭരണഘടനയില്‍ സംവരണം ഉറപ്പാക്കിയത്. സ്വാതന്ത്ര്യത്തിൻ്റെ 75 വര്‍ഷം പിന്നിടുമ്പോള്‍ ദുര്‍ബലവിഭാഗങ്ങളെ സംവരണത്തിലൂടെ പൊതുധാരയിലേക്കു കൊണ്ടുവരുന്നതില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. സംവരണത്തിനു സമയപരിധി വേണമെന്നു സാമ്പത്തിക സംവരണവിധിയില്‍ ജസ്റ്റീസുമാരായ ബേല എം. ത്രിവേദിയും ജെ.ബി പര്‍ദിവാലയും അഭിപ്രായപ്പെട്ടിരുന്നു. എങ്കില്‍ മാത്രമേ വര്‍ഗരഹിതവും ജാതിരഹിതവുമായ സമൂഹനിര്‍മിതി സാധ്യമാവുകയുള്ളൂ എന്ന് ഇരുവരും ചൂണ്ടിക്കാട്ടി. സാമ്പത്തിക സംവരണത്തില്‍നിന്നു പിന്നാക്കവിഭാഗങ്ങളെ മാറ്റിനിര്‍ത്തിയതിനോടാണ് ചീഫ്  ജസ്റ്റീസ് യു.യു ലളിതും ജസ്റ്റീസ് രവീന്ദ്ര ഭട്ടും വിധിയില്‍ വിയോജിച്ചത്.
സാമ്പത്തികസംവരണവുമായി ബന്ധപ്പെട്ടു 2019 ജനുവരിയില്‍ പാർലമെൻറ് പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ വെളിച്ചത്തില്‍ 10 ശതമാനം മുന്നാക്കസംവരണം കേരള സര്‍ക്കാര്‍ നേരത്തേ ഏര്‍പ്പെടുത്തിയിരുന്നു. 2020 ഒക്ടോബര്‍ 23നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ എല്ലാ തൊഴില്‍ വിജ്ഞാപനങ്ങളിലും പിഎസ്സി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രഫഷണല്‍ കോഴ്സുകളുടെ പ്രവേശനത്തിനും പ്ലസ്ടു പ്രവേശനത്തിനും സാമ്പത്തികസംവരണം നടപ്പാക്കിക്കഴിഞ്ഞു. കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും യോഗ്യതാമാനദണ്ഡങ്ങളില്‍ വ്യത്യാസമുണ്ട്. മുന്നാക്ക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധി അങ്ങേയറ്റം ദുഃഖകരമാണെന്നായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രതികരണം. വിധി സ്വാഗതം ചെയ്ത എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ഇതു തങ്ങളുടെ നിലപാടിനു ലഭിച്ച അംഗീകാരമാണെന്നു പറയുന്നു. സുപ്രീംകോടതി വിധി നിരാശാജനകവും ഭരണഘടനയുടെ മഹത്തായ താത്പര്യങ്ങള്‍ക്കു വിരുദ്ധവുമാണെന്ന് സമസ്ത സംവരണസമിതി. ഇത് നീതിയുടെ വിജയമാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. ബിജെപി വിധിയെ സ്വാഗതം ചെയ്തപ്പോള്‍, യുപിഎ സര്‍ക്കാര്‍ 2014ല്‍ രൂപം നല്കിയ ബില്ലാണ് പിന്നീടു മോദി സര്‍ക്കാര്‍ നടപ്പാക്കിയതെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്‍റെ അവകാശവാദം. മുന്നാക്കസംവരണത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. അഭിപ്രായഭേദങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തായാലും, സുപ്രധാനമായൊരു നാഴികക്കല്ലാണ് ഈ വിധി.സംവരണാനുകൂല്യങ്ങള്‍ പലപ്പോഴും അനര്‍ഹര്‍ കൈപ്പറ്റുന്നതായി പരാതി ഉയരാറുണ്ട്. ഇത് ഒഴിവാക്കണം. സാമൂഹികമായ പിന്നാക്കാവസ്ഥ തരണം ചെയ്യുമ്പോള്‍ മറ്റു ചിലര്‍ സാമ്പത്തികാ സമത്വത്തിലേക്കു വഴുതി വീഴുന്ന ഗതി ഉണ്ടാകാനും പാടില്ല. സമൂഹത്തെ മൊത്തത്തില്‍ കാണുന്ന മാനവികതയിലേക്കാണു രാജ്യം വളരേണ്ടത്.