കേരളത്തിലെ പലസ്തീന്‍ യുദ്ധം

മ്മളാരും ഒരു യുദ്ധവും കണ്ടിട്ടില്ല. പൊള്ളലേറ്റ വടുക്കളൊന്നും നമ്മുടെ ദേഹത്തില്ല. ഇന്നോ നാളെയോ അല്ലെങ്കില്‍ മറ്റന്നാള്‍ ഒരു ബോംബു വീണ് നമ്മുടെ വീട് തകര്‍ന്നേക്കുമോയെന്നു ചിന്തിച്ച് നാം ആധി കൊണ്ടിട്ടില്ല. ഈ രാത്രി അവസാനത്തേതാകാന്‍ ഇടയുണ്ട് എന്നോര്‍ത്തല്ല നാം ഉറങ്ങാന്‍ കിടക്കുന്നത്. കാരണം നമ്മള്‍ ഒരു യുദ്ധഭൂമിയിലല്ല. പക്ഷേ, ഓരോ ദിവസവും ഈവിധ ചിന്തകളാല്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരുണ്ട്. ഗാസയിലും ഇസ്രായേലിലുമുള്ള ലക്ഷക്കണക്കിനു മനുഷ്യര്‍ അങ്ങനെയാണ്.അവര്‍ക്കു പരസ്പരം സംശയമാണ്. ഗാസയിലെ ഏതൊരാളും അരയിലൊരു തോക്ക് ഒളിപ്പിച്ചു നടക്കുന്ന ഹമാസ് തീവ്രവാദിയാണെന്ന് ഇസ്രായേല്‍ക്കാര്‍ കരുതുന്നു. തന്‍റെ ജീവിതത്തെ നരകമാക്കിയതും പറമ്പു കൈയേറിയതും ഇസ്രായേല്‍ക്കാരാണെന്ന് ഗാസയിലുള്ളവരും കരുതുന്നു. 75 വര്‍ഷത്തിലേറെയായി സമാധാനമറിയാത്ത മനുഷ്യര്‍…!

ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ കയറി ആയിരത്തിലേറെപ്പേരെ മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലുകയും, സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെ നിരവധിപേരെ ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്ത ദിവസം മുതല്‍ കേരളത്തിലും യുദ്ധമാണ്. സോഷ്യല്‍ മീഡിയകളില്‍ നിലയ്ക്കാത്ത വെടിയൊച്ചയാണ്. അവിടെ പതിവായി വിട്ടുപോകുന്ന ചിലതു പൂരിപ്പിക്കാനാണ് പൂമുഖത്തിരുന്ന് ഇന്നിത്തിരി കൂടുതലെഴുതുന്നത്.

യഹൂദര്‍ ഇസ്രായേലിലും അറബി മുസ്ലീങ്ങള്‍ പലസ്തീനിലെ ഗാസയിലും വെസ്റ്റ് ബാങ്കിലുമാണ് അധിവസിക്കുന്നത്. ഗാസയിലും വെസ്റ്റ് ബാങ്കിലുമൊക്കെ ഇസ്രായേല്‍ അധിനിവേശം നടത്തിയിട്ടുണ്ടെന്നതില്‍ സംശയമില്ല. പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ വേറെയുമുണ്ട്. പലസ്തീനിലെ അറബികളുടെ ഭൂമി അവര്‍ക്കു വിട്ടുകൊടുത്താല്‍ തീരാവുന്ന വിഷയമേ ഇക്കാര്യത്തിലുള്ളൂ എന്നു പറയുന്നവര്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളിലും മാധ്യമങ്ങളിലുമുണ്ട്. പക്ഷേ, ക്രിസ്തുവിന്‍റെ പിറവിക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവിടെ ജീവിച്ചിരുന്ന മനുഷ്യരാണ് ഇസ്രായേല്‍ക്കാര്‍. അസീറിയക്കാരുടെയും ബാബിലോണിയക്കാരുടെയും റോമാക്കാരുടെയും ആക്രമണത്താലും അധിനിവേശത്താലും അവര്‍ക്കു പലായനം ചെയ്യേണ്ടിവന്നു. യൂറോപ്പിന്‍റെ പലഭാഗങ്ങളിലായി ജീവിതം കെട്ടിപ്പടുത്ത 60 ലക്ഷം യഹൂദരെ പിന്നീട് നരാധമനായിരുന്ന ഹിറ്റ്ലര്‍ വംശഹത്യ ചെയ്തു.

ഏഴാം നൂറ്റാണ്ടിലാണ് ഇസ്ലാം മതം പലസ്തീനിലെത്തിയത്. 1517 മുതല്‍ 1917 വരെ 400 വര്‍ഷം പലസ്തീന്‍ കീഴടക്കി ഭരിച്ചത് ഓട്ടോമന്‍ സാമ്രാജ്യമാണ്. തുടര്‍ന്ന് ഒന്നാം ലോകയുദ്ധത്തിനൊടുവില്‍ നിയന്ത്രണം ബ്രിട്ടന്‍റെ കൈവശമായി. അടിമത്തത്തിലും വംശഹത്യയിലും പലായനങ്ങളിലും ലോകമെങ്ങും ചിതറിക്കിടന്ന യഹൂദര്‍ തങ്ങളുടെ ജന്മനാട്ടിലേക്കു തിരിച്ചുവരാനുള്ള നീക്കം ശക്തമാക്കുകയും, 1917ല്‍ ബാല്‍ഫോര്‍ പ്രഖ്യാപനത്തിലൂടെ യഹൂദര്‍ക്ക് ഒരു രാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിക്കുകയും ചെയ്തു. 1947ല്‍ അറബികള്‍ക്കു പലസ്തീനും യഹൂദര്‍ക്ക് ഇസ്രായേലും സ്ഥാപിക്കാന്‍ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചത് യഹൂദര്‍ അംഗീകരിച്ചെങ്കിലും അറബികള്‍ അതു തള്ളിക്കളഞ്ഞു. 1948ല്‍ ബ്രിട്ടന്‍ മടങ്ങുകയും യഹൂദര്‍ ഇസ്രായേല്‍ രാജ്യം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന്, അറബിരാജ്യങ്ങള്‍ ഇസ്രായേലിനെ പലതവണ ആക്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ പരമ്പരയില്‍ ഏറ്റവും പുതിയതാണ് ഹമാസിന്‍റെ ആക്രമണവും ഇസ്രായേലിന്‍റെ തിരിച്ചടിയും.

യഹൂദര്‍ക്കും പലസ്തീനിലെ അറബികള്‍ക്കും സ്വന്തമായൊരു രാജ്യം ആവശ്യമാണ്. ചര്‍ച്ചകളിലൂടെ അതു പരിഹരിച്ചേ തീരൂ. മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞ രക്തച്ചൊരിച്ചിലുകള്‍ ജന ങ്ങള്‍ക്കു മടുത്തു. പക്ഷേ, ഗാസയില്‍ യുദ്ധമില്ലാതായാല്‍ അതിന്‍റെ പേരില്‍ അറബി രാജ്യങ്ങളില്‍നിന്നു ഹമാസിനു ലഭിക്കുന്ന ജിഹാദ് ഫണ്ട്നിലയ്ക്കും. മാത്രമല്ല, സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള അറബി രാജ്യങ്ങളുമായി ഇസ്രായേല്‍ അടുക്കുന്നതും ഹമാസിന് അസഹനീയമാണ്. ഇതിനൊക്കെ പുറമേയാണ്‌ ഹമാസിന്‍റെ പ്രവര്‍ത്തകര്‍ കൊഴിയുന്നതും, ജെനിന്‍ ബ്രിഗേഡ്, ലയണ്‍സ് ഡെന്‍ തുടങ്ങിയ പുത്തന്‍ സംഘടനകളില്‍ ചേരുന്നതും. ഈ ആക്രമണം ഹമാസിന് അനിവാര്യമായിരുന്നു. ഹമാസിനെ ഉള്‍പ്പെടുത്തിയുള്ള സമാധാന ചര്‍ച്ചകളില്‍ പരിഹാരസാധ്യത കുറവാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

യുദ്ധത്തിന്‍റെ കെടുതികളറിയാത്ത മലയാളികളില്‍ നിന്ന് കേരളത്തിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മറച്ചുവെക്കുന്ന ചരിത്രത്തിലാണ് പലസ്‌തീൻ പ്രശ്നത്തിന്‍റെ കാതലുള്ളത്. കേരളത്തിലെ തീവ്രവാദ സംഘടനകളെ വെള്ളപൂശി വോട്ട് വീതം വെക്കുന്ന ഇവിടത്തെ രാഷ്ട്രീയക്കാര്‍, ഹമാസിനെ പോരാളികളാക്കുന്നതില്‍ അതിശയമില്ല. പക്ഷേ, നാളുകളായി ഇവരൊക്കെ സൃഷ്ടിച്ച പൊതുബോധത്തിന് ഹമാസിനെ തിരിച്ചറിയാനായിട്ടില്ല. ഈ രാഷ്ട്രീയക്കാരുടെ ആഗോള രാഷ്ട്രീയം പലസ്തീനില്‍ തളയ്ക്കപ്പെട്ടിരിക്കയാണ്.

നോക്കൂ, ആഴ്ചകള്‍ക്കു മുമ്പാണ് മുസ്ലീം രാജ്യമായ അസര്‍ബൈജാനിലെ നാഗോര്‍ണോ-കരാബാഖ് പ്രദേശത്ത് രണ്ടു സഹസ്രാബ്ദത്തിലേറെയായി ജീവിച്ചിരുന്ന അര്‍മീനിയന്‍ ക്രൈസ്തവര്‍ വംശഹത്യ ഭയന്ന് അര്‍മീനിയയിലേക്കു പലായനം ചെയ്തത്; ഗാസയിലെ നിസഹായരായ മനുഷ്യരെപ്പോലെ. നാസികള്‍ യഹൂദരെ വംശഹത്യ നടത്തുന്നതിനു മുമ്പ് 15 ലക്ഷം ക്രിസ്ത്യാനികളെ വംശഹത്യയ്ക്കിരയാക്കിയ തുര്‍ക്കിയുടെ ഓട്ടോമന്‍ പാരമ്പര്യം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധനായ തുര്‍ക്കി പ്രസിഡൻറ് തയിബ് എര്‍ദോഗന്‍റെ പിന്തുണയിലാണ് അസര്‍ബൈജാന്‍, നാഗോര്‍ണോയില്‍നിന്ന് ക്രിസ്ത്യാനികളെ ആട്ടിപ്പായിച്ചത്. അതേക്കുറിച്ച് കേരളത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രീയക്കാരന്‍ സംസാരിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? നമ്മുടെ മാധ്യമങ്ങളില്‍ അതിനൊരു പ്രാദേശികവാര്‍ത്തയുടെ സ്ഥാനം പോലുമില്ലായിരുന്നു. ജനുവരി 18ന് ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം , 2 0 2 2 ല്‍ പീഡനങ്ങൾക്കിരയായ ക്രൈസ്തവരുടെ എണ്ണം 36 കോടി. പീഡനങ്ങളില്‍ മുന്നിലുള്ളത് ഇസ്ലാമിക ഭരണമുള്ള രാജ്യങ്ങളാണ്. കേരളത്തിലെ ഏതെങ്കിലുമൊരു പത്രമോ ചാനലോ ഇക്കാര്യം ചര്‍ച്ചചെയ്തോ? പക്ഷപാതപരമായ പൊതുബോധസൃഷ്ടി എപ്രകാരമാണെന്നു തിരിച്ചറിയണം.

അന്തര്‍ദേശീയ സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിന്‍റെ രാഷ്ട്രീയവിഭാഗമായി 1987ല്‍ സ്ഥാപിക്കപ്പെട്ട ഹമാസിന്‍റെ കമാന്‍ഡര്‍ മഹ്മൂദ് അല്‍ സഹര്‍ 2022 ഡിസംബറില്‍ വീഡിയോയിലൂടെ പറഞ്ഞത്, ഇസ്രായേല്‍ തങ്ങളുടെ ആദ്യലക്ഷ്യം മാത്രമാണെന്നും, ലോകം മുഴുവന്‍ തങ്ങളുടെ നിയമത്തിന് കീഴില്‍ വരുമെന്നും, അതില്‍ ക്രിസ്ത്യാനികളും യഹൂദരുമുണ്ടാകില്ലെന്നുമാണ്. ആ വാക്കുകളുടെ അര്‍ഥം സ്വന്തം രാഷ്ട്രീയ തുരുത്തുകളില്‍ സ്വസ്ഥമായിരിക്കുന്ന താത്വിക അവലോകനക്കാര്‍ക്കു മനസിലായില്ലെങ്കിലും, ഹമാസിന്‍റെ അയല്‍ക്കാരായ ഇസ്രായേലിനു മനസിലായിട്ടുണ്ട്.

ഇസ്രായേലും പലസ്തീന്‍ ജനതകളുടെ പ്രതിനിധികളും വേണമെങ്കില്‍ അമേരിക്കയും അറബി രാജ്യങ്ങളുമൊക്കെയാണ് ഐക്യരാഷ്ട്രസഭയൊരുക്കുന്ന മേശയ്ക്കു ചുറ്റുമിരിക്കേണ്ടത്.ഗാസയിലും വെസ്റ്റ്ബാങ്കിലും ഇസ്രായേലിലും സമാധാനമാണ് വേണ്ടതെങ്കില്‍ ഹമാസും ഹിസ്ബുള്ളയും താലിബാനും അല്‍ഖ്വയ്ദയും ഇസ്ലാമിക സ്റ്റേറ്റുമൊക്കെ ഇത്തരം ചര്‍ച്ചകളില്‍ കയറിപ്പറ്റരുത്. അവര്‍ മുറിവേല്‍പ്പിച്ച മനുഷ്യരെയും രാജ്യങ്ങളെയും സുഖപ്പെടുത്തുന്നത് വരാനിരിക്കുന്ന സംവത്സരങ്ങളില്‍ ജനാധിപത്യ-മതേതര ലോകത്തിന് ശ്രമകരമായ ദൗത്യമായിരിക്കും.